പ്രതിസന്ധിയില്‍ ടെസ്ല; രണ്ട് വര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പനയില്‍ ഇടിവ്‌

പ്രതിസന്ധിയില്‍ ടെസ്ല; രണ്ട് വര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പനയില്‍ ഇടിവ്‌

ഉല്‍പാദനത്തിലെ പ്രശ്‌നങ്ങളും പണപ്പെരുപ്പവും കമ്പനിക്ക് തിരിച്ചടിയായി
Updated on
1 min read

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല രണ്ട് വര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പനയില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ഓഹരികള്‍ 3 ശതമാനത്തില്‍ കൂടുതല്‍ കുറയുകയും സ്റ്റോക്ക് മൂല്യം മൂന്നിലൊന്ന് നഷ്ടമാകുകയും ചെയ്തു.

ഉല്‍പ്പാദനത്തിലെ പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഉള്‍പ്പടെ തടസങ്ങളുടെ ഒരു പരമ്പര തന്നെ ടെസ്ല അഭിമുഖീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക്‌സാസിലും ജര്‍മനിയിലും കമ്പനിയുടെ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധിക്ക് കാരണമായി. പ്രശ്‌നം മുന്നോട്ട് പോയാല്‍ ഉല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കുമെന്നും ടെസ്ലയുടെ ലാഭത്തെ തടസപ്പെടുത്തുമെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ആഗോളതലത്തിലെ കടുത്ത പണപ്പെരുപ്പം മൂലം വാഹനത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞത്, വില്‍പ്പനയെ ബാധിച്ചിരുന്നു. ഡെലിവറികള്‍ പ്രതീക്ഷിച്ചതിലും കുറവായതോടെ, ടെസ്ലയുടെ തിളക്കം വീണ്ടും മങ്ങിയെന്നും ഇലക്ട്രിക്ക് വാഹന നിരയില്‍ മുന്നില്‍ നില്‍ക്കുന്ന ടെസ്ലയുടെ കുതിപ്പിന് തിരിച്ചടിയായെന്നും ഹാര്‍ഗ്രീവ്‌സ് ലാന്‍സ്ഡൗണ്‍ അനലിസ്റ്റ് സൂസന്ന സ്ട്രീറ്റര്‍ അഭിപ്രായപ്പെട്ടു.

ടെക്‌സാസിലെയും ബെര്‍ലിനിലെയും ടെസ്ലയുടെ പുതിയ ഫാക്ടറികളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം, ഉല്‍പ്പാദനം കാര്യക്ഷമമായി നടക്കാത്തതും കമ്പനിക്ക് തിരിച്ചടിയായി. എങ്കിലും വര്‍ഷാവസാനത്തോടെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കമ്പനിക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

logo
The Fourth
www.thefourthnews.in