ത്രസിപ്പിച്ചും ഭയപ്പെടുത്തിയും വളരുന്ന സ്റ്റാർട്ട് അപ് ബബിൾ

ത്രസിപ്പിച്ചും ഭയപ്പെടുത്തിയും വളരുന്ന സ്റ്റാർട്ട് അപ് ബബിൾ

ലാഭമില്ലാതെ പേപ്പറിൽ കാണിക്കുന്ന മൂല്യം മാത്രം വെച്ച് എത്ര കാലം ഒരു കമ്പനിയെ വളർത്താൻ കഴിയും?
Updated on
3 min read

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് 2022-ൽ ഉണ്ടായിട്ടുള്ളത്. 2019 ലെ 11,700 ൽ നിന്നും 78,000 ആയി പുത്തൻ സംരംഭങ്ങളുടെ എണ്ണം വർധിച്ചു! അതിൽ 107 എണ്ണം യൂണികോണുകളാണ്. 2021ൽ മാത്രം ഉണ്ടായത് 44 യൂണികോണുകളും 4 ഡെക്കാകോണുകളും. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ വളർന്നുകഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയുടെ ഗതി അതിവേഗത്തിലാണ്. ഒരു പരിധി വരെ ഇത് 1990 കളുടെ തുടക്കത്തിൽ ഉണ്ടായ ഡോട്ട് കോമുകളുടെ അഭൂതപൂർവമായ വളർച്ചയെ ഓർമിപ്പിക്കുന്നു.

ഡോട്ട്-കോമുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ അവയ്ക്ക് അനുകൂലമായ നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. കമ്പ്യൂട്ടറുകൾക്കും പുതിയ സാങ്കേതികവിദ്യക്കും വല്യ സ്വീകാര്യത ലഭിച്ചു. മിക്കവാറും എല്ലാ വീടുകളിലും ഓഫീസുകളിലും കമ്പ്യൂട്ടർ ഇടം കണ്ടെത്തി. ഇന്നത്തെ സ്മാർട്ഫോൺ രംഗത്തെ വളർച്ചയെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു അത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇൻറർനെറ്റ് ഉപയോഗവും ഇന്ത്യയിൽ ക്രമാതീതമായി വർദ്ധിച്ചു; 2020 ജനുവരിയിൽ സുപ്രീം കോടതി ഇന്റർനെറ്റ് ലഭ്യത ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചു. ഡാറ്റാ നിരക്കിലുണ്ടായ വൻ ഇടിവും ഇന്റർനെറ്റ് ഉപയോഗത്തിൽ വലിയ വളർച്ച ഉണ്ടാക്കിയിട്ടുണ്ട്. ഡോട്ട് കോം ബൂം ആദ്യം തുടങ്ങിയ നാളുകളിലും ഇന്റർനെറ്റിലേക്കുള്ള മെച്ചപ്പെട്ടതും വിലകുറഞ്ഞതുമായ ആക്സസ് സഹായകരമായിരുന്നു.

കോവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതങ്ങൾ സമ്പദ്‌വ്യവസ്ഥയെ ഏറെ ബാധിച്ചിരുന്നു. തകർച്ച നേരിട്ട സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനും വളർച്ചയെ സാമാന്യ നിലയിലാക്കുന്നതിനും റിസർവ് ബാങ്കിന് പലിശ നിരക്കുകൾ കുറക്കേണ്ടി വന്നു. കൂടുതൽ വായ്പകൾ നൽകാൻ ബാങ്കുകളെ പ്രോത്സാഹിപ്പിച്ചു. പുതിയ ആശയങ്ങളുള്ള ഒരുപാട് സംരംഭകർക്ക്‌ കൂടുതൽ എളുപ്പത്തിൽ ഫണ്ട് ലഭ്യമാക്കാനും അങ്ങനെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് വലിയ നിക്ഷേപം എത്താനും ഇത് കാരണമായി. ആഗോളതലത്തിൽ പിന്തുടരുന്ന ഈസി മണി പോളിസി സ്റ്റാർട്ടപ്പ് മേഖലയിലേക്ക് വിദേശ മൂലധനത്തിന്റെ ശക്തമായ ഒഴുക്ക് ഉറപ്പാക്കി.

2020-ലെ 11 ബില്യൺ ഡോളറിൽ നിന്ന്, ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപം 2021-ൽ ഏതാണ്ട് നാലിരട്ടിയായി ഉയർന്നു 42 ബില്യൺ ഡോളറായി. 90-കളുടെ തുടക്കത്തിൽ യുഎസിലുടനീളം കൂണുപോലെ മുളച്ചുപൊന്തിയ ഡോട്ട്-കോമുകളിലേക്ക് നിക്ഷേപകരുടെ പണം വൻതോതിൽ ഒഴുകിയെത്തിയതിനു സമാനമായ സാഹചര്യമാണിത്.

പല സ്റ്റാർട്ടപ്പുകളും വലിയ തുകകൾ ചിലവഴിക്കുന്നത് ബ്രാൻഡ് വാല്യൂ ഉണ്ടാക്കാനുള്ള പ്രൊമോഷനുകൾക്കും പരസ്യങ്ങൾക്കും ഉപയോക്താക്കൾക്ക് കൊടുക്കുന്ന ഡിസ്‌കൗണ്ടുകൾക്കും വേണ്ടിയാണ്

യു‌എസ്‌എയിൽ 90-കളുടെ തുടക്കത്തിൽ ദൃശ്യമായ FOMO (Fear of missing out ) പ്രവണത വലിയ രീതിയിൽ സ്റ്റാർട്ടപ്പ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. പഴയതിനേക്കാൾ എളുപ്പത്തിൽ സ്റ്റാർട്ടപ്പ് ഫണ്ട് റെയ്‌സിംഗ് നടക്കുന്നുണ്ട്. വലിയ നിക്ഷേപങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കാൻ തുടങ്ങിയതോടെ പല സ്റ്റാർട്ടപ്പുകളും വലിയ തുകകൾ ചിലവഴിക്കുന്നത് ബ്രാൻഡ് വാല്യൂ ഉണ്ടാക്കാനുള്ള പ്രൊമോഷനുകൾക്കും പരസ്യങ്ങൾക്കും ഉപയോക്താക്കൾക്ക് കൊടുക്കുന്ന ഡിസ്‌കൗണ്ടുകൾക്കും ഒക്കെ വേണ്ടിയാണ്. പലപ്പോഴും പ്രൊഡക്ടിന്റെ ക്വാളിറ്റി പോലും ഉറപ്പാക്കാതെയാണ് ഇത് ചെയ്യുന്നത് . പല റൗണ്ടുകളിലായി ഫണ്ട് റെയ്‌സ് ചെയ്യുകയാണ് രീതി. ഓരോ റൗണ്ട് കഴിയുമ്പോഴും സ്റ്റാർട്ടപ്പിന്റെ മൂല്യം പതിന്മടങ്ങു വർധിച്ചിരിക്കും. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഈ ഒരു valuation game മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. പലരും ഇന്ന് സ്റ്റാർട്ടപ്പ് തുടങ്ങുന്നത് നടത്തി ലാഭം ഉണ്ടാക്കാനല്ല, മറിച്ചു വല്യ വിലയ്ക്ക് വിൽക്കാൻ വേണ്ടി മാത്രമാണ് എന്നതാണ് ഈ പ്രവണതയുടെ ഏറ്റവു വലിയ ന്യൂനത.

പക്ഷെ അടുത്തിടെ കണ്ട ഒരു മാറ്റം നിക്ഷേപകർ തങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വിനിയോഗവും എങ്ങനെയെന്ന് ചിന്തിച്ചു തുടങ്ങിയെന്നാണ്. പല നിക്ഷേപകരും അവർ ഇൻവെസ്റ്റ് ചെയ്ത സ്റ്റാർട്ടപ്പ് കമ്പനികളെ സമയ ബന്ധിതമായി ലാഭം നേടാൻ നിർബന്ധിക്കുന്നുണ്ട്. നിക്ഷേപം നടത്തുന്നതിലും കൂടുതൽ ജാഗ്രത നിക്ഷേപകർ പുലർത്തുന്നുണ്ട്. 2021ലെ 42 ബില്യൺ ഡോളറിനെ അപേക്ഷിച്ചു, 2022ലെ ആദ്യ ഏഴു മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് 20 ബില്യൺ ഡോളർ മാത്രമാണ് നിക്ഷേപമുണ്ടായത് .

ചെറുതും വലുതുമായ സ്റ്റാർട്ട് അപ്പുകളിൽ, വേദാന്തു, ഓല, കാർസ് 24 മുതൽ മീഷോ വരെ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

കഴിഞ്ഞ വർഷം ആരംഭം മുതൽ, സ്റ്റാർട്ട് അപ്പുകൾ ചെലവ് ചുരുക്കുന്നതിനും കോർ അല്ലാത്ത വിഭാഗങ്ങൾ പ്രവർത്തനം നിർത്തുന്നതിനുമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ചെറുതും വലുതുമായ സ്റ്റാർട്ട് അപ്പുകളിൽ, വേദാന്തു, ഓല, കാർസ് 24 മുതൽ മീഷോ വരെ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ എഡ്‌ടെക്കിലെ ഭീമനായ ബൈജൂസിനും പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് . 2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ നഷ്ടം 4,500 കോടി രൂപയായി ഉയർന്നുവെന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷം, 2,500-ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നു കമ്പനി പ്രഖ്യാപിച്ചു.

Peppertap, Freshconnect, Zebpay, Jabong, Stayzilla തുടങ്ങിയ പേരുകൾ പൂർണ്ണമായും അപ്രത്യക്ഷമായി, Ola, Zomato പോലുള്ള യൂണികോണുകൾ പോലും പ്രവർത്തനങ്ങളെ വെട്ടിക്കുറച്ചു- Ola യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടി, Zomato അതിന്റെ പലചരക്ക് ഡെലിവറിയുടെ പൈലറ്റ് റൺ പ്രവർത്തനം അവസാനിപ്പിച്ചു. ഒരുകാലത്ത് വമ്പൻ വാല്വേഷനും വലിയ കോർപറേറ്റുകളുടെ പിന്തുണയും ഒക്കെ ഉണ്ടായിരുന്ന AltaVista, EToys.com, Pets.com, Ask Jeeves തുടങ്ങിയ പേരുകൾ ഇപ്പോൾ ഒരു ഓർമ്മയാണ്.

പല നിക്ഷേപകരും വാല്വേഷൻ ഗെയിമിൽ പ്രതീക്ഷിച്ചിരുന്ന പെട്ടെന്നുള്ള എക്സിറ്റ് ചില സന്ദർഭങ്ങളിൽ മാത്രമേ പ്രാവർത്തികമായുള്ളു. നേരത്തെ നിക്ഷേപം നടത്തിയവർക്ക് വലിയ വാല്വേഷനിൽ എക്സിറ്റ് ചെയ്യാൻ കഴിഞ്ഞു . എന്നാൽ വൈകി നിക്ഷേപം നടത്തിയവർക്ക് പലർക്കും എക്സിറ്റ്‌ ചെയ്യാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല കമ്പനിയുടെ വാല്വേഷന്‍ കുറയുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

2021-ലും 2022-ലും പതിനൊന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള IPO കൾ ഓഹരി വിപണിയിലെത്തി. ചിലത് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിൽ ഉൾപ്പെടുന്നു. എന്നാൽ അവരിൽ ചിലർ മാത്രമേ റീട്ടെയിൽ നിക്ഷേപകർക്ക് നിമിഷനേരത്തെ സന്തോഷത്തേക്കാൾ കൂടുതൽ നൽകിയിട്ടുള്ളൂ - ഭൂരിഭാഗവും അവരുടെ ലിസ്റ്റിംഗ് വിലയേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ഇപ്പോൾ.

ഫണ്ട് റെയ്‌സ് ചെയ്യുക എന്നത് വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രം ആണ്. അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് വിജയം ഒളിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സ്റ്റാർട്ട് അപ് ഇടം കടുത്ത പ്രതിസന്ധിയിലാണെന്ന് പറയാൻ കഴിയില്ല. PwC ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ചു, 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ $2.7 ബില്ല്യൺ എത്തിയെങ്കിലും, പ്രാരംഭ ഘട്ട നിക്ഷേപങ്ങൾ ഇപ്പോഴും നല്ല രീതിയിൽ നടക്കുന്നുണ്ട്. ഫണ്ട് റെയ്‌സ് ചെയ്യുക എന്നത് വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രം ആണ്. അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് വിജയം ഒളിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്‌പെയ്‌സിൽ നടന്നുകൊണ്ടിരിക്കുന്നതും മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഡോട്ട് കോം ബബിൾ തകർന്നപ്പോൾ സംഭവിച്ചതും തമ്മിലുള്ള സമാനതകൾ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല - എളുപ്പത്തിൽ ലഭ്യമാകുന്ന പണം, ഫാഷനബിൾ മാത്രം ആയ ആശയങ്ങൾ, വളരെ വേഗത്തിൽ നടക്കുന്ന ആവശ്യമില്ലാത്ത എക്സ്പാൻഷനുകൾ. ഇന്നേവരെ ഒരു രൂപ പോലും ലാഭം ഉണ്ടാക്കാത്ത എത്രയെത്ര കമ്പനികൾ. കമ്പനിയുടെ മൂല്യം ഉയർത്താനും ഫണ്ട് സ്വരൂപിക്കാനും മാത്രമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയ അധികം താമസിക്കാതെ തന്നെ തകരും എന്നതിൽ സംശയമില്ല. ലാഭമില്ലാതെ പേപ്പറിൽ കാണിക്കുന്ന മൂല്യം മാത്രം വെച്ച് എത്ര കാലം ഒരു കമ്പനിയെ വളർത്താൻ കഴിയും?

ഇത്തരം ആശങ്കകൾ ഉള്ളപ്പോൾ പോലും സ്റ്റാർട്ട് അപ്പുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനമാണെന്ന വസ്തുത തമസ്കരിക്കാൻ പാടില്ല. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇന്ത്യൻ സംരംഭകരുടെ മനോഭാവം, അവരുടെ നൂതനമായ ആശയങ്ങൾ. ചുറ്റുപാടുകൾ എങ്ങനെ തന്നെ ആയാലും വ്യക്തമായ ബിസിനസ്സ് മാതൃകയും ശക്തമായ നിർവ്വഹണ ശേഷിയും സാമ്പത്തിക അച്ചടക്കവുമുള്ളവർ ഉറപ്പായും വിജയിക്കുക തന്നെ ചെയ്യും.

(പേസ്‌ ടെക് ഐടി കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ലേഖിക. കോളജ് വിദ്യാർത്ഥിനിയായിരിക്കെ 19 -ആം വയസിൽ സംരംഭകയായി)

logo
The Fourth
www.thefourthnews.in