ആദ്യ മോഡല്‍ ലേലത്തിന് ഐഫോൺ ; വില ഏകദേശം 41 ലക്ഷം രൂപ

ആദ്യ മോഡല്‍ ലേലത്തിന് ഐഫോൺ ; വില ഏകദേശം 41 ലക്ഷം രൂപ

15 വർഷം മുമ്പുള്ള ഈ ഫോണിന് മൂന്നര ഇഞ്ച് ടച്ച് സ്‌ക്രീനും 2 മെഗാപിക്സൽ ക്യാമറയും എട്ട് ജിബി സ്റ്റോറേജുമാണ് ഉള്ളത്.
Updated on
1 min read

ആദ്യ മോഡൽ ഐഫോൺ ലേലം ചെയ്യാൻ ഒരുങ്ങുകയാണ് അമേരിക്കക്കാരിയായ കാരെൻ ഗ്രീൻ. കോസ്മറ്റിക് ടാറ്റൂ ആർട്ടിസ്റ്റായ കാരെന് പുതിയ ജോലി കിട്ടിയപ്പോൾ സമ്മാനമായി കിട്ടിയതാണ് ഈ ഐഫോൺ. ഇതുവരെയും ഉപയോ​ഗിച്ചിട്ടില്ലാത്ത ഫോണിന് അവർ വിലയിട്ടിരിക്കുന്നത് 50,000 ഡോളറാണ്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇത് ഏകദേശം 41 ലക്ഷം രൂപ വില വരും.

2007 ലാണ് ഐഫോൺ പുറത്തിറങ്ങുന്നത്. 15 വർഷം മുമ്പുള്ള ഈ ഫോണിന് മൂന്നര ഇഞ്ച് ടച്ച് സ്‌ക്രീനും 2 മെഗാപിക്സൽ ക്യാമറയും എട്ട് ജിബി സ്റ്റോറേജുമാണ് ഉള്ളത്. പുറത്തിറങ്ങുമ്പോള്‍ വിപണിയിൽ 599 ഡോളർ വിലയുണ്ടായിരുന്ന ഈ ഫോണാണ് ഇപ്പോള്‍ 50,000 ഡോളറിന് കാരെൻ വിൽക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ 49,225രൂപയായിരുന്നു 2007ല്‍ ഫോണിന്റെ വില.

സ്വന്തമായി മറ്റൊരു ഫോണുണ്ടായിരുന്നതിനാലും താൻ ഉപയോഗിക്കുന്ന നെറ്റ്‌വർക്കിന് ഐഫോൺ ഉപയോ​ഗിക്കാൻ കഴിയാതിരുന്നതിനാലും കാരെന്‍ സമ്മാനമായി കിട്ടിയ ഫോണ്‍ തുറന്ന് പോലും നോക്കിയിരുന്നില്ല. തന്റെ അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ അത് സൂക്ഷിച്ചുവച്ചു. ആപ്പ്‌സ്റ്റോർ ഇല്ലാത്തതും 2G നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നതുമായ ഈ ഫോൺ അന്ന് എടി ആന്റ് ടി നെറ്റ് വർക്കിൽ മാത്രം പ്രവർത്തിക്കും വിധമാണ് തയ്യാറാക്കിയിരുന്നത്.

നേരത്തെ, ഡേ ടൈം ടെലിവിഷൻ പ്രോഗ്രാമായ ദ ഡോക്ടർ & ദിവ എന്ന പരിപാടിക്കിടെ കാരന്റെ ഫോണിന് ഒരാൾ 5000 ഡോളർ വിലയിട്ടിരുന്നെങ്കിലും അന്ന് വിൽക്കാൻ കാരെന്‍ തയ്യാറായില്ല . കഴിഞ്ഞ ഒക്ടോബറിൽ എൽസിജി ഓക്ഷൻസ് എന്ന സ്ഥാപനം നടത്തിയ ലേലത്തിൽ ഇതേ മോഡൽ ഐഫോൺ 39,339 ഡോളറിന് വിറ്റു പോയിരുന്നു. ഈ വിവരം അറിഞ്ഞതിന് ശേഷമാണ് കാരെൻ ഫോൺ ലേലത്തില്‍ വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചത്. ബിസനസ് ആവശ്യത്തിനായാണ് ഫോൺ ലേലം ചെയ്യാനുള്ള തീരുമാനം. എൽസിജി ഓക്ഷൻസ് എന്ന സ്ഥാപനം തന്നെയാണ് കാരെൻ ​ഗ്രീന്റെ ലേല നടപടികളുമായി മുന്നോട്ട് പോകുന്നത്.

പണം അത്യാവശ്യമില്ലായിരുന്നെങ്കിൽ ഫോൺ വിൽക്കില്ലായിരുന്നുവെന്നാണ് കാരെൻ പറയുന്നത്. ആപ്പിൾ ഫോണുകൾ ലേലം ചെയ്യാൻ ഫെബ്രുവരി 19 വരെ സമയമുണ്ട്. 2007- ൽ ആപ്പിളിന്റെ വാർഷിക മാക്‌വേൾഡ് എക്‌സ്‌പോയിൽ സംസാരിക്കവെയാണ് ആപ്പിൾ മേധാവി സ്റ്റീവ് ജോബ്‌സ് ഐഫോണിന്റെ വരവിനെക്കുറിച്ച് പറയുന്നത്. ചരിത്രം സൃഷ്ടിക്കാൻ പോകുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർത്ഥ്യമായതാണ് പിന്നെ ലോകം കണ്ടത്.

logo
The Fourth
www.thefourthnews.in