ആഗോള സാമ്പത്തികമാന്ദ്യ ഭീതി: നിയമനങ്ങള്‍ വെട്ടിക്കുറച്ച്
ഇന്ത്യന്‍ ഐടി കമ്പനികള്‍

ആഗോള സാമ്പത്തികമാന്ദ്യ ഭീതി: നിയമനങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ ഐടി കമ്പനികള്‍

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ കമ്പനികളിലെ നിയമനം സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തില്‍ പകുതിയായി കുറഞ്ഞു
Updated on
1 min read

യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലായേക്കുമെന്ന ഭീതിയും യൂറോപ്പിനേറ്റ തിരിച്ചടിയും ഇന്ത്യന്‍ ഐടി മേഖലയിലും പ്രതിഫലിക്കുന്നു. രാജ്യത്തെ പ്രമുഖ ഐടി കമ്പനികള്‍ നിയമനങ്ങള്‍ വെട്ടികുറയ്ക്കുന്നെന്ന് റിപ്പോർട്ടുകള്‍. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ കമ്പനികളിലെ നിയമനം രണ്ടാം പാദത്തില്‍ പകുതിയായി കുറഞ്ഞു. രണ്ടാം പാദത്തില്‍ നാല് കമ്പനികളും കൂടെ ആകെ 28,836 പേരെ മാത്രമാണ് ജോലിക്കെടുത്തത്.

ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരമാണിത്. ആദ്യ പാദത്തില്‍ ആകെ നിയമിച്ചത് 52,842 പേരെയാണ്. അതായത്, ഏപ്രില്‍ മുതല്‍ ജൂൺ വരെയുള്ള കാലയളവില്‍ ഇരട്ടിയോളം നിയമനങ്ങള്‍ നടന്നിരുന്നു. രണ്ടാം പാദത്തില്‍ ഏറ്റവും കുറവ് നിയമനം നടത്തിയിരിക്കുന്നത് വിപ്രോയാണ്. ഈ കാലയളവില്‍ 605 പേരുടെ നിയമനം മാത്രമാണ് വിപ്രോയില്‍ നടന്നത്. കോവിഡിന് ശേഷം വന്‍തോതില്‍ റിക്രൂട്ട് ചെയ്തിരുന്ന സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ക്ക് മടിക്കുന്നെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഫര്‍ ലെറ്റര്‍ ലഭിച്ചതിന് ശേഷവും നിയമിതരാകാതെ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏറെയാണ്. ഓഫര്‍ ലെറ്റര്‍ ലഭിച്ചവരെയെല്ലാം പരിഗണിക്കുമെന്ന് കമ്പനികള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

10,339 പുതുമുഖങ്ങളെ നിയമിച്ചതായി എച്ച്സിഎല്ലും 20,000 പേരെ നിയമിച്ചതായി ടിസിഎസും അറിയിച്ചു

അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയെന്ന് കമ്പനികള്‍ പറയുന്നു. 10,339 പുതുമുഖങ്ങളെ നിയമിച്ചതായി എച്ച്സിഎല്ലും 20,000 പേരെ നിയമിച്ചതായി ടിസിഎസും അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 14,000 ത്തോളം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയെന്ന് വിപ്രോയും അവകാശപ്പെടുന്നു. രണ്ടാം പകുതിയിലും ഈ രീതി തുടരുമെന്നും കമ്പനികള്‍ അറിയിച്ചു.

രണ്ടാം പാദത്തില്‍ പതിനായിരത്തിലധികം പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യുമെന്ന് ടിസിഎസിന്റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് പറഞ്ഞു. മുപ്പതിനായിരത്തോളം പുതുമുഖങ്ങളെ ജോലിക്കെടുക്കുമെന്നാണ് എച്ച്സിഎല്‍ സിഇഒ സി വിജയകുമാറിന്റെ പ്രതികരണം. സാമ്പത്തിക തകര്‍ച്ച പുതുമുഖങ്ങളെ നിയമിക്കുന്നതിനെ ബാധിക്കുന്നില്ലെന്നും നിയമനം തുടരുമെന്നുമാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in