യുദ്ധ പ്രതിസന്ധിയില്‍ ഇന്ത്യന്‍ ഗോതമ്പിന് നേട്ടം; അഞ്ച് മാസത്തിനിടെ കയറ്റിയയച്ചത് 43.50 ലക്ഷം മെട്രിക് ടൺ

യുദ്ധ പ്രതിസന്ധിയില്‍ ഇന്ത്യന്‍ ഗോതമ്പിന് നേട്ടം; അഞ്ച് മാസത്തിനിടെ കയറ്റിയയച്ചത് 43.50 ലക്ഷം മെട്രിക് ടൺ

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെയാണ് ഇന്ത്യൻ ഗോതമ്പിന് ആവശ്യം വർധിച്ചത്
Updated on
1 min read

യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗോതമ്പിന് ആവശ്യക്കാരേറുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിലുണ്ടായ കയറ്റുമതിയെ അപേക്ഷിച്ച് രണ്ടിരട്ടി വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2022 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യ 43.50 ലക്ഷം മെട്രിക് ടൺ (എൽഎംടി) ഗോതമ്പാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം 20.07 ലക്ഷം മെട്രിക് ടൺ ആയിരുന്നു കയറ്റുമതി. മെയ് മാസം കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇടിവ് സംഭവിച്ചെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി നേട്ടമാണ്.

ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതോടെയാണ് ഇന്ത്യൻ ഗോതമ്പിന്റെ ആവശ്യകത വർധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഗോതമ്പ് കയറ്റുമതി രാജ്യമായിരുന്നു യുക്രെയ്ൻ. ഈ ഏപ്രിലില്‍ 14.71 ലക്ഷം മെട്രിക് ടൺ ഗോതമ്പിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നടന്നത്. അതേസമയം, കഴിഞ്ഞ ഏപ്രിലിൽ 2.42 എൽഎംടി മാത്രമായിരുന്നു കയറ്റുമതി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500 ശതമാനത്തിലധികമാണ് വര്‍ധന. മെയ് 13ന് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് 10.79 എൽഎംടി ആയി കുറഞ്ഞിരുന്നെങ്കിലും 2021 മെയ് മാസത്തിൽ കയറ്റുമതി ചെയ്ത 4.08 എൽഎംടിയെക്കാൾ 164 ശതമാനം കൂടുതലായിരുന്നു.

മെയ് മാസത്തിന് ശേഷം, ഇന്തോനേഷ്യയിലേക്കാണ് ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയച്ചത്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗോതമ്പ് ഉത്പാദനം കുറഞ്ഞതും സംഭരണത്തിലുണ്ടായ ഇടിവുമായിരുന്നു മെയ് മാസത്തിലെ നിരോധനത്തിനുണ്ടായ പ്രധാന കാരണം. എന്നിരുന്നാലും കേന്ദ്രത്തിന്റെ അനുമതിയോട് കൂടിയുള്ള കയറ്റുമതിയും ചില രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷാ ആവശ്യങ്ങൾക്ക് വേണ്ടിയുമുള്ള കയറ്റുമതിയും നടന്നിരുന്നു. കൂടാതെ മുൻകൂട്ടി ഏർപ്പെട്ട കരാറുകളുടെ ഭാഗമായും ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നു.

ഏപ്രിൽ മാസത്തിൽ 44 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ ഗോതമ്പ് കയറ്റി അയച്ചത്. ബംഗ്ലാദേശ് ആയിരുന്നു ഏറ്റവും വലിയ ഉപഭോക്താവ്. നിരോധനത്തെ തുടർന്ന് ജൂൺ മാസം കയറ്റുമതി 11 രാജ്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങി. ജൂലൈയിൽ അഞ്ച് രാജ്യങ്ങളിലേക്കും ഓഗസ്റ്റിൽ എട്ട് രാജ്യങ്ങളിലേക്കുമാണ് കയറ്റുമതി നടന്നത്.

മെയ് മാസത്തിന് ശേഷം, ഇന്തോനേഷ്യയിലേക്കാണ് ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയച്ചത്. ഇന്ത്യയിൽ നിന്നുള്ള 18 എൽഎംടി ഗോതമ്പിൽ ഏഴ് എൽഎംടിയും ഇന്തോനേഷ്യയിലേക്ക് ആയിരുന്നു. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസ കാലയളവിൽ, ബംഗ്ലാദേശ് കഴിഞ്ഞാൽ ഇന്ത്യൻ ഗോതമ്പ് ഇറക്കുമതി ചെയ്തതില്‍ രണ്ടാം സ്ഥാനത്തുള്ളതും ഇന്തോനേഷ്യയാണ്. ആട്ടയുടെ കയറ്റുമതിയും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. സൊമാലിയ, യുഎഇ, ശ്രീലങ്ക, മഡഗാസ്കർ, ജിബൂട്ടി എന്നിവയാണ് ഏറ്റവും കൂടുതൽ ഗോതമ്പ് വാങ്ങുന്ന അഞ്ച് രാജ്യങ്ങൾ.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ആഭ്യന്തര വിപണിയിൽ ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില ഗണ്യമായി വർധിച്ചിട്ടുണ്ട്. ഗോതമ്പ് മാവിന്റെ രാജ്യത്തെ ശരാശരി റീട്ടെയിൽ വില കഴിഞ്ഞ വർഷം കിലോയ്ക്ക് 30.7 രൂപയായിരുന്നെങ്കില്‍ ഒക്ടോബർ 15ന് അത് 36.23 രൂപയായി.

logo
The Fourth
www.thefourthnews.in