നോയലോ മകള്‍ മായയോ മെഹ്ലിയോ? ആരാകും രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റിനെ നയിക്കുക?
ഇന്നലെ രാത്രി അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്കു വിടചൊല്ലിയിരിക്കുകയാണ് രാജ്യം.10 ലക്ഷത്തിലേറെ പേര്‍ക്കു ജോലി നല്‍കുന്ന165 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടാറ്റ സൺസിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റിനെ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ആരായിരിക്കും ഇനി നയിക്കുകയെന്നാണ് ഇനിയുള്ള ചോദ്യം. അതിനുള്ള ഉത്തരം ഏതാനും സമയത്തിനുള്ളിൽ ടാറ്റ ട്രസ്റ്റ് യോഗത്തിൽനിന്നു പുറത്തുവരും.
രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്കു മൂന്നു പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റ, മകൾ മായ ടാറ്റ, മെഹര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഡയരക്ടർ മെഹ്ലി മിസ്ത്രി എന്നിവരാണ് അവർ. ഇതിൽ അറുപത്തിയേഴുകാരനായ നോയല്‍ ടാറ്റയ്ക്കാണ് ഏറ്റവും പ്രാമുഖ്യം കൽപ്പിക്കപ്പെടുന്നത്.
ഇതിനൊപ്പം നോയല്‍ ടാറ്റ- അലു മിസ്ത്രി ദമ്പതികളുടെ മറ്റു മക്കളായ ലിയ ടാറ്റ, നെവില്‍ ടാറ്റ എന്നിവരും മാധ്യമവാര്‍ത്തകളില്‍ നിറയുന്നു. പരമ്പരാഗതമായി, പാഴ്സികള്‍ മാത്രമേ ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ളൂ.
ടാറ്റ ട്രസ്റ്റ് ഘടന
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനിലെ രണ്ട് പ്രധാന സ്ഥാപനങ്ങള്‍. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേര്‍ന്ന് കൈവശം വെച്ചിരിക്കുന്നത്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴില്‍ മൂന്ന് ട്രസ്റ്റുകള്‍ വീതമുണ്ട്.
മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ്, ടിവിഎസ് ഗ്രൂപ്പിന്റെ വേണു ശ്രീനിവാസന്‍ എന്നിവരാണ് സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ നിലവിലെ വൈസ് ചെയര്‍മാന്‍മാര്‍. ജെഎന്‍ ടാറ്റ, നോയല്‍ ടാറ്റ, ജഹാംഗീര്‍ എച്ച്സി ജഹാംഗീര്‍, മെഹ്ലി മിസ്ത്രി, ഡാരിയസ് ഖംബത എന്നിവരാണ് മറ്റ് അംഗങ്ങള്‍. ടാറ്റ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ട്രസ്റ്റില്‍ ജെഎന്‍ മിസ്ത്രി, വിജയ് സിങ്, വേണു ശ്രീനിവാസന്‍ എന്നിവര്‍ അംഗങ്ങളാണ്. നവജ്ഭായ് രത്തന്‍ ടാറ്റ ട്രസ്റ്റില്‍ ജെഎന്‍ മിസ്ത്രി, വിജയ് സിങ്, വേണു ശ്രീനിവാസന്‍ എന്നിവര്‍ അംഗങ്ങളാണ്.
സര്‍ ദൊറാബ്ജി ആന്‍ഡ് അലൈഡ് ട്രസ്റ്റുകള്‍ക്കു കീഴില്‍ മൂന്നു ട്രസ്റ്റുകളുണ്ട്. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റില്‍ വിജയ് സിങ്ങും വേണു ശ്രീനിവാസനും വൈസ് ചെയര്‍മാന്‍മാരാണ്. പ്രമിത് ജാവേരി, നോയല്‍ ടാറ്റ, മെഹ്ലി മിസ്ത്രി, ഡാരിയസ് ഖംബത എന്നിവരാണ് മറ്റ് അംഗങ്ങള്‍. ലേഡി ടാറ്റ മെമ്മോറിയല്‍ ട്രസ്റ്റില്‍ എഫ്കെ കവരാന, പിബി ദേശായി, എം ചാണ്ടി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ജെആര്‍ഡി ടാറ്റ ട്രസ്റ്റില്‍ വിജയ് സിങ്, വേണു ശ്രീനിവാസന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും നെവില്‍ എന്‍ ടാറ്റ അംഗവുമാണ്.
1868ല്‍ ജംഷഡ്ജി നുസര്‍വാന്‍ജിയാണു ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ചത്. 1904 വരെ അദ്ദേഹമായിരുന്നു ചെയര്‍മാന്‍. തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത് അദ്ദേഹത്തിന്റെ മകനായ ദൊറാബ്ജി ടാറ്റ. ശേഷം നൌറോജി സക്‌ലത്‌വാല എന്ന ജംഷഡ്ജി ടാറ്റയുടെ സഹോദരിയുടെ മകന്‍ ചെയര്‍മാനായി. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ ജെആര്‍ഡി ടാറ്റ ചെയര്‍മാനായി. ജംഷഡ്ജി ടാറ്റയുടെ ഫസ്റ്റ് കസിനും പാര്‍ട്ണറുമായിരുന്ന രത്തന്‍ജി ദാദാഭോയ് ടാറ്റയ്ക്ക് ഫ്രഞ്ച് ഭാര്യയിലുണ്ടായ മകനാണ് ജെആര്‍ഡി എന്ന ജഹാംഗീര്‍ രത്തന്‍ജി ടാറ്റ.
ജെആര്‍ഡിക്കുശേഷമാണ് രത്തന്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ജംഷഡ്ജി ടാറ്റയുടെ മകനായ രത്തന്‍ജി ടാറ്റായുടെ ദത്തുപുത്രനായ നാവല്‍ ടാറ്റയുടെ മകനാണ് രത്തന്‍ ടാറ്റ. ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരന്‍ ജിമ്മി ടാറ്റ കുടുംബ ബിസിനസിലുകളിലൊന്നും പങ്കാളിയല്ലെന്നു മാത്രമല്ല ജനശ്രദ്ധയില്‍നിന്ന് അകന്നുനില്‍ക്കുകയുമാണ്.
ടാറ്റ സണ്‍സിന്റെയും ടാറ്റ ട്രസ്റ്റിന്റെയും ചെയര്‍മാന്‍ ഒരേ വ്യക്തിയാകുന്ന പതിവ് രത്തന്‍ ടാറ്റയാണ് അവസാനിപ്പിച്ചത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡിലില്ല. ടിവിഎസ് ഗ്രൂപ്പിന്റെ വേണു ശ്രീനിവാസന്‍, അജയ് പിരമല്‍, ജെഎല്‍ആര്‍ സിഇഒ റാല്‍ഫ് സ്‌പെത്ത്, യുണിലിവറിന്റെ മുന്‍ ആഗോള സിഒഒ ഹരീഷ് മന്‍വാനി, ഗ്രൂപ്പ് സിഎഫ്ഒ സൗരഭ് അഗര്‍വാള്‍ എന്നിവര്‍ ടാറ്റ സണ്‍സിന്റെ ബോര്‍ഡിലുണ്ട്.
ആരാണ് നോയല്‍ ടാറ്റ?
165 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഉടമ കൂടിയായ ടാറ്റ ട്രസ്റ്റിനു രത്തന്‍ ടാറ്റ പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനാല്‍ ട്രസ്റ്റ് ബോര്‍ഡിന് ട്രസ്റ്റികളില്‍നിന്ന് പുതിയ ചെയര്‍മാനെ നിയമിക്കേണ്ടിവരും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനിയാണ് നേവല്‍ എച്ച് ടാറ്റയുടെയും സിമോണ്‍ എന്‍ ടാറ്റയുടെയും മകനായ നോയല്‍ ടാറ്റ. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ് രത്തൻ ടാറ്റയുടെ അർധസഹോദരനായ അദ്ദേഹം. രത്തന്‍ ടാറ്റയുടെ അച്ഛന്‍ നാവല്‍ ടാറ്റയ്ക്ക് രണ്ട് ഭാര്യമാര്‍. ഒന്നാമത്തേത് സൂനി ടാറ്റ. രണ്ട് മക്കള്‍. രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും. നാവല്‍ ടാറ്റയുടെ രണ്ടാമത്തെ ഭാര്യയാണ് സിമോണ്‍ ടാറ്റ.
ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നോയല്‍ എന്‍ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ട്രെന്റ്, വോള്‍ട്ടാസ് ആന്‍ഡ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍ ആന്‍ഡ് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നത് ഉള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളില്‍ നോയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ടാറ്റ ഗ്രൂപ്പിന്റെ വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ് നോയല്‍ ടാറ്റ. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍2 010 ഓഗസ്റ്റിനും 2021 നവംബറിനുമിടയില്‍ 500 മില്യണ്‍ ഡോളറിന്റെ വിറ്റുവരവില്‍നിന്ന് മൂന്ന് ബില്യണ്‍ ഡോളറിലേക്ക് കമ്പനിയുടെ വളര്‍ച്ച പ്രാപിച്ചു. ഇതിനു മുന്‍പ് ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നു. കമ്പനിയുടെ വിപുലീകരണത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 1998-ല്‍ ഒരു സ്റ്റോര്‍ മാത്രമുണ്ടായിരുന്ന കമ്പനി ഇന്ന് എഴുന്നൂറിലധികം സ്റ്റോറുകളായി വളര്‍ന്നു.
യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടി നോയല്‍ ടാറ്റ ഐഎന്‍എസ്ഇഎഡിയില്‍നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.
നോയല്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമാകും. നോയലിന്റെ ഭാര്യ അലൂ മിസ്ത്രിയുടെ സഹോദരനാണ് രത്തന്‍ ടാറ്റയ്ക്കുശേഷം ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവി വഹിച്ച സൈറസ് മിസ്ത്രി. ടാറ്റ കുടുംബത്തില്‍ നിന്നല്ലാത്ത ആദ്യ ചെയര്‍മാനായ സൈറസ് മിസ്ത്രിയെ 2016 ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പ് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്യുകയായിരുന്നു.
പത്ത് വര്‍ഷമായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തമിഴ്‌നാട് സ്വദേശിയായ ചന്ദ്രശേഖറാണ്. ടാറ്റ കുടുംബവുമായി ഒരു ബന്ധവുമില്ല ചന്ദ്രശേഖറിന്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസില്‍ ജോലി തുടങ്ങിയ അദ്ദേഹം പടിപടിയായി ടാറ്റയുടെ തലപ്പത്ത് എത്തുകയായിരുന്നു. ടാറ്റ കുടുംബത്തില്‍ നിന്നല്ലാത്ത രണ്ടാമത്തെ ചെയര്‍മാനാണ് ചന്ദ്രശേഖര്‍. ടാറ്റ ഗ്രൂപ്പില്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍നിന്നു വിരമിക്കാനുള്ള പ്രായം എഴുപതും എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളില്‍നിന്ന് വിരമിക്കാനുള്ള പ്രായം അറുപത്തിയഞ്ചുമാണ്. ടാറ്റ സണ്‍സ് ചെയര്‍മാനായ അറുപത്തിയൊന്നുകാരനായ ചന്ദ്രശേഖരന് നാല് വര്‍ഷം കൂടി ബാക്കിയുണ്ട്.
വരുമോ ആദ്യ വനിതാ ചെയര്‍മാന്‍?
ലിയ ടാറ്റ, നെവില്‍ ടാറ്റ, മായ ടാറ്റ എന്നിങ്ങനെ മൂന്നു മക്കളാണ് നോയല്‍ ടാറ്റയ്ക്ക്. മൂന്നുപേരും ടാറ്റ ട്രസ്റ്റ് അംഗങ്ങളാണ്. ഇതില്‍ ഇളയമകളായ മായ ടാറ്റയാണ് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയലിനു പുറമെ ഉയരുന്ന പ്രധാന പേര്.
എംബിഎ ബിരുദധാരികളായ ലിയയും നെവിലും മായയും ജോലി ചെയ്യുന്നതു ടാറ്റ ഗ്രൂപ്പില്‍ തന്നെ. മായയുടെ തുടക്കം ടാറ്റ ഓപ്പര്‍ച്യൂണിറ്റീസിലായിരുന്നു. ലിയയുടേത് താജ് ഹോട്ടല്‍സിലും. നെവില്‍ തുടങ്ങിയത് ട്രെന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്‌സിൽ. മൂവരെയും പിന്നീട് ടാറ്റ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഡയറക്ടര്‍മാരാക്കി.
മുപ്പത്തിനാലുകാരിയായ മായ ടാറ്റ ക്യാപിറ്റലില്‍നിന്ന് ടാറ്റ ഡിജിറ്റലിലെത്തി. രണ്ടിടത്തും മികച്ച പ്രകടനമാണ് മായ കാഴ്ചവെച്ചത്. ടാറ്റയുടെ ഷോപ്പിങ് ആപ്പായ ന്യൂ ലോഞ്ച് ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. വല്യച്ഛന്‍ രത്തന്‍ ടാറ്റായുടെ ഗുഡ് ബുക്കില്‍ മൂവരുമുണ്ടെങ്കിലും മായയ്ക്കാണ് മുന്‍തൂക്കം. ഇതോടെയാണ് മായ ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് എത്തുമെന്ന അഭ്യൂഹം പരന്നിരിക്കുന്നത്.
മെഹ്ലി മിസ്ത്രിയാണു പിന്‍ഗാമിയായി ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. രത്തന്‍ ടാറ്റയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന മെഹ്‌ലി, മെഹര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഡയറക്ടറാണ്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ കസിന്‍ കൂടിയാണ് മെഹ്‌ലി.