എന്തുകൊണ്ടാണ് ടെക് ഭീമന്മാര്‍ 
കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നത്? വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളോ?

എന്തുകൊണ്ടാണ് ടെക് ഭീമന്മാര്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നത്? വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളോ?

ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്താല്‍, ഐടി സ്ഥാപനങ്ങള്‍ അവരുടെ ചെലവുകള്‍ വിലയിരുത്തി ഭാവിയില്‍ മാന്ദ്യം ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
Updated on
2 min read

കോവിഡിനെ നിയന്ത്രിക്കാനായെങ്കിലും 2023ല്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം മാന്ദ്യത്തിലായിരിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിനെ ശരിവെക്കുന്നതാണ് കഴിഞ്ഞ ഏതാനും നാളുകളായി ആഗോള കമ്പനികളില്‍ കണ്ടുവരുന്ന കൂട്ടപ്പിരിച്ചുവിടല്‍. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, മെറ്റ തുടങ്ങിയ ടെക്ക് ഭീമന്മാരും ജീവനക്കാരെ പിരിച്ചുവിടുന്നവരുടെ കൂട്ടത്തിലുണ്ട് എന്നതാണ് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ഏതൊക്കെ കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്? എന്താണ് ഇത്തരമൊരു നടപടിയിലേക്ക് നയിക്കാനുള്ള കാരണം? പരിശോധിക്കാം.

കൂട്ടപ്പിരിച്ചുവിടലിന്റെ ഏറ്റവും പുതിയ വാര്‍ത്ത ഗൂഗിളില്‍ നിന്നായിരുന്നു. മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് 12,000 ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്. ടെക്ക് കമ്പനികളില്‍ ഏറ്റവും മുന്‍നിരയില്‍ നിന്നിട്ടും പരസ്യങ്ങളുടെ ലഭ്യതക്കുറവും മറ്റും കാരണം ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതേ കാരണം ചൂണ്ടിക്കാട്ടി ആമസോണ്‍, ട്വിറ്റര്‍ എന്നിവര്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 10,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന് മെറ്റയും അറിയിച്ചിരുന്നു. പിന്നാലെയായിരുന്നു ആല്‍ഫബെറ്റിന്റെ നീക്കം.

ആമസോണ്‍

യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ നിന്ന് 18,000ത്തോളം ജീവനക്കാരെ പുറത്താക്കുമെന്നാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജസി പ്രഖ്യാപിച്ചത്. സിയാറ്റിലില്‍ നിന്നും ബെലെവ്യൂവില്‍ നിന്നും 2300 ആളുകളെ പിരിച്ചുവിട്ടു.

മൈക്രോസോഫ്റ്റ്

10,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പുറത്താക്കിയത് കഴിഞ്ഞയാഴ്ചയാണ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പിരിച്ചുവിടലിന് ശേഷവും ആറ് മാസത്തേക്ക് ആരോഗ്യ പരിരക്ഷ ഉള്‍പ്പടെ കാര്യങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. ഈ രീതിയില്‍ 100 കോടിയോളം രൂപ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ട്വിറ്റര്‍

ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷമാണ് ട്വിറ്റര്‍ സാമ്പത്തിക ഭീഷണി നേരിട്ട് തുടങ്ങിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 2022 നവംബറില്‍ ഏകദേശം 3,700 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ നൂറുകണക്കിന് പേര്‍ കമ്പനിയില്‍ നിന്നും രാജിവച്ചു. ഇനിയും പിരിച്ചുവിടല്‍ ഉണ്ടാകില്ല എന്ന് മസ്‌ക് വാക്ക് പറഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പ്രോഡക്റ്റ് ഡിവിഷന്‍ വിഭാഗത്തിലെ ഏകദേശം 50 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതോടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 2,000ല്‍ താഴെയായി കുറയും.

മെറ്റ

ആകെയുള്ള ജീവനക്കാരില്‍ 13 ശതമാനം ആളുകളെ പുറത്താക്കിക്കൊണ്ട് പിരിച്ചുവിടല്‍ പരമ്പരയിലെ ഏറ്റവും ഞെട്ടിക്കുന്ന നീക്കം നടത്തിയത് മെറ്റയാണ്. 11,000 ജീവനക്കാരെയാണ് മെറ്റാ കഴിഞ്ഞ നവംബറില്‍ പിരിച്ചുവിട്ടത്. മെറ്റായുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം.

ആപ്പിള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇനി കൂടുതല്‍ ആളുകളെ ജോലിക്ക് എടുക്കണ്ട എന്നാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്റെല്‍

300 കോടി ലാഭിക്കാം എന്ന കണക്കുകൂട്ടലില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും പുതിയ പ്ലാന്റുകളുടെ പണി മന്ദഗതിയിലാക്കുകയുമാണ് ഇന്റെല്‍ ചെയ്തത്.

അഡോബ്

സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നൂറിലധികം ആളുകളെയാണ് അഡോബ് പിരിച്ചുവിട്ടത്.

എച്ച്പി

പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡ് കുറയുന്നത് ലാഭം കുറയ്ക്കുന്നതിനാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 ജീവനക്കാരെ പിരിച്ചുവിടാനാണ് എച്ച്പിയുടെ തീരുമാനം. തൊഴിലാളികളെ ഏകദേശം 10 ശതമാനം കുറയ്ക്കുന്നതിനു പുറമേ, കമ്പനി അതിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും കുറയ്ക്കും.

ഇവയെ കൂടാതെ സ്വിഗ്ഗി, വിമിയോ, വിപ്രോ തുടങ്ങിയ സ്ഥാപനങ്ങളിലും പിരിച്ചുവിടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഒറ്റയ്ക്കും കൂട്ടമായും പല കമ്പനികളും ആളുകളെ ഒഴിവാക്കുന്നുണ്ട്.

പിരിച്ചുവിടലിലേക്ക് നയിക്കുന്ന കാരണങ്ങള്‍

സാമ്പത്തികമാന്ദ്യം എന്ന ഭയം

ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്താല്‍, ഐടി സ്ഥാപനങ്ങള്‍ അവരുടെ ചെലവുകള്‍ വിലയിരുത്തി ഭാവിയില്‍ മാന്ദ്യം ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്. 2023ല്‍ ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നത്. ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) ഇതിനോടകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുറയുന്ന ഡിമാന്‍ഡ്

പണപ്പെരുപ്പം എന്ന കാരണത്താലും ഉപഭോക്തൃ ആവശ്യങ്ങള്‍ കുറയുന്ന സാഹചര്യത്തിലും 2022ന്റെ തുടക്കം മുതല്‍ തന്നെ ലോകം വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഭൗമരാഷ്ട്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, അമേരിക്ക, യുകെ, ഇന്ത്യ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി ലോകത്തിലെ എല്ലാ പ്രധാന സമ്പദ്വ്യവസ്ഥകളിലും പണപ്പെരുപ്പം കുതിച്ചുയര്‍ന്നിരുന്നു. കോവിഡ് വന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കൂടി ആയപ്പോള്‍ സമ്പദ്വ്യവസ്ഥ മൊത്തത്തില്‍ തകര്‍ന്നു. സ്ഥിതി മെച്ചപ്പെട്ട് വന്നപ്പോഴാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിക്കുകയും വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുകയും ചെയ്തത്.

ബാങ്ക് നയങ്ങള്‍

2022ന്റെ തുടക്കം മുതല്‍ കേന്ദ്ര ബാങ്കുകള്‍ പണനയത്തില്‍ മാറ്റംവരുത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം, മിക്കവാറും എല്ലാ സെന്‍ട്രല്‍ ബാങ്കുകളും പ്രധാന പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. ആദ്യമായി നിരക്കുകള്‍ വര്‍ധിപ്പിച്ച യുഎസ് ഫെഡറല്‍ റിസര്‍വ് ഇപ്പോഴും അത് തുടരുകയാണ്. മറ്റ് സെന്‍ട്രല്‍ ബാങ്കുകളും ഇത് പിന്തുടര്‍ന്നു. അതിവേഗം പലിശ നിരക്ക് ഉയര്‍ത്തുന്ന കാര്യം ചൂണ്ടിക്കാട്ടി ലോകബാങ്ക് സമ്പദ്വ്യവസ്ഥകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളാണ് അനിവാര്യം.

നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദം

നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് ഗൂഗിള്‍ അടിയന്തരമായി ആളുകളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭവിഹിതത്തിനായി ലക്ഷ്യം വയ്ക്കാനും ഷെയര്‍ ബൈബാക്ക് വര്‍ധിപ്പിക്കാനും നഷ്ടം കുറയ്ക്കാനുമുള്ള വഴികള്‍ കണ്ടെത്തണം എന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ നവംബറില്‍ നിക്ഷേപകരായ ടിസിഐ ഫണ്ട് മാനേജ്മെന്റ് ഗൂഗിളിന് കത്ത് അയച്ചിരുന്നു.

ചെലവ് ചുരുക്കല്‍

ചെലവ് ചുരുക്കലാണ് എല്ലാ കമ്പനികളും പിരിച്ചുവിടലിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെട്ടിടം, ഓഫീസ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് അധിക തുക ചെലവാക്കേണ്ടിവരുന്നുവെന്നാണ് വിലയിരുത്തല്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും അതിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രസിസന്ധി കാരണം 2022ലാണ് പിരിച്ചുവിടല്‍ പരമ്പര തുടങ്ങുന്നത്. വര്‍ഷാവസാനത്തോടെ ഏകദേശം 80,000ത്തോളം ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ തന്നെ 17,000 ജീവനക്കാര്‍ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ ഇനിയും പിരിച്ചുവിടലുകള്‍ തുടരുമെന്നാണ് കണക്കുകൂട്ടല്‍.

logo
The Fourth
www.thefourthnews.in