ബ്രാഹ്മിൻസ് ഇനി മുതൽ അസിം ഹാഷിം പ്രേംജിയുടെ കൈകളിൽ; ബ്രാൻഡിനെ ഏറ്റെടുത്ത് വിപ്രോ

ബ്രാഹ്മിൻസ് ഇനി മുതൽ അസിം ഹാഷിം പ്രേംജിയുടെ കൈകളിൽ; ബ്രാൻഡിനെ ഏറ്റെടുത്ത് വിപ്രോ

വിപ്രോ ഏറ്റെടുക്കുന്ന 14-ാമത്തെ കമ്പനിയാണ് ബ്രാഹ്മിൻസ്
Updated on
1 min read

ബ്രാഹ്മിൻസ് ബ്രാൻഡിനെ ഏറ്റെടുത്ത് വിപ്രോ. ഭക്ഷ്യമേഖലയിലേക്ക് ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം മുതല്‍ വിപ്രോ ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രാഹ്മിന്‍സിനെ ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം. ഏറ്റെടുക്കല്‍ എത്ര രൂപയുടേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ, കേരളത്തിൽ ഏറ്റവുമധികം ഭക്ഷ്യോത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നായ നിറപറ വാങ്ങുന്നതിനുള്ള കരാറിൽ വിപ്രോ ഒപ്പുവച്ചിരുന്നു. വിപ്രോ ഏറ്റെടുക്കുന്ന 14-ാമത്തെ കമ്പനിയാണ് ബ്രാഹ്മിൻസ്. റെഡി ടു കുക്ക്, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലേക്ക് ഏറെപേരെ ആകര്‍ഷിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ടെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സിഇഒയും വിപ്രോ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടറുമായ വിനീത് അഗർവാൾ പറഞ്ഞു.

1987ലാണ് ബ്രാഹ്മിൻസ് സ്ഥാപിതമായത്. മസാല മിക്സുകൾ, അച്ചാറുകൾ, ഡെസേർട്ട് മിക്‌സുകൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. കഴിഞ്ഞ വർഷം, ഡാബർ ബാദ്ഷാ മസാലയുടെ 51% ഓഹരി 588 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. മൂന്ന് വർഷം മുമ്പ് 2,150 കോടി രൂപ മൂല്യത്തിന് സുഗന്ധവ്യഞ്ജന നിർമ്മാതാക്കളായ സൺറൈസ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനേയും ഏറ്റെടുത്തിരുന്നു.

നിലവിൽ വിപ്രോ ഏറ്റെടുക്കുന്നതിലൂടെ ബ്രാൻഡിന് അതിവേ​ഗം വളരാൻ സഹായിക്കുമെന്ന് കമ്പനിയുടെ എംഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു. ബ്രാൻഡ് വികസിപ്പിക്കുന്നതിലും ഉൽപ്പാദനം കാര്യക്ഷമമാക്കുന്നതിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപ്രോയുടെ വിപണന വൈദഗ്ധ്യവും വിതരണ ശക്തിയും ബ്രാൻഡിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സുഗന്ധവ്യഞ്ജന വിഭാഗത്തിൽ, എവറസ്റ്റ് ബ്രാൻഡിന്റെ ഉടമയായ എസ് നരേന്ദ്രകുമാറാണ് വിപണിയിൽ ഒന്നാം സ്ഥാനത്തുളളത്. തൊട്ടുപിന്നിലുളളത് എംഡിഎച്ചാണ്. കൂടാതെ, മസാല, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ ഡിഎസ് ഫുഡ്‌സ്, രാംദേവ്, ഈസ്റ്റേൺ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ വിപണിയിൽ മത്സരരം​ഗത്തുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബാബാ രാംദേവിന്റെ പതഞ്ജലി, മദേഴ്‌സ് റെസിപ്പി എന്നിവയും വിപണിയിൽ സജീവമാണ്.

വിപ്രോ ബ്രാഹ്മിൻസിനെ ഏറ്റെടുക്കുന്നതിലൂടെ കേരളത്തിലും യുകെ, യുഎസ്, ഓസ്‌ട്രേലിയ, ജിസിസി രാജ്യങ്ങളിലും അടക്കമുളള വിപണികളിൽ കമ്പനിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in