നിറപറ ഏറ്റെടുക്കാൻ വിപ്രോ; ബ്രാൻഡ് നാമം മാറ്റില്ലെന്ന് സൂചന

നിറപറ ഏറ്റെടുക്കാൻ വിപ്രോ; ബ്രാൻഡ് നാമം മാറ്റില്ലെന്ന് സൂചന

ഏറ്റെടുക്കലിന് ശേഷവും നിറപറ എന്ന ബ്രാൻഡ് നാമം മാറ്റാൻ സാധ്യതയില്ലെന്നാണ് വിവരം
Updated on
1 min read

കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പ്പന്ന ബ്രാൻഡായ നിറപറയെ ഏറ്റെടുക്കാൻ വിപ്രോ. വിപ്രോ ഗ്രൂപ്പ് നിറപറയുമായി കരാറിൽ ഒപ്പുവെച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. എഫ്എംസിജി സ്ഥാപനമായ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്(ഡബ്യുസിസിഎൽ) വഴിയാണ് ഏറ്റെടുക്കൽ. നിറപറയുടെ ഏറ്റെടുക്കലിലൂടെ വിപണിയിൽ ഇതിനകം പ്രമുഖരായ ഡാബർ, ഇമാമി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് വിപ്രോ കൺസ്യൂമർ കെയർ കൂടെ ചേരും.

ഏറ്റെടുക്കലിന് ശേഷവും നിറപറ എന്ന ബ്രാൻഡ് നാമം മാറ്റാൻ സാധ്യതയില്ലെന്നാണ് വിവരം. എന്നാൽ എത്ര രൂപയ്ക്കാണ് കരാർ നടന്നത് എന്നത് വ്യക്തമല്ല. പേഴ്‌സണൽ കെയർ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള വിപ്രോ ഭക്ഷ്യോത്പന്ന വിപണിയിലേക്ക് ചുവടുവയ്പ്പാണ് നിറപറയുടെ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. തങ്ങൾ ഏറ്റെടുക്കുന്ന പതിമൂന്നാമത് സ്ഥാപനമാണ് നിറപറയെന്നും ഇതിലൂടെ സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് മേഖലയിൽ കൃത്യമായ അടിത്തറയിടുമെന്നും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിനീത് അഗർവാൾ പറഞ്ഞു.

അരി, കറിപ്പൊടികൾ, അച്ചാർ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിലൂടെയാണ് നിറപറ വിപണി കൈയ്യടക്കുന്നത്. 1976ൽ കെ കെ കർണൻ എന്ന വ്യവസായി കാലടിയിൽ ഒരു ചെറുകിട അരി മിൽ ഫാക്ടറി സ്ഥാപിച്ചുകൊണ്ടാണ് നിറപറയുടെ തുടക്കം. പിന്നീട് അദ്ദേഹം ഈ സംരംഭം ആധുനിക അരി സംസ്കരണ മില്ലായി വികസിപ്പിക്കുകയും 1988ൽ നിറപറ എന്ന ബ്രാൻഡ് രൂപീകരിച്ച് സുഗന്ധവ്യജ്ഞന ഉത്പ്പന്നങ്ങൾ കൂടി ഇറക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്കും വിപണി വിപുലീകരിച്ചു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, കാവ്യാ മാധവൻ എന്നിവർ നിറപറയുടെ ബ്രാൻഡ് അംബാസഡർമാരായിരുന്നു.

2017-18 ൽ 400 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയിട്ടും കഴിഞ്ഞ നാല് വർഷങ്ങളിൽ കമ്പനി വൻ തിരിച്ചടി നേരിട്ടതിനെ തുടർന്ന് വിപണിയിലെ കുത്തക നഷ്ടപ്പെട്ടു. നിലവിൽ നിറപറയുടെ 63 ശതമാനം ബിസിനസും കേരളത്തിൽ നിന്നും 8 ശതമാനം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും 29 ശതമാനം അന്താരാഷ്ട്ര വിപണികളിൽ നിന്ന്, പ്രധാനമായും ജിസിസി രാജ്യങ്ങളിൽ നിന്നുമാണെന്ന് വിനീത് അഗർവാൾ പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളം ആസ്ഥാനമായുള്ള ജനപ്രിയ സോപ്പ് ബ്രാൻഡായ ചന്ദ്രിക വിപ്രോ ഏറ്റെടുത്തിരുന്നു. ടോയ്‌ലറ്ററികൾ, ഫേഷ്യൽ കെയർ ഉൽപ്പന്നങ്ങൾ, വെൽനസ് ഉൽപ്പന്നങ്ങൾ, ഹോം കെയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഗാർഹികവും വാണിജ്യപരവുമായ ലൈറ്റിംഗ്, എന്നിവയാണ് വിപ്രോയുടെ പ്രധാന വിറ്റുവരവ് സാധനങ്ങൾ. ഏറ്റവും അധികം എഫ്എംസിജി ഉത്പ്പന്നങ്ങൾ ഇറക്കുന്ന കമ്പനികളിലൊന്നാണ് വിപ്രോ. 2022 ൽ കമ്പനി 8,630 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in