ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോ; 4% പേർ പുറത്താകും

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോ; 4% പേർ പുറത്താകും

സഹസ്ഥാപകൻ മോഹിത് ഗുപ്ത ഉൾപ്പെടെയുള്ള മുൻനിര ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു
Updated on
1 min read

ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തയ്യാറെടുത്ത് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്. ചെലവ് കുറയ്ക്കാനും ലാഭം കൂട്ടാനുമായി സൊമാറ്റോ 4 % ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി മണി കണ്ട്രോൾ റിപ്പോർട്ട് ചെയ്തു. പ്രോഡക്ട് , ടെക്, മാർക്കറ്റിങ് മേഖലകളിൽ നിന്ന് നൂറോളം ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടതായാണ് വിവരം. ഈ ആഴ്ച ആദ്യം സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാർക്ക് സൂചന നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ട്.

സൊമാറ്റോ സഹസ്ഥാപകൻ മോഹിത് ഗുപ്ത ഉൾപ്പെടെയുള്ള മുൻനിര ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. നാലരവര്‍ഷത്തോളം സൊമാറ്റോയെ മുന്‍നിരയില്‍ നിന്ന് നയിച്ചയാളാണ് മോഹിത് ഗുപ്ത. സൊമാറ്റോയുടെ സിഇഒ പദവി വഹിച്ചിരുന്ന അദ്ദേഹത്തെ 2020ലാണ് സഹസ്ഥാപകന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. 'സൊമാറ്റോയില്‍ നിന്നും ഞാന്‍ പടിയിറങ്ങുകയാണ്. ജീവിതത്തില്‍ ഇനി എന്നെ കാത്തിരിക്കുന്ന മറ്റ് ചില സാഹസികതകളെ നേരിടാനാണ് തീരുമാനം', പടിയിറങ്ങലിന് പിന്നാലെ പങ്കുവെച്ച കുറിപ്പിൽ മോഹിത് ഗുപ്ത വ്യക്തമാക്കി.

സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു

അതേസമയം, രാജിവെച്ചെങ്കിലും സൊമാറ്റോയിൽ ദീർഘകാല നിക്ഷേപകനായി തന്നെ തുടരുമെന്നും അദ്ദേഹം തൻറെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞിരുന്നു. മോഹിത് ഗുപ്തക്ക് പുറമെ കമ്പനിയുടെ പുതിയ സംരംഭ മേധാവിയും മുൻ ഫുഡ് ഡെലിവറി മേധാവിയുമായ രാഹുൽ ഗഞ്ചൂ, ഇന്റർസിറ്റി ഹെഡ് സിദ്ധാർത്ഥ് ജെവാർ എന്നിവരുടെ രാജി മാനേജ്‌മെന്റ് തലത്തിലെ സ്ഥിരതയില്‍ വലിയ ആശങ്കകൾ ഉയർത്തിയിരുന്നു.

യുഎഇയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഈയാഴ്ച കമ്പനി അറിയിച്ചിരുന്നു. റസ്റ്റോറന്റ് രംഗത്ത് സേവനം വിപുലീകരിക്കുന്നതിനായാണ് വിതരണ രംഗത്തുനിന്ന് പിന്‍മാറുന്നതെന്നായിരുന്നു വിശദീകരണം. അതേസമയം, സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തില്‍ 429.6 കോടി രൂപയായിരുന്നു. അതേസമയം, വരുമാനം 1,024 കോടി രൂപയിൽ നിന്ന് 62.2 ശതമാനം വർധിച്ച് 1,661.3 കോടി രൂപയായി.

logo
The Fourth
www.thefourthnews.in