റോവ നിയെമിയിലെ സാന്റാ ക്ലോസ് ഗ്രാമം
റോവ നിയെമിയിലെ സാന്റാ ക്ലോസ് ഗ്രാമം

സാന്റായുടെ സ്വന്തം ഫിന്‍ലന്‍ഡ്

ഫിന്‍ലന്‍ഡില്‍ വർഷത്തിൽ എല്ലാ ദിവസവും നമുക്ക് സാന്റാക്ലോസിനെ കാണാം
Updated on
2 min read

എല്ലാ രാജ്യങ്ങളിലും ഡിസംബറിലെ ക്രിസ്മസ് കാലത്തു മാത്രമാണ് സാന്റാ ക്ലോസ് അവതരിക്കാറുള്ളത്. എന്നാൽ ഭൂമിയുടെ വടക്കേയറ്റത്ത് സ്വീഡനും നോർവേയ്ക്കുമിടയിൽ റഷ്യയോട് അതിരിട്ടു കിടക്കുന്ന കുഞ്ഞൻ രാജ്യമായ ഫിന്‍ലന്‍ഡില്‍ വർഷത്തിൽ എല്ലാ ദിവസവും നമുക്കു സാന്റാ ക്ലോസിനെ കാണാം. ഫിന്‍ലന്‍ഡിന്റെ തന്നെ വടക്കേയറ്റത്തുള്ള ലാപ് ലാൻഡ് എന്ന് വിളിക്കുന്ന ആർട്ടിക് സർക്കിൾ കടന്നു പോകുന്ന റോവ നിയെമിയിലെ, സാന്റാ ക്ലോസ് ഗ്രാമത്തിലെത്തണമെന്ന് മാത്രം.

ആർട്ടിക് ധ്രുവത്തോടു ചേർന്ന് കിടക്കുന്ന ലാപ്ലാന്‍ഡ് എന്ന് വിളിക്കുന്ന പ്രദേശത്തിന് ആ പേര് വരാൻ കാരണം, ആദിമ കാലത്തു തന്നെ ഇവിടെ ജീവിച്ചിരുന്ന, ഇപ്പോഴും നിലനിൽക്കുന്ന സാമി ഗോത്ര വർഗക്കാരിൽ നിന്നുമാണ്. പാരമ്പര്യമായി റെയിൻ ഡിയറുകളെ വളർത്തി ഉപജീവനം കഴിച്ചിരുന്ന സാമി മനുഷ്യരെ താരതമ്യേന ആധുനിക കാലത്തു ഇവിടേക്കെത്തിയ സ്കാന്‍ഡിനേവിയൻ മനുഷ്യർ വിളിച്ച പേരാണ് ലാപ്പ് എന്നത്. ക്രമേണ അവരുടെ വാസ സ്ഥലം ലാപ് ലാൻഡ് ആയി മാറി.

എന്നാൽ മാറിയ സാഹചര്യങ്ങളിൽ ലാപ് എന്ന വിളിപ്പേര് സാമി മനുഷ്യർ അപകീർത്തികരമായി (ഡെറോഗേറ്ററി) കരുതുന്നു. അതെന്തായാലും സവിശേഷമായ ചരിത്രവും, ദുർഘടമായ ഭൂമിശാസ്ത്രവുമുള്ള, കൊല്ലത്തിൽ ഭൂരിഭാഗം സമയവും മഞ്ഞു മൂടിക്കിടക്കുന്ന ഈ പ്രദേശം ഇന്ന് ഫിൻലന്‍ഡിലെയും, ലോകത്തിലെ തന്നെയും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

ഈ പ്രശസ്തിയ്ക്കു കാരണം ലോകമെമ്പാടുമുള്ള കുട്ടികൾ കാണാനാഗ്രഹിക്കുകയും, കത്തുകളയയ്ക്കുകയും ചെയ്യുന്ന സാന്താക്ലോസ് അപ്പൂപ്പൻ അദ്ദേഹത്തിന്റെ റെയിൻ ഡിയറുകളോടും, ചുവന്ന കൂർമ്പൻ തൊപ്പിയണിഞ്ഞ സേവകരോടുമൊപ്പം താമസിക്കുന്നത് ഇവിടെയായതു കൊണ്ടാണ് .

സാന്റാ വില്ലേജിലെ പോസ്റ്റ് ഓഫീസിൽ നിന്നും ലോകത്തിലെവിടേയ്ക്കും ഗ്രീറ്റിംഗ്‌സ് കാർഡുകൾ അയക്കാം

സാന്റാ വില്ലേജിലെ പോസ്റ്റ് ഓഫീസിൽ നിന്നും ലോകത്തിലെവിടേയ്ക്കും ഗ്രീറ്റിംഗ്‌സ് കാർഡുകൾ അയക്കാം, സാന്റയുടെ സ്വന്തം സ്റ്റാമ്പ് പതിച്ച ആശംസാ കാർഡുകൾ പ്രിയപ്പെട്ടവർക്കയക്കാൻ ഇവിടെയെത്തുന്ന സന്ദർശകർ ഉത്സാഹിക്കുന്നു. നാടോടിക്കഥകൾ പറയുന്ന സാന്റായുടെ ശരിക്കുള്ള വാസസ്ഥലം ഇപ്പൊ സാന്റാ വില്ലജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും കുറച്ച മാറി കോർവ തുൻ തുരി എന്ന, കണ്ടാൽ താഴേയ്ക്ക് ചരിഞ്ഞിരിക്കുന്ന ചെവിയെ അനുസ്മരിപ്പിക്കുന്ന ഒരു മലയിലാണ്.

ലോകത്തെമ്പാടു നിന്നും സാന്റയെ തേടിയെത്തുന്ന കുട്ടികളുടെ കത്തുകൾ സാന്റാ വില്ലേജിലെ പോസ്റ്റ് ഓഫീസിൽ എത്തുന്നുണ്ട്

അവിടെ അദ്ദേഹത്തിന്റെ സേവകരായ കുള്ളന്മാർ ഇപ്പോഴും തിരക്കിയിട്ട പണിയിലാണെന്നും ലോകമെമ്പാടുമുള്ള കുട്ടികളുടെ ആവശ്യങ്ങൾക്കനുസരിച്ചു സമ്മാനങ്ങൾ പൊതി കെട്ടി തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും ഒക്കെയാണ് കഥകൾ. അതെന്തായാലും ലോകത്തെമ്പാടു നിന്നും സാന്റയെ തേടിയെത്തുന്ന കുട്ടികളുടെ കത്തുകൾ സാന്റാ വില്ലേജിലെ പോസ്റ്റ് ഓഫീസിൽ എത്തുന്നുണ്ട്.

സാന്റാ അപ്പൂപ്പന്റ പ്രിയപ്പെട്ട റെയിൻ ഡിയറുകളും അവർ വലിയ്ക്കുന്ന തെന്നുവണ്ടിയിലെ സവാരിയും ആണ് അപൂർവമായ മറ്റൊരു അനുഭവം

ലോകത്തെമ്പാടും ഇവിടെ നിന്നും തിരിച്ചും. സാന്റാ അപ്പൂപ്പന്റ പ്രിയപ്പെട്ട റെയിൻ ഡിയറുകളും അവർ വലിയ്ക്കുന്ന തെന്നുവണ്ടിയിലെ സവാരിയും ആണ് അപൂർവമായ മറ്റൊരു അനുഭവം. സ്വതവേ അലസ പ്രകൃതക്കാരായ ഈ മൃഗങ്ങൾ ശിഖരങ്ങളുള്ള കൊമ്പു കുലുക്കി തെന്നു വണ്ടി വലിച്ചു നീങ്ങുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. തിരക്കുള്ള സമയങ്ങളിൽ മുൻകൂട്ടി സമയം നിശ്ചയിച്ചു മാത്രമേ മഞ്ഞുപോലത്തെ പഞ്ഞിത്താടിയും സമ്മാനപ്പൊതികളുമായി കുട്ടികളെ കാത്തിരിക്കുന്ന സാന്താ അപ്പൂപ്പന്റെ തടി കൊണ്ടുള്ള ക്യാബിനിൽ കയറാൻ സാധിക്കൂ. ഇവിടെ ഫോട്ടോ-വീഡിയോ എന്നിവ എടുക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. എന്നാൽ ഒരു നിശ്ചിത തുകയ്ക്ക് സാന്റായോടൊപ്പമുള്ള ഫോട്ടോയും വിഡിയോയും വാങ്ങാൻ സാധിക്കും.

ഇവിടെയെത്തുന്ന സന്ദർശകർക്ക് എന്നെന്നും സൂക്ഷിച്ചു വയ്ക്കാൻ വില മതിപ്പുള്ള ഒരു സുവനീർ കരസ്ഥമാക്കാം . റൊവാനിയമിയിലെ സാന്റാ വില്ലേജിൽ ആർട്ടിക്കിൾ സർക്കിൾ മറി കടന്നു എന്ന് രേഖപ്പെടുത്തി പേരെഴുതിയ ഒരു സർട്ടിഫിക്കറ്റ് .ഫിന്‍ലന്‍ഡില്‍ അനുഭവവേദ്യമായ വേനൽക്കാലത്തെ പാതിരാ സൂര്യനും, ശൈത്യ കാല രാത്രികളിൽ ആകാശത്തു നൃത്തം ചെയ്യുന്ന നോർത്തേൺ ലൈറ്റ്സ് എന്നും വിളിക്കപ്പെടുന്ന അറോറ ബോറീലിസിനും കാരണം ഈ ഭൂമിശാസ്ത്ര പ്രത്യേകതകൾ ആണെന് കൂടി ഓർമിക്കുമ്പോളാണ് ഭൂമിയുടെ ഒരറ്റത്തുള്ള സാന്റാ വില്ലേജ് അപൂർവമായ ടൂറിസ്റ്റ് ആകർഷണമായി മാറുന്നത് .

ഡോ. ആശാ അരവിന്ദ്- ഇന്ദിരാഗാന്ധി അറ്റോമിക് സെന്ററിൽ നിന്ന് ഗവേഷണം പൂർത്തിയാക്കിയ ശേഷം, പ്രൊഫസറും ഫിസിക്സ് റിസർച്ചറുമായി ഫിൻലാന്റിൽ ജോലി ചെയ്യുകയാണ് ഡോ. ആശ

logo
The Fourth
www.thefourthnews.in