ക്രിസ്മസിന് എങ്ങനെ ബോക്‌സിങ് വന്നു! എന്താണ് ബോക്‌സിങ് ഡേ?
കായികവാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ ഒരിക്കലെങ്കിലും കേട്ടിരിക്കാന്‍ സാധ്യതയുള്ള വാക്കാണ് 'ബോക്‌സിങ് ഡേ', അതും ക്രിസ്മസ് നാളില്‍. ഒറ്റ നോട്ടത്തില്‍, കായിക ഇനമായ ബോക്‌സിങ്ങുമായി ബന്ധം തോന്നുമെങ്കിലും, ബോക്‌സിങ് ഡേയ്ക്ക് അതുമായി യാതൊരു ബന്ധവുമില്ല. ക്രിസ്മസ് കഴിഞ്ഞുവരുന്ന ഒരു ദിവസം മാത്രമാണ് ബോക്‌സിങ് ഡേ. ഡിസംബര്‍ 26നാണ് അത്തരമൊരു വിശേഷണം ഉള്ളത്. എങ്ങനെ അത്തരമൊരു പേര് വന്നു എന്ന് ചോദിച്ചാല്‍, വ്യക്തമായ ഉത്തരം ലഭ്യമല്ല. എന്നിരുന്നാലും ബോക്‌സിങ് ഡേയുമായി ബന്ധപ്പെട്ട് ഒന്നിലധികം കഥകളുണ്ട്.
ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് പ്രധാനമായും ബോക്‌സിങ് ഡേ ആചരിക്കുന്നത്.
1833 മുതല്‍ വിദേശ രാജ്യങ്ങളില്‍ ബോക്‌സിങ് ഡേ ആചരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രധാനമായും ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ബോക്‌സിങ് ഡേ ആചരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്ക് ഈ ദിവസങ്ങളില്‍ അവധി നല്‍കാറുണ്ട്. ആളുകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും സമ്മാനം നല്‍കുവാനും അവരുടെ വീടുകള്‍ സന്ദര്‍ശിക്കാനും ഇതേ ദിവസമാണ് തിരഞ്ഞെടുക്കുന്നത്. സമ്മാനങ്ങള്‍ അടങ്ങുന്ന പൊതി (ബോക്‌സ്) സമ്മാനിക്കുന്ന ദിവസം എന്ന നിലയിലാണ് ഈ ദിവസം 'ബോക്‌സിങ് ഡേ' ആയി മാറിയത്. ക്രിസ്മസ് പിറ്റേന്ന് ശനിയോ ഞായറോ ആണെങ്കില്‍, തുടര്‍ന്നുവരുന്ന തിങ്കള്‍ ആയിരിക്കും ബോക്‌സിങ് ഡേ ആയി കണക്കാക്കുക.
ക്രിസ്മസ് പിറ്റേന്ന് ശനിയോ ഞായറോ ആണെങ്കില്‍, തുടര്‍ന്നുവരുന്ന തിങ്കള്‍ ആയിരിക്കും ബോക്‌സിങ് ഡേ ആയി കണക്കാക്കുക
നിരാലംബരെ സഹായിക്കാന്‍ തിരഞ്ഞെടുക്കുന്ന ദിവസമെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ക്രിസ്മസ് ദിവസം പാവപ്പെട്ടവരെ സഹായിക്കാന്‍ പള്ളികളില്‍ പെട്ടികള്‍ വയ്ക്കുന്ന രീതി വിദേശ രാജ്യങ്ങളിലുണ്ട്. പണമായും സാധനങ്ങളുമായും അന്നേ ദിവസം പെട്ടികളില്‍ വീഴുന്ന സഹായങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ക്രിസ്മസ് കഴിഞ്ഞുള്ള ദിവസമാണ്. അതും ബോക്‌സിങ് ഡേ എന്ന വിശേഷണത്തിന് കാരണമായി പറയപ്പെടുന്നു.
ബോക്‌സിങ് ഡേയെ കപ്പല്‍ യാത്രയുമായി ചേര്‍ത്തും പറയാറുണ്ട്. ഒരു കപ്പല്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പായി ശുഭയാത്ര പ്രതീക്ഷിച്ച് ഒരു പണപ്പെട്ടി കപ്പലില്‍ കരുതും. പിന്നീട് യാത്ര പൂര്‍ത്തിയാക്കി എത്തുമ്പോള്‍ ഇത് പള്ളിയില്‍ സമര്‍പ്പിക്കും. ക്രിസ്മസ് ദിനത്തില്‍ പള്ളി വികാരി പെട്ടിയിലെ തുക പാവങ്ങള്‍ക്ക് വിതരണം ചെയ്യുമത്രേ.
കായികയിനവുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും വിവിധ കായികയിനങ്ങളിലെ പ്രധാന മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്.
കായികയിനവുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും വിവിധ കായികയിനങ്ങളിലെ പ്രധാന മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്. പ്രീമിയര്‍ ലീഗിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍, കുതിരയോട്ടം, ഐസ് ഹോക്കി, റഗ്ബി മത്സരങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. ബ്രിട്ടനില്‍ ബോക്‌സിങ് ഡേയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കായിക വിനോദമായിരുന്നു നായാട്ട്. പക്ഷെ 2005ല്‍ ബ്രിട്ടന്‍ നായാട്ടിന് മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇപ്പോഴത് ചടങ്ങ് മാത്രമായി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ മൈതാനത്ത് ഇതേ ദിവസം നടക്കുന്ന ക്രിക്കറ്റ് മത്സരം ഏറെ പ്രശസ്തമാണ്.