ഇന്ത്യയിൽ വിദേശ സർവകലാശാലാ ക്യാംപസ് വരുന്നു; ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ സര്‍വകലാശാല അടുത്ത വർഷം പ്രവർത്തനം തുടങ്ങും
ഇന്ത്യയില്‍ വിദേശ സര്‍വകലാശാലയുടെ ആദ്യ ക്യാംപസ് ഒരുങ്ങുകയാണ് ഗുജറാത്തില്‍. ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ സര്‍വകലാശാലയാണ് ഇന്ത്യയില്‍ ക്യാംപസ് ഒരുക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് എട്ടിന് ഉണ്ടായേക്കുമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ വിദേശ സര്‍വകലാശാലയുടെ ക്യാംപസുകള്‍ അനുവദിക്കാനുള്ള നീക്കം 1990 മുതല്‍ ആരംഭിച്ചതാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന തര്‍ക്കവിഷയമാണ് ഇത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. 2020ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്‌റെ ഭാഗമായാണ് വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലെത്തിക്കുമെന്ന പ്രഖ്യപനം മോദി സര്‍ക്കാര്‍ നടത്തുന്നത്. തുടര്‍ന്ന് 2022 ബജറ്റില്‍ ഗിഫ്റ്റ് സിറ്റി പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് വിദേശ സര്‍വകലാശാലയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള ചട്ട രൂപീകരണം സംബന്ധിച്ച് യുജിസി പ്രഖ്യാപനം നടത്തിയത്. ഒടുവില്‍ ഡീക്കനിലൂടെ ആദ്യ വിദേശ സര്‍വകലാശാല ഇന്ത്യയിലെത്തുകയാണ്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായ ആന്റണി നോര്‍മന്‍ അല്‍ബനീസീന്‌റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ചാകും ക്യാംപസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാകും ക്യാംപസിന്‌റെ പ്രവര്‍ത്തനം, ക്യു എസ് ലോക സര്‍വകലാശാലാ റാങ്കിങ്ങില്‍ 266ാം സ്ഥാനത്തുള്ള സര്‍വകലാശാലയാണ് ഡീക്കിന്‍. രണ്ട് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളാണ് ഇന്ത്യയില്‍ ക്യാംപസ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ധാരണിലെത്തിയതെന്നാണ് വിവരം. ഇതില്‍ ഡീക്കിന്‍ ആദ്യ ക്യാംപസ് ഒരുക്കും.
ക്യാമ്പസ് ആരംഭിക്കുന്നതിനായി ഗിഫ്റ്റ് സിറ്റിയുമായി ഡീക്കിന്‍ സര്‍വകലാശാല ആശയവിനിയമം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ക്യാംപസ് ആരംഭിക്കാനാകുമെന്നാണ് വ്യക്തമാവുന്നത്. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കായിരിക്കും ആദ്യം പ്രവേശനം നടത്തുക.
ഓസ്‌ട്രേലിയയില്‍ സര്‍വകലാശാലയ്ക്ക് നാല് ക്യാംപസുകളാണ് ഉള്ളത്. മെല്‍ബണ്‍, ഗീലോങ്, വര്‍ണാംബൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപസുകള്‍ പ്രവര്‍ത്തിക്കുന്നത്. 60,000 വിദ്യാര്‍ഥികളാണ് ഡീക്കണ്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്നത്. 132 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇിവിടെയുണ്ട്. ഇതില്‍ 27 ശതമാനം പേരും ഇന്ത്യന്‍ വംശജരാണ്. വോളോങ്‌ഗോങ് സര്‍വകലാശാലയാണ് ഇന്ത്യയില്‍ ക്യാംപസ് തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച രണ്ടാമത്തെ സര്‍വകലാശാല.