പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജ്യത്ത് വിദ്യാഭ്യാസ ചെലവേറുന്നു; സ്‌കൂള്‍ പഠനത്തിനായി വേണ്ടിവരുന്നത് 30 ലക്ഷം

കോളേജ് വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ ചെലവാക്കേണ്ടിവരുന്നത് ഒരു കോടിയോളം
Updated on
2 min read

കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ കുടുംബ ബജറ്റിന്റെ ഒരു ഭാഗം അതിനായി നീക്കിവെയ്ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിലവിലുളളത്. സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കാന്‍, ഒരു കുട്ടിക്ക് 17 വയസാവുമ്പോഴേക്കും 30 ലക്ഷം രൂപയോളം ചിലവ് വരുന്നു എന്നാണ് എക്കണോമിക്ക് ടൈംസ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

നഗരപ്രദേശങ്ങളില്‍ ഒരു കുട്ടിയുടെ അഡ്മിഷന് ഏകദേശം 25000 മുതല്‍ 75000 വരെ വാങ്ങുന്ന സ്‌കൂളുകള്‍ ഉണ്ട്. കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയെക്കൂടി അതേ സ്‌കൂളില്‍ ചേര്‍ത്താല്‍ 10000 മുതല്‍ 20000 വരേ ഡൊണേഷനില്‍ ഇളവ് നല്‍കുന്ന സ്‌കൂളുകളും ഉണ്ട്. പ്രീ സ്‌കുളുകളായ കിന്റര്‍ ഗാര്‍ട്ടനിലും നഴ്സറിയിലുമെല്ലാം ചേര്‍ക്കുന്നതിന് 60,000 മുതല്‍ 1.5 ലക്ഷം വരെ ട്യൂഷന്‍ ഫീ നഗരങ്ങളിലെ സ്‌കൂളുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ജോലിയുളള മാതാപിതാക്കള്‍ക്ക് ആശ്വാസമാണ് ഡേ കെയറുകള്‍. മെട്രോ സിറ്റികളിലെ ഡേ കെയറുകള്‍ ഒരു ദിവസത്തിന് 5000 മുതല്‍ 8500 രൂപ വരെയാണ് വാങ്ങുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് തന്നെ അഞ്ച് ലക്ഷം രൂപ വരെ നീക്കിവെയ്ക്കേണ്ട അവസ്ഥയാണിപ്പോഴുളളത്. അഞ്ച് മുതല്‍ ഏഴ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് വാര്‍ഷിക ട്യൂഷന്‍ ഫീസായി തന്നെ നല്‍കേണ്ടി വരുന്നത് 1.5 ലക്ഷം മുതല്‍ 1.8 ലക്ഷം വരെയാണ്. പഠിച്ചിറങ്ങുമ്പോഴേക്കും 9.5 ലക്ഷം ചെലവ് വരുന്നു എന്നാണ് ഇ ടി പഠനം വ്യക്തമാക്കുന്നത്.

പതിനൊന്നാം തരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്, ഒരു ടേമിലേക്കുള്ള പുസ്‌കത്തിന് മാത്രം 1500 മുതല്‍ 2500 രൂപ വരെ നല്‍കേണ്ടി വരുന്നു എന്നത് സ്വകാര്യ സ്ഥാപനങ്ങളിലെ കഴുത്തറപ്പന്‍ നയങ്ങളെക്കുറിച്ച് വ്യക്തമായ രൂപം നല്‍കുന്നു. ഇതിനെല്ലാം പുറമേ യാത്രാ ചെലവിന് 25000 രൂപ അധിക ചെലവും വരുന്നു. പെട്രോളിന് വില വര്‍ധിച്ചതിലൂടെ അധിക ചെലവിലും വര്‍ധന ഉണ്ടായിട്ടുണ്ട്.

ഒരു ഇടത്തരം കുടുംബത്തിന് കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി മുന്‍കൂട്ടി പണം കണ്ടെത്തേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്. സ്‌കൂള്‍ പഠനത്തേക്കാള്‍ ചിലവേറിയതാണ് കോളേജ് പഠനം. നാലു വര്‍ഷത്തെ ബിടെക്ക് പഠനത്തിന് 4 മുതല്‍ 20 ലക്ഷം വരെയാണ് പ്രതിവര്‍ഷം ചെലവ് വരുന്നത്. ജെഇഇ പോലുളള പ്രവേശന പരീക്ഷകള്‍ക്കാകട്ടെ 30000 മുതല്‍ 5 ലക്ഷം വരെയാണ് ചെലവാവുന്നത്. ചാറ്റേര്‍ഡ് അക്കൗണ്ടന്‍സ് കോഴ്‌സിന് 86,000 രൂപ കൂടാതെ കോച്ചിങ്ങ് ഫീസും ഉള്‍ക്കൊളളുന്നതാണ് ചെലവ്. ചിലര്‍ വിദേശ കോളേജുകളിലെ സ്‌കോളര്‍ഷിപ്പുകളില്‍ പ്രതീക്ഷ വയ്ക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് വായ്പകളാണ് ആശ്രയം. ഇതെല്ലാം പൂര്‍ത്തിയാക്കാനായി മാതാപിതാക്കള്‍ അവരുടെ ചെറിയ വലിയ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു.

logo
The Fourth
www.thefourthnews.in