എസ്എഫ്ഐ നേതാവ് ആള്‍മാറാട്ടം നടത്തിയത് പ്രായം കൂടുതലായതിനാൽ; 22 വയസ് കഴിഞ്ഞവര്‍ക്ക് മത്സരിക്കാനാവില്ല, രേഖകള്‍ പുറത്ത്
വളഞ്ഞവഴിയില്‍ കേരള സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറാകാന്‍ ശ്രമിച്ച എസ്എഫ്ഐ നേതാവ് എ വിശാഖ് എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല? യുയുസിയായി തിരഞ്ഞെടുക്കപ്പെട്ട അനഘയക്ക് പകരം വിശാഖിന് മത്സരിക്കാമായിരുന്നില്ലേ?
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ എസ്എഫ്ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ വാര്‍ത്ത പുറത്തുവന്നതുമുതല്‍ പലര്‍ക്കും തോന്നിയ സംശയമായിരിക്കും ഇത്. പ്രത്യേകിച്ച് കാട്ടാക്കട കോളേജില്‍ എസ്എഫ്ഐ പാനലില്‍ ആര് നിന്നാലും യുയുസി പദവിയില്‍ വിജയിക്കും എന്നുറപ്പുള്ള സാഹചര്യത്തില്‍.
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ലിങ്ദോ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 22 വയസാണ് യുയുസി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. സര്‍വകലാശാലയില്‍ വിശാഖ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 1998 സെപ്റ്റംബർ 25 ആണ് ജനനതീയതി, അതായത് നാല് മാസം കൂടി കഴിയുമ്പോള്‍ 25 വയസാകും. അതുകൊണ്ടാണ് കേരള യൂണിവേഴ്സിറ്റിയുടെ യൂണിയന്‍ ഭാരവാഹിയാകുമെന്ന് ഉറപ്പുണ്ടായിട്ടും വിശാഖ് മത്സരിക്കാതിരുന്നത്. അതേസമയം, ആൾമാറാട്ടം സംബന്ധിച്ച് കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ വിശാഖിന്‍റെ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് വിശാഖിന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തെളിയിക്കുന്നതാണ് ജനനതീയതി സംബന്ധിച്ച രേഖ.
സാധാരണ യൂണിയന്‍ തിരഞ്ഞെടുപ്പിന് കൗണ്‍സിലര്‍മാരുടെ വോട്ടര്‍പട്ടിക തയാറാക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ പ്രായമടക്കമുള്ള രേഖകള്‍ സര്‍വകലാശാലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിക്കാറുണ്ട്. ആ പരിശോധനയില്‍ വിശാഖിന് പ്രായക്കൂടുതലുണ്ടെന്ന് മനസിലാക്കാന്‍ കഴിയും. ആള്‍മാറാട്ടം കയ്യോടെ പിടികൂടുകയും ചെയ്യാം.
പക്ഷേ വിശാഖിന്‍റെ കാര്യത്തില്‍ ഇതൊന്നും സംഭവിച്ചില്ല. അബദ്ധത്തില്‍ സംഭവിച്ചതല്ല, ആലോചിച്ച് ഉറപ്പിച്ച് ചെയ്തതാണ് ആള്‍മാറാട്ടമെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.