അറിയാം, തലച്ചോറിനെ, 
ഈസിയാക്കാം പരീക്ഷാക്കാലത്തെ പഠനം

അറിയാം, തലച്ചോറിനെ, ഈസിയാക്കാം പരീക്ഷാക്കാലത്തെ പഠനം

ഓണപ്പരീക്ഷാക്കാലം തുടങ്ങിയല്ലോ? പഠിച്ചു തുടങ്ങുമ്പോള്‍ പലരും പറയുന്ന ചില വാക്കുകളാണ് 'ഒന്നും മനസിലാകുന്നില്ല', ഒന്നും 'തലയില്‍' കയറുന്നില്ല എന്നൊക്കെ. ഈ 'തലയില്‍' കയറാന്‍ നമുക്കും ചിലതൊക്കെ ചെയ്യാന്‍ സാധിക്കും.
Updated on
4 min read

ഓണപ്പരീക്ഷാക്കാലം തുടങ്ങിയല്ലോ? പഠിച്ചു തുടങ്ങുമ്പോള്‍ പലരും പറയുന്ന ചില വാക്കുകളാണ് ഒന്നും മനസിലാകുന്നില്ല, ഒന്നും 'തലയില്‍' കയറുന്നില്ല എന്നൊക്കെ. ഈ 'തലയില്‍' കയറാന്‍ നമുക്കും ചിലതൊക്കെ ചെയ്യാന്‍ സാധിക്കും. അതിന് ആദ്യം വേണ്ടത് നമ്മുടെ തലച്ചോറിനെ മനസിലാക്കുക എന്നതാണ്. മനസ് എവിടെയിരിക്കുന്നു എന്നത് കാലങ്ങളായുള്ള ചോദ്യമാണ്. അതിന് മനഃശാസ്ത്രം നല്‍കുന്ന ഉത്തരം തലച്ചോറിന്റെ വിപുലമായ ധര്‍മങ്ങളില്‍ ഒന്നാണ് മനസ് എന്നാണ്. തലച്ചോര്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ 'മനസില്‍' ആകുമെന്നര്‍ഥം. ഇതിന് നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  • 1. വെള്ളം

തലച്ചോറിന്റെ 85 ശതമാനത്തോളം വെള്ളമാണ്. അതിനാല്‍ രണ്ടു മൂന്നു ലിറ്റര്‍ ജലമെങ്കിലും ഒരു ദിവസം കുടിച്ചാലെ തലച്ചോര്‍ ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കൂ. പഠിക്കാനിരിക്കുന്നിടത്തു തന്നെ ഒരു കുപ്പി വെള്ളം കരുതുകയും ക്ഷീണം തോന്നുമ്പോള്‍ വെള്ളം കുടിക്കുകയും ചെയ്താല്‍ തന്നെ ഉന്മേഷം നഷ്ടപ്പെടാതെ പഠനം തുടരാനാകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പല്ലുതേക്കുന്നതിനു മുമ്പേ തന്നെ രണ്ടു ഗ്ലാസ് വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് ശരീരത്തെ ഉണര്‍ത്തും.

  • 2. ഓക്‌സിജന്‍

രക്തത്തിലെ ഓക്‌സിജന്റെ 20 ശതമാനമാണ് തലച്ചോര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക. അതിരാവിലെ ഉണരുകയും പുറത്തിറങ്ങി ദീര്‍ഘശ്വാസമെടുത്ത് കുറച്ചു സമയം നിര്‍ത്തി പിന്നെ പുറത്തേക്ക് സാവധാനം വിടുകയും ചെയ്താല്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവു വര്‍ധിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുകയും ചെയ്യും. പഠിക്കുന്ന കുട്ടികള്‍ക്കു മാത്രമല്ല, വിഷാദമോ ഉന്മേഷക്കുറവോ ഒക്കെ തോന്നുന്നവര്‍ക്ക് ഈ രീതിയില്‍ ദീര്‍ഘശ്വാസമെടുക്കുന്നത് തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങളെ ക്രമപ്പെടുത്തി ആശ്വാസം നല്‍കും. ആസ്തമ പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ദീര്‍ഘശ്വാസം ഒഴിവാക്കുന്നതാണ് നല്ലത്. ഇവര്‍ക്ക് കൈവിരല്‍ കൊണ്ട് മൂക്കിന്റെ ഒരുഭാഗം അടച്ച് ശ്വാസമെടുത്ത ശേഷം അവിടം കൈകൊണ്ട് അടച്ച് മറുഭാഗം തുറന്ന് ശ്വാസം വിടുകയും ശേഷം അവിടം വഴി തന്നെ ശ്വാസമെടുത്ത് മറുഭാഗത്തെ കൈമാറ്റി ശ്വാസം പുറത്തു വിടുകയും ചെയ്യുന്ന തരത്തിലുള്ള ലഘു പ്രാണായാമങ്ങള്‍ ശീലിക്കാം. ഇതുവഴി രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി ഒരു കാര്യം മനസിലാക്കാനുള്ള തലച്ചോറിന്റെ ആഗിരണശേഷിയും വര്‍ധിക്കും.

  • 3. രക്ത ചംക്രമണം (blood circulation)

തലച്ചോര്‍ ഉഷാറാകണമെങ്കില്‍ ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടണം. അതിനായി രാവിലെ അരമണിക്കൂറെങ്കിലും വ്യായാമം ശീലിക്കണം. പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികള്‍. സൈക്കിള്‍ ചവിട്ടുക, നടക്കുക എന്നിവയെല്ലാം നല്ല വ്യായാമ മുറകളാണ്. എന്നാല്‍ അധിക വ്യായാമമാകുകയുമരുത്. ഇത് ശരീരത്തെ ക്ഷീണിപ്പിക്കും. ഉന്മേഷത്തിനു പകരം ക്ഷീണമേ ഉണ്ടാകൂ. മിതമായ തോതില്‍ വ്യായാമം ക്രമീകരിക്കണമെന്നര്‍ഥം. ഒറ്റയടിക്ക് വ്യായാമം കൂട്ടാതെ പടിപടിയായി വര്‍ധിപ്പിച്ചാല്‍ ശരീരം അതിനോട് ക്ഷീണമില്ലാതെ സഹകരിക്കും. വ്യായാമം ചെയ്തതിനുശേഷം അരമണിക്കൂറെങ്കിലും വിശ്രമിച്ച് വിയര്‍പ്പ് താഴ്ന്നതിനു ശേഷം കുളിക്കുന്നതാണ് ഉത്തമം. നീന്തലാണ് വ്യായാമങ്ങളില്‍ ഏറ്റവും ഉത്തമം. എല്ലാ അവയവങ്ങള്‍ക്കും ഒരുമിച്ചു വ്യായാമം ലഭിക്കുന്നു എന്നതാണിതിന്റെ പ്രത്യേകത. മടി, അലസത, ക്ഷീണം തുടങ്ങി പഠനത്തില്‍ നിന്ന് നമ്മെ അകറ്റുന്ന അവസ്ഥകള്‍ മാറുന്നതിനും കൃത്യമായ വ്യായാമം സഹായിക്കും.

  • 4. ഗ്ലൂക്കോസ്

ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണം തലച്ചോറിന് പ്രീയമുള്ളതാണ്. മധുരം തോന്നിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ധാന്യങ്ങളിലുമെല്ലാം ഗ്ലൂക്കോസുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി പരീക്ഷാക്കാലത്ത് കഴിക്കുന്നത് തലച്ചോറിനാവശ്യമായ ഗ്ലൂക്കോസിനെ ലഭ്യമാക്കുകയും തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യും.

കാര്യങ്ങള്‍ പെട്ടന്ന് തലച്ചോര്‍ സ്വീകരിക്കാന്‍

  • 1. നിവര്‍ന്നിരിക്കുക

തലച്ചോറിലേക്ക് ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സന്ദേശങ്ങളെ എത്തിക്കുന്ന പ്രധാന നാഡിയാണ് നട്ടെല്ലിലൂടെ പോകുന്ന സുഷുമ്‌ന നാഡി അഥവാ spinal code. ഇത് നേരേയിരുന്നാല്‍ പഠിക്കുന്ന കാര്യങ്ങള്‍ പെട്ടന്ന് തലച്ചോര്‍ സ്വീകരിക്കും. കിടന്നു പഠിക്കുക, തൂക്കിയിടുന്ന കസേരകളില്‍ 'റ' ആകൃതിയില്‍ ഇരിക്കുക, തുടങ്ങിയവയെല്ലാം അശാസ്ത്രീയ രീതികളാണ്. ശരീരം വിശ്രമാവസ്ഥയിലാണ് എന്ന സന്ദേശമാണ് ഇങ്ങനെയിരിക്കുമ്പോള്‍ സുഷുമ്‌ന നാഡി തലച്ചോറിന് നല്‍കുക. അപ്പോഴാണ് ശരീരത്തിനു ക്ഷീണവും അതിനു തുടര്‍ച്ചയായി ഉറക്കവും നമ്മെ പിടികൂടുന്നത്.

  • 2. ഇലട്രോണിക് ബ്രേക്ക്

ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങളുടെ ഉപയോഗിത്തില്‍ ഒരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവയുടെ സഹായം തേടുന്നതില്‍ തെറ്റില്ലെങ്കിലും ആറുമണിക്കൂറിനു മുകളില്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ അത് തലച്ചോറിലെ തരംഗങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും വിവരങ്ങള്‍ മനസിലാക്കാനുള്ള ആഗിരണ ശേഷി കുറയ്ക്കുകയും ചെയ്യും. അതെങ്ങനെയെന്നു പറയാം.

തലച്ചോറിലെ തരംഗങ്ങളും പഠനവും

കാര്യങ്ങള്‍ വ്യക്തമായി മനസിലാകണമെങ്കില്‍ നാം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന തരംഗങ്ങളെക്കുറിച്ചറിയണം.

  • ഗാമാ തരഗങ്ങള്‍

അതിതീവ്രമായ ശ്രദ്ധയിലും പഠനത്തിലുമൊക്കെ യായിരിക്കുമ്പോള്‍ തലച്ചോറിലെ തരംഗങ്ങള്‍ ഗാമ അവസ്ഥയിലായിരിക്കും. തലച്ചോറിലെ തരംഗങ്ങള്‍ ഒരു സെക്കന്റില്‍ ഒന്നു പൊങ്ങുകയും താഴുകയും ചെയ്യുന്നതിനെ സൈക്കിള്‍ പെര്‍ സെക്കന്റ് (സിപിഎസ്)എന്നാണ് പറയുക. ഭ്രാന്തു പിടിച്ചുള്ള പഠനം എന്നൊക്കെ പറയുന്ന അത്ര തകൃതിയില്‍ പഠനം നടത്തിയാല്‍ ഒരു സെക്കന്റില്‍ തലച്ചോറിലെ തരംഗങ്ങള്‍ 34 തവണയോ അതിനു മുകളിലോ ആവൃത്തിയിലായിരിക്കും ചലിക്കുക (34 സിപിഎസ്). ഈ അവസ്ഥയില്‍ യഥാര്‍ഥത്തില്‍ നാം ഭ്രാന്തമായ അവസ്ഥയില്‍ തന്നെയായിരിക്കും. തരംഗചലനം കൂടിയ ഈ അവസ്ഥയില്‍ തലച്ചോറിന് മനസിലാക്കാനുള്ള ശേഷി നന്നേ കുറയും. കൃത്യമായ പഠനക്രമീകരണമില്ലാതെ പരീക്ഷയുടെ തലേദിവസം ടെന്‍ഷനടിച്ച് എല്ലാം വാരി വലിച്ച് പഠിച്ചാല്‍ തലച്ചോറിലെ തരംഗങ്ങള്‍ ഗാമാ ആവേഗത്തില്‍ ചലിക്കുകയും തലച്ചോറിന്റെ ആഗിരണശേഷി കുറയുകയും ചെയ്യും. സ്ഥിരമായി മൊബൈല്‍, ടിവി എന്നിവ അധിക സമയം കണ്ടാലും തലച്ചോര്‍ ഈ അവസ്ഥയില്‍ വരും. അതുകൊണ്ടാണ് ഒരു ടൈംടേബിള്‍ വച്ച് കൃത്യമായി പഠനം ക്രമീകരിക്കണമെന്നു പറയുന്നത്. അമിതമായ ടെന്‍ഷന്‍, വീട്ടിലെ വഴക്കുകള്‍, പ്രതികൂല സാഹചര്യങ്ങളെ നേരിടല്‍ എന്നിവയെല്ലാം തലച്ചോറിലെ തരംഗദൈര്‍ഘ്യം ഗാമാ അവസ്ഥയിലെത്തിക്കും. അതുകൊണ്ടാണ് പഠനസമയങ്ങളില്‍ വീടുകളില്‍ ശാന്തമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണമെന്നു പറയുന്നത്. അമിത ബഹളവും തലച്ചോറിലെ തരംഗദൈര്‍ഘ്യം ഉയര്‍ത്തി മനസിലാകല്‍ ശേഷി കുറക്കും.

  • ബീറ്റാ തരംഗങ്ങള്‍

തലച്ചോറിലെ തരംഗങ്ങള്‍ ഒരു സെക്കന്റില്‍ 14 മുതല്‍ 30 വരെ ചലിക്കുന്ന അവസ്ഥയാണ് ബീറ്റ. മനുഷ്യന്‍ ഉണര്‍ന്ന് പൂര്‍ണ ബോധാവസ്ഥയില്‍ ഇരിക്കുന്ന സമയമാണിത്. തലച്ചോര്‍ സാധാരണ ശേഷി കാണിക്കുന്ന സമയം. പ്രശ്‌ന പരിഹാരത്തിലും മറ്റും നാം ഏര്‍പ്പെട്ടിരിക്കുമ്പോള്‍ തലച്ചോര്‍ ഈ അവസ്ഥയിലായിരിക്കും. എന്നാല്‍ അത്ര നന്നായി പഠിക്കാന്‍ സാധിക്കുന്ന അവസ്ഥയുമല്ല ഇത്.

  • ആല്‍ഫാ തരംഗങ്ങള്‍

തലച്ചോറിലെ തരംഗങ്ങള്‍ 9-13 സിപിഎസ് തരംഗദൈര്‍ഘ്യം വരുന്ന ഈ ഘട്ടത്തിലാണ് തലച്ചോര്‍ ഏറ്റവും കൂടുതല്‍ ആഗിരണശേഷി (കാര്യങ്ങള്‍ മനസിലാക്കുന്ന അവസ്ഥ) കൈവരിക്കുന്നത്. ഒരു ദിവസം രണ്ടുപ്രാവശ്യം തലച്ചോര്‍ തനിയെ ഈ അവസ്ഥയിലെത്തുന്നുണ്ട്. രാത്രി ഉറങ്ങുന്നതിനു മുമ്പും രാവിലെ ഉണര്‍ന്നതിനു ശേഷവും. ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള അവസ്ഥ. തലച്ചോര്‍ റിലാക്‌സ് ചെയ്യുകയും റീച്ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന സമയമാണിത്. ഈ അവസ്ഥയിലേക്ക് നല്ല ധാനത്തിലൂടെ ഏതു സമയത്തും എത്താം. പഠിക്കുന്നതിനു മുന്‍പ് കണ്ണടച്ച് അല്‍പസമയം ശ്വാസം മാത്രം ശ്രദ്ധിച്ച് ഇരിക്കുകയും അഞ്ചോ പത്തോ മിനിട്ട് ധ്യാനം പരിശീലിക്കുകയും ചെയ്താല്‍ തലച്ചോറിലെ തരംഗങ്ങള്‍ ആല്‍ഫ അവസ്ഥയില്‍ എത്തും. ഈ സമയം ശ്രദ്ധ വര്‍ധിക്കുകയും തലച്ചോര്‍ പഠന സന്നദ്ധമാക്കുകയും ചെയ്യും. വളരെ കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു തീര്‍ക്കാനുമാകും.

  • തീറ്റ, ഡെല്‍റ്റ തരംഗങ്ങള്‍

തലച്ചോറിലെ തരംഗങ്ങള്‍ നാലു മതല്‍ എട്ടുവരെ സിപിഎസില്‍ ചലിക്കുന്ന അവസ്ഥയാണ് തീറ്റ. നാം സ്വപ്‌നങ്ങള്‍ കാണുന്നതും ഈ അവസ്ഥയിലാണ്. ഡെല്‍റ്റ സ്‌റ്റേജ് ബോധം കെട്ടുള്ള ഉറക്കമാണ്. ആല്‍ഫ, തീറ്റ, ഡെല്‍റ്റ സ്റ്റേജുകളിലൂടെ തലച്ചോര്‍ സഞ്ചരിച്ച് നല്ലൊരു ഉറക്കം ലഭിച്ച് ഉണരുമ്പോഴാണ് തലച്ചോര്‍ റീച്ചാര്‍ജാകുന്നതും ഓര്‍മശക്തിയും മനസിലാക്കാനുള്ള ശേഷിയും വര്‍ധിക്കുന്നതും.

പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങുക

'ഞാന്‍ ഉറക്കമിളച്ച് പഠിച്ചിട്ട് ലഭിച്ച മാര്‍ക്കാണെന്നൊക്കെ' പലരും പറയാറുണ്ട്. ഓര്‍മശക്തി നന്നായി ലഭിക്കണമെങ്കില്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ നല്ല ഉറക്കം ലഭിക്കണം. ഉറക്കമിളയ്ച്ച് പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍, ആവശ്യത്തിനുറങ്ങി പഠിച്ചാല്‍ തലച്ചോര്‍ സ്വീകരിക്കും. നല്ല ഓര്‍മശക്തിയുമുണ്ടാകും. നേരത്തേ കിടക്കുകയും നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്താല്‍ ശരീരവും ആരോഗ്യമുള്ളതാകും. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. 'മനസില്‍' ആകണമെങ്കിലും ഇതാവശ്യമാണ്.

(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖകന്‍.)

logo
The Fourth
www.thefourthnews.in