പ്രവാസി കുട്ടികള്‍ക്ക് പത്താം ക്ലാസ് തുല്യത; മലയാളം മിഷന്റെ ആദ്യ നീലക്കുറിഞ്ഞി ബാച്ച് പരീക്ഷയെഴുതി

പ്രവാസി കുട്ടികള്‍ക്ക് പത്താം ക്ലാസ് തുല്യത; മലയാളം മിഷന്റെ ആദ്യ നീലക്കുറിഞ്ഞി ബാച്ച് പരീക്ഷയെഴുതി

പ്രവാസ ലോകത്തെ 156 വിദ്യാര്‍ഥികളാണ് സംസ്ഥാന സര്‍ക്കാരിന്റെ മാതൃഭാഷാ വ്യാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് എംഎന്‍സിസി പരീക്ഷ സംഘടിപ്പിക്കുന്നത്
Updated on
1 min read

പ്രവാസലോകത്തെ മാതൃഭാഷാ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയാളം മിഷന്‍ നടത്തുന്ന നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. പ്രവാസ ലോകത്തെ 156 വിദ്യാര്‍ഥികളാണ് സംസ്ഥാന സര്‍ക്കാരിന്റെ മാതൃഭാഷാ വ്യാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (എംഎന്‍സിസി) പരീക്ഷ എഴുതുന്നത്. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന് വേണ്ടി പരീക്ഷാ ഭവനാണ് പരീക്ഷ നടത്തുന്നത്.

ഡല്‍ഹി, മുംബൈ, തമിഴ്‌നാട്, ഗോവ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 153 കുട്ടികളും പരീക്ഷയില്‍ പങ്കെടുക്കുന്ന ആദ്യ വിദേശ രാജ്യമായ ബഹ്‌റൈനില്‍ നിന്നും മൂന്ന് കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. പ്രവാസ ജീവിത കാലത്ത് നീലക്കുറിഞ്ഞി പഠനം പൂര്‍ത്തിയാക്കിയ 14 കുട്ടികളാണ് കേരളത്തിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നത്.

2019ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരം ഭാഷാ പ്രാവീണ്യ തുല്യത നല്‍കി നീലക്കുറിഞ്ഞി കോഴ്‌സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പത്താം തരം വരെയോ പ്ലസ്ടു ബിരുദ തലത്തിലോ മലയാളം ഐച്ഛികമായോ അല്ലാതെയോ പഠിക്കാതെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള മലയാള ഭാഷാ പരിജ്ഞാന യോഗ്യതയായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളത് മലയാളം മിഷന്റെ നീലക്കുറിഞ്ഞി കോഴ്‌സാണ്.

പ്രവാസി കുട്ടികള്‍ക്ക് പത്താം ക്ലാസ് തുല്യത; മലയാളം മിഷന്റെ ആദ്യ നീലക്കുറിഞ്ഞി ബാച്ച് പരീക്ഷയെഴുതി
ദേവസ്വം ബോർഡുകൾക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ സംവരണം പാലിക്കണമെന്ന് സർക്കാർ ഉത്തരവ്

വിവിധ ബോര്‍ഡുകളുടെ കീഴില്‍ ഔപചാരിക വിദ്യാഭ്യാസം നിര്‍വഹിക്കുന്ന പ്രവാസി കുട്ടികള്‍ക്ക് മലയാളം പഠിക്കാനുള്ള അവസരം ഇല്ല. അത്തരം കുട്ടികള്‍ക്ക് മലയാളം പഠിക്കാനും കേരളത്തിലെ പത്താം തരത്തിനു തുല്യമായ ഭാഷാ പ്രാവീണ്യ സര്‍ട്ടിഫിക്കറ്റ് ആണ് ഇതിലൂടെ ലഭിക്കുന്നത്. അതോടൊപ്പം കേരളത്തിന്റെ സംസ്‌കാരത്തെയും സാഹിത്യത്തെയും അടുത്തറിയാനുള്ള അവസരവും ലഭിക്കുന്നു. മാതൃ ഭാഷാ പ്രചാരണ പ്രവര്‍ത്തനത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ കേരളം.

പ്രവാസ ലോകത്ത് മലയാള ഭാഷാ പ്രചാരണവും വ്യാപനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ കീഴില്‍ 60രാജ്യങ്ങളിലും 24 സംസ്ഥാനങ്ങളിയുമായി 90 ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അയ്യായിരത്തോളം വരുന്ന പഠനകേന്ദ്രങ്ങളില്‍ അന്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മലയാള ഭാഷ പഠിക്കുന്നു. കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, സൂര്യകാന്തി ഡിപ്ലോമ കോഴ്‌സ്, ആമ്പല്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്, നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് എന്നിങ്ങനെയാണ് മലയാളം മിഷന്‍ നടത്തുന്ന കോഴ്‌സുകളുടെ ഘടന. കണിക്കൊന്നയും സൂര്യകാന്തിയും രണ്ടു വര്‍ഷവും ആമ്പലും നീലക്കുറിഞ്ഞിയും മൂന്നു വര്‍ഷവും എന്ന നിലയിലാണ് കോഴ്‌സ് ദൈര്‍ഘ്യം. എസ്‌സിഇആര്‍ടി അംഗീകരിച്ച പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും അടിസ്ഥാനത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. പ്രവാസ ലോകത്ത് വ്യത്യസ്ത തൊഴിലുകള്‍ ചെയ്യുന്ന അയ്യായിരത്തോളം വരുന്ന ഭാഷ പ്രവര്‍ത്തകരാണ് അധ്യാപകര്‍. അവര്‍ക്ക് മലയാളം മിഷന്‍ ഓണ്‍ലൈനായും നേരിട്ടും പരിശീലനം നല്‍കിയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

logo
The Fourth
www.thefourthnews.in