സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും മൊബൈല്‍ നിരോധനം തിരിച്ചുവരുന്നു

സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും മൊബൈല്‍ നിരോധനം തിരിച്ചുവരുന്നു

ഗാഡ്ജറ്റുകളുടെ നിരന്തര ഉപയോഗം കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളും, സാമൂഹ്യജീവിതത്തില്‍ അനാരോഗ്യകരമായ പ്രവണതകളും വളര്‍ത്തുന്നു
Updated on
1 min read

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗത്തിന് നിരോധനം തിരിച്ചുവരുന്നു. സ്‌കൂള്‍ ക്യാമ്പസിനകത്തും ക്ലാസ്സ് റൂമിനകത്തും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ ആരംഭിച്ച് കുട്ടികള്‍ നേരിട്ട് സ്‌കൂളില്‍ വന്ന് പഠനം നടത്തുന്ന സാഹചര്യമാണുള്ളത്. കോവിഡ് മഹാമാരി കാലഘട്ടത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോള്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇനി തുടരേണ്ട സാഹചര്യം നിലവിലില്ലെന്നതാണ് തീരുമാനത്തിന് പിന്നിലെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫോൺ ഉപയോഗം വര്‍ധിപ്പിച്ചു

സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്‌കൂളിലേയ്ക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുത് എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുണ്ട്. കോവിഡ് കാലത്താണ് ഇതില്‍ മാറ്റം ഉണ്ടായത്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം ക്ലാസ്സുകളുടെ വിനിമയത്തിനും അധ്യാപകരുമായുള്ള ആശയവിനിമയത്തിനും ഒഴിവാക്കാനാകാത്ത സാഹചര്യം വരികയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ വ്യാപകമായി ഉപയോഗിക്കേണ്ടി നിലയുണ്ടായത്.

എന്നാല്‍, ഇത്തരം ഗാഡ്ജറ്റുകളുടെ നിരന്തര ഉപയോഗം കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളും, പെരുമാറ്റ വൈകല്യങ്ങളും സാമൂഹ്യജീവിതത്തില്‍ അനാരോഗ്യകരമായ പ്രവണതകളും വളര്‍ത്തുന്നതില്‍ വളരെയധികം പങ്കു വഹിക്കുന്നുണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാറിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അനാവശ്യവും അമിതവുമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യ മാനസിക പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് ഇടവരുത്തും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തില്‍ കരുതല്‍ പുലര്‍ത്തണം എന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in