ഇന്ന് നീറ്റ് പരീക്ഷ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് നീറ്റ് പരീക്ഷ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാജ്യത്താകെ 20,59,006 കുട്ടികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തില്‍ മാത്രം 1.28 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതും.
Updated on
2 min read

ദേശീയ തലത്തില്‍ മെഡിക്കല്‍ യുജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.20 വരെയാണ് പരീക്ഷ. രാജ്യത്താകെ 20,59,006 കുട്ടികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തില്‍ മാത്രം 1.28 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതും. രാജ്യത്തെ 499 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11.30 മുതല്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിക്കാം. 1.30ന് പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കും. 1.40നു ശേഷം ഹാളില്‍ പ്രവേശിപ്പിക്കില്ല.

ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, പ്ലസ്ടു അഡ്മിറ്റ് കാര്‍ഡ് തുടങ്ങിയവ പരീക്ഷയ്ക്കായുള്ള തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ഹാജര്‍ രേഖയില്‍ പതിക്കാനുള്ള ഫോട്ടോയും അഡ്മിറ്റ് കാര്‍ഡും വിദ്യാര്‍ഥികള്‍ കയ്യില്‍ കരുതണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ട് മുതല്‍ 5.20 വരെയാണ് പരീക്ഷാ സമയം. അറ്റന്‍ഡന്‍സ് ഷീറ്റില്‍ വിവരങ്ങള്‍ തെറ്റാതെ രേഖപ്പെടുത്തണം. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഫോട്ടോ പതിച്ച്, അമ്മയുടെയും അച്ഛന്റെയും പേരെഴുതി, ഇടതു തള്ളവിരലടയാളം പതിച്ച്, സമയം എഴുതി ഒപ്പിടണം.

1.50 ന് സിംഗിള്‍ ബെല്‍ അടിക്കുമ്പോള്‍ ടെസ്റ്റ് ബുക്ലെറ്റ് വിതരണം ചെയ്യും. അതിലെ പേപ്പര്‍സീല്‍ ഡബിള്‍ ബെല്‍ കേട്ട്, ഇന്‍വിജിലേറ്റര്‍ പറയുമ്പോള്‍ മാത്രം തുറക്കുക.

ടെസ്റ്റ് ബുക്ലെറ്റ് കവറിന്റെ സീല്‍ പൊട്ടിക്കാതെതന്നെ അതിനുള്ളിലെ ഒഎംആര്‍ ആന്‍സര്‍ ഷീറ്റ് പുറത്തെടുത്ത് വിവരങ്ങള്‍ ചേര്‍ക്കാം. ഒഎംആര്‍ ഷീറ്റിന് രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും പരീക്ഷയ്ക്കു ശേഷം തിരികെക്കൊടുക്കണം. ഇവ ഭദ്രമായി കൈകാര്യം ചെയ്യണം.

നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടവ

സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവ ഹാളില്‍ അനുവദനീയമാണ്. പരീക്ഷാകേന്ദ്രത്തില്‍നിന്ന് നല്‍കുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങള്‍ രേഖപ്പെടുത്താവൂ. പ്രമേഹമുണ്ടെന്ന തെളിവുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങി, അത്യാവശ്യത്തിനു പഴങ്ങള്‍, ഷുഗര്‍ ടാബ്‌ലറ്റ് എന്നിവ കയ്യില്‍ കരുതാം.

കയ്യില്‍ കരുതരുത്

പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് കൂട്, പേന, സ്‌കെയില്‍, റൈറ്റിംഗ് പാഡ്, പെന്‍ഡ്രൈവ്, ഇറേസര്‍ (റബര്‍), കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് ഉപയുക്തികള്‍, സ്‌കാനര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, വോലറ്റ്, കൂളിംഗ് ഗ്ലാസ് (കറുപ്പു കണ്ണട), ഹാന്‍ഡ് ബാഗ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ബ്രേസ്ലറ്റ്, ക്യാമറ, എടിഎം കാര്‍ഡ്, ഭക്ഷണസാധനങ്ങള്‍ എന്നിവ ഹാളില്‍ കടത്തില്ല. കമ്മലും മൂക്കുത്തിയും ഉള്‍പ്പെടെയുള്ള ആഭരണങ്ങളും മറ്റു ലോഹവസ്തുക്കള്‍, ഭക്ഷണസാധനങ്ങളും അനുവദവീയമല്ല. പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ഉപയോഗിക്കാവുന്ന വസ്തുക്കളില്ലെന്ന് ഉറപ്പാക്കാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയുണ്ടാകും.

ഡ്രസ് കോഡ് പാലിക്കണം

വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഡ്രസ് കോഡ് പാലിക്കണം. നീണ്ട കയ്യുള്ളതോ വലിയ ബട്ടണ്‍ പിടിപ്പിച്ചതോ ആയ വസ്ത്രങ്ങള്‍ അനുവദിക്കില്ല. കനംകുറഞ്ഞ ചെരിപ്പാകാം, ഷൂസ് പാടില്ല. മതാചാരപ്രകാരമുള്ള വിശേഷവസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പരിശോധനയ്ക്ക്് വിധേയനാകാന്‍ 12 മണിയ്‌ക്കെങ്കിലും പരീക്ഷാ കേന്ദ്രത്തിലെത്തണം. പെണ്‍കുട്ടികളെ വനിതകള്‍ മാത്രമേ പരിശോധിക്കൂ. 1.30 ന് പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റടയ്ക്കു. അവസാന നിമിഷത്തിന് കാത്തുനില്‍ക്കരുത്.

യാത്രാസൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി

നീറ്റ് പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാ സൗകര്യമാണ് കേരളത്തില്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേ അഡീഷണല്‍ സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ക്രമീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും 27 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂമിലെ നമ്പറുകളായ 9447071021, 0471-2463799 എന്നിവയിലൂം ബന്ധപ്പെടാവുന്നതാണ്. കൂടാതെ, കെ എസ് ആര്‍ ടി സി സോഷ്യല്‍ മീഡിയ സെല്ലിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8129562972 എന്ന വാട്‌സാപ്പ് നമ്പറിലും ലഭ്യമാകും.

logo
The Fourth
www.thefourthnews.in