നീറ്റ് വസ്ത്ര പരിശോധന വിവാദം; വീണ്ടും പരീക്ഷ നടത്തും
നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ചുള്ള ശാരീരിക പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വന്ന വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബര്‍ നാലിന് പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളേജില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്കാണ് വീണ്ടും അവസരം ലഭിക്കുന്നത്. കൊല്ലം എസ് എന്‍ കോളേജാണ് പുതിയ പരീക്ഷാ കേന്ദ്രം. സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് 5.20 വരെയാകും പരീക്ഷ നടക്കുക.
പരീക്ഷയ്ക്കിടയിലെ വസ്ത്ര പരിശോധന വിവാദമായതോടെ അന്വേഷണത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം. പരാതി നല്‍കിയവരെല്ലാം പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ലെന്നും താല്‍പ്പര്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം.
കേരളത്തിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേദിവസം തന്നെ ഈ സംസ്ഥാനങ്ങളിലും പരീക്ഷ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.