ലൈംഗിക വിദ്യാഭ്യസവും  പോക്‌സോ നിയമങ്ങളും പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

ലൈംഗിക വിദ്യാഭ്യസവും പോക്‌സോ നിയമങ്ങളും പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള ലൈം​ഗികബന്ധം കുറ്റകൃത്യമല്ലെന്ന പല കുട്ടികളുടെയും ധാരണ തിരുത്തപ്പെടേണ്ടതെന്നും കോടതി
Updated on
1 min read

ലൈംഗികാതിക്രമം തടയുന്നതിനുള്ള ബോധവത്കരണ പദ്ധതി പാഠ്യപദ്ധതിയിൽ നിർബന്ധമാക്കണമെന്ന് സംസ്ഥാന സർക്കാരിനും സിബിഎസ്ഇക്കും കേരള ഹൈക്കോടതിയുടെ നിർദേശം. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈഗിംകാതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലൈംഗിക വിദ്യാഭ്യസവും പോക്‌സോ നിയമങ്ങളും പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്‌കൂൾ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെ എണ്ണം ഭയാനകമാംവിധം വർധിക്കുന്നതിലുള്ള വേദന പ്രകടിപ്പിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പല സന്ദർഭങ്ങളിലും കുറ്റവാളികൾ വിദ്യാർത്ഥികൾ തന്നെയാണെന്നും ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാൻ കുട്ടികള്‍ പ്രാപ്തരാകുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. ലൈംഗികാതിക്രമങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് യുവാക്കൾക്ക് അവബോധമില്ല. ലൈംഗിക വിദ്യാഭ്യാസത്തിനൊപ്പം ലൈംഗിക കുറ്റകൃത്യങ്ങളും നിയമ വ്യവസ്ഥകളെയും കുറിച്ചുള്ള അവബോധവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും നിർദേശിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ ശബ്ദം അടിച്ചമർത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

സ്‌കൂൾ കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തിൽ ഭയാനകമായ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ കൃത്യമായ അവലോകനം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയുള്ള ലൈം​ഗികബന്ധം കുറ്റകൃത്യമല്ല എന്നാണ് പല കുട്ടികളുടെയും ധാരണ. അത് തിരുത്തപ്പെടേണ്ടതാണെന്നും കോടതി പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചുള്ള അവബോധം ശരിയായ രീതിയിൽ നൽകുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ വഴിയൊരുക്കുമെന്നും കോടതി നിരീക്ഷിച്ചു.

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ ചെറുക്കാന്‍ കൃത്യമായ പഠനം സഹായിക്കും. സ്‌കൂള്‍ തലത്തില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസവും നിയമ പരിജ്ഞാനവും കുട്ടികള്‍ക്ക് നല്‍കേണ്ടത് അത്യാവശ്യമാണ്. നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടു പോകുന്ന ചെറുപ്പക്കാരുമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സ്‌കൂളുകളില്‍ നിര്‍ബന്ധമായും ബോധവത്ക്കരണ ക്ലാസുകള്‍ നടത്തണം. ലൈംഗികാതിക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ സ്‌കൂളില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസത്തിനകം വിദഗ്ധ സമിതിയെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

ബാലപീഡനത്തെ അതിജീവിച്ച എറിന്‍ മെറിന്റെ സ്മരണാര്‍ത്ഥം അമേരിക്കയിലുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് എറിന്‍സ് ലോയുടെ അടിസ്ഥാനത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്കരണത്തിൽ എറിൻസ് ലോ സംസ്ഥാന സർക്കാരിനും സിബിഎസ്ഇയ്ക്കും മാതൃയാക്കാവുന്നതാണെന്ന് കോടതി പറഞ്ഞു.

logo
The Fourth
www.thefourthnews.in