സിബിഎസ്ഇ വിദ്യാര്‍ഥികള്‍
സിബിഎസ്ഇ വിദ്യാര്‍ഥികള്‍

സിബിഎസ്ഇ പ്ലസ്ടു ഫലം വൈകുന്നു; ബിരുദപ്രവേശന തീയതി നീട്ടണമെന്ന് യുജിസി, ആശങ്കയൊഴിയാതെ വിദ്യാർഥികൾ

ചില സർവകലാശാലകൾ ഒന്നാം വർഷ ബിരുദ പ്രവേശന നടപടികൾ തുടങ്ങിയതോടെയാണ്, അവസരം നഷ്ടപ്പെടുമോയെന്ന ആശങ്ക വിദ്യാർഥികളെ പിടികൂടിയിരിക്കുന്നത്
Updated on
2 min read

കോവിഡ് പ്രതിസന്ധിയെത്തുടർന്ന്, രണ്ട് ഘട്ടങ്ങളിലായി നടത്തിയ സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം വൈകുമ്പോൾ വിദ്യാർഥികളുടെ ആശങ്ക പെരുകുകയാണ്. ഒന്നാം ഘട്ടം പരീക്ഷയുടെ ഫലം പുറത്തുവന്നു. രണ്ടാം ഘട്ടം പരീക്ഷയുടെ മൂല്യനിർണയം പുരോ​ഗമിക്കുന്നതേയുള്ളൂ. ഫലപ്രഖ്യാപനം വൈകുമെന്ന് സിബിഎസ്ഇ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കാര്യം പരി​ഗണിച്ച യുജിസി ബിരുദ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സർവകലാശാലകളോട് നിർദേശിച്ചിരുന്നു. എന്നാൽ, ചില സർവകലാശാലകൾ ഒന്നാം വർഷ ബിരുദ പ്രവേശന നടപടികൾ തുടങ്ങിയതോടെയാണ്, അവസരം നഷ്ടപ്പെടുമോയെന്ന ആശങ്ക വിദ്യാർഥികളെ പിടികൂടിയിരിക്കുന്നത്.

ആദ്യമായിട്ടല്ല ഇത്തരം ആശങ്കകള്‍. എപ്പോഴും ഇങ്ങനെയാണ് സംഭവിക്കുന്നത്. ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ട്. സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്കൊപ്പം ഞങ്ങള്‍ക്കും അഡ്മിഷന്‍ കിട്ടണ്ടേ?
അനുപമ, വിദ്യാര്‍ഥി, ജവഹര്‍ നവോദയ വിദ്യാലയം, മലപ്പുറം

കോവിഡ് പ്രതിസന്ധി തീർത്തതോടെയാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്തിയത്. 2021 നവംബർ-ഡിസംബർ മാസങ്ങളിൽ ഒന്നാം ഘട്ടം പരീക്ഷ നടത്തി. ഈ വര്‍ഷം മെയ്-ജൂൺ മാസങ്ങളിൽ രണ്ടാം ഘട്ടവും പൂർത്തിയായി. ഒന്നാം ഘട്ടം പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സ്കൂളുകളിൽ എത്തിത്തുടങ്ങി. അതേസമയം, രണ്ടാം ഘട്ടം പരീക്ഷയുടെ മൂല്യനിർണയം പുരോ​ഗമിക്കുന്നതേയുള്ളൂ. ഇന്റേണൽ, പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കും ഉൾപ്പെടുത്തി അന്തിമഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ യുജിസിക്ക് കത്തുനൽകിയിരുന്നു. സിബിഎസ്ഇ വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടുമെന്നതിനാൽ, അന്തിമഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കരുതെന്നായിരുന്നു പ്രധാനം ആവശ്യം.

സിബിഎസ്ഇയുടെ അഭ്യര്‍ത്ഥന പരി​ഗണിച്ച യുജിസി, ബിരുദ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സർവകലാശാലകളോട് നിർദേശിച്ചിരുന്നു. അതേസമയം, മഹാത്മാ ഗാന്ധി, കണ്ണൂര്‍, കേരള, കാലിക്കട്ട് സര്‍വകലാശാലകള്‍ ബിരുദ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

സിബിഎസ്ഇ വിദ്യാര്‍ഥികള്‍
സിബിഎസ്ഇ വിദ്യാര്‍ഥികള്‍

പരീക്ഷാഫലം വൈകുന്നത് പതിവ്

സിബിഎസ്ഇ പ്ലസ് ടു ഫലം വൈകുന്നത്, കഴിഞ്ഞ ഏതാനും വര്‍ഷമായി വിദ്യാര്‍ഥികള്‍ അനുഭവിച്ചു വരുന്ന പ്രശ്നമാണ്. ബിരുദ പ്രവേശനത്തിന്‍റെ അവസാനഘട്ടത്തില്‍ മാത്രമാണ് പലപ്പോഴും ഫലം വരാറുണ്ടായിരുന്നത്. ഫസ്റ്റ് അലോട്ട്മെന്‍റിനുശേഷമുള്ള അലോട്ട്മെന്‍റുകളിലോ സ്പോട്ട് അഡ്മിഷനിലോ ആയിരുന്ന അവര്‍ക്ക് അവസരം ലഭിച്ചിരുന്നത്. അങ്ങനെ വരുമ്പോള്‍, ആഗ്രഹിക്കുന്ന കോളേജുകളോ കോഴ്സുകളോ ഫസ്റ്റ് ചോയ്സായി നല്‍കിയാല്‍ പോലും അവസരം ലഭിക്കാനുള്ള സാധ്യതയും കുറവായിരുന്നു. എന്നാല്‍ ഇക്കുറി, മുമ്പെങ്ങുമില്ലാത്ത സാഹചര്യമാണുള്ളത്. കോവിഡിനെത്തുടര്‍ന്ന് പതിവിലധികം വൈകിയ പരീക്ഷകളുടെ ഫലവും വൈകുകയാണ്.

നീറ്റ് പരീക്ഷ വരാന്‍പോകുന്നു. അതു കഴിഞ്ഞാല്‍ റിപ്പീറ്റിനു വേണ്ടി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ പോകുമ്പോഴും റിസള്‍ട്ട് കാണിക്കണം. സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് അതുണ്ട്, ഞങ്ങള്‍ക്കില്ല. അത് വലിയ പ്രശ്‌നം തന്നെയാണ്
അശ്വതി തീര്‍ത്ഥ, വിദ്യാര്‍ഥി, ജവഹര്‍ നവോദയ വിദ്യാലയം, മലപ്പുറം

പ്രതീക്ഷ സര്‍ക്കാര്‍ തീരുമാനം

ബിരുദ പ്രവേശന നടപടികളിലുണ്ടാകുന്ന കാലതാമസം, പഠന കാലയളവിനെ ബാധിക്കും. ഒന്നാം സെമസ്റ്റര്‍ അനുസരിച്ചുള്ള സമയം മുഴുവന്‍ ലഭിക്കാതെ വരും. പരീക്ഷാ കലണ്ടര്‍ അനുസരിച്ച്, സര്‍വകലാശാല പരീക്ഷകള്‍ നടക്കാത്ത സാഹചര്യമുണ്ടാകും. മാത്രമല്ല, പാഠ്യ, പാഠ്യേതര കാര്യങ്ങളിലും കാല താമസമുണ്ടാകും. അതിനാല്‍, യുജിസി നിര്‍ദേശം സര്‍വകലാശാലകള്‍ക്ക് എത്രത്തോളം സ്വീകാര്യമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുജിസി നിര്‍ദേശം പരിഗണിച്ച് സര്‍ക്കാര്‍ എത്രയുംവേഗം നടപടി സ്വീകരിക്കുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ. യുജിസിയുടെ കത്ത് കിട്ടിയെന്നും വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു 'ദി ഫോര്‍ത്തി'നോട് പ്രതികരിച്ചത്.

പ്ലസ് ടു സയന്‍സ് പഠിച്ചവരില്‍ മിക്കവരും ഈ വര്‍ഷം റിപ്പീറ്റിനു പോകും. ഞങ്ങളെ സംബന്ധിച്ച് കോളേജ് അഡ്മിഷന്‍ അത്യാവശ്യമാണ്. റിസള്‍ട്ട് വൈകുന്നതിനനുസരിച് ടെന്‍ഷന്‍ കൂടുന്നുണ്ട്.
മെഹറിന്‍, വിദ്യാര്‍ഥി, ജവഹര്‍ നവോദയ വിദ്യാലയം, മലപ്പുറം

വിദ്യാര്‍ഥികളെ വേര്‍തിരിച്ചു കാണാനാവില്ലെന്നാണ് എകെപിസിടിഎ ജനറല്‍ സെക്രട്ടറി ഡോ. സി പദ്മനാഭന്‍ പ്രതികരിച്ചത്. അവര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണ് കുട്ടികള്‍ അനുഭവിക്കുന്നത്. കുട്ടികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ കോളേജിലെ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യുജിസിയുടെ നിര്‍ദേശത്തിനൊപ്പം സര്‍ക്കാരും നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിരുദ പ്രവേശനത്തിന്‍റെ കാര്യത്തില്‍ യുജിസി നിര്‍ദേശം അനുസരിച്ചുമാത്രമേ സര്‍വകലാശാലകള്‍ തീരുമാനമെടുക്കുകയുള്ളൂ എന്ന പ്രതീക്ഷയാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ് നസീബും പങ്കുവെച്ചത്. കേരള സര്‍വകലാശാല ഉള്‍പ്പെടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ബിരുദ പ്രവേശനത്തിനുള്ള തീയതി നീട്ടികൊടുക്കും. എല്ലാം വര്‍ഷവും അത് ചെയ്യാറുണ്ട്. ഈ വര്‍ഷവും അതില്‍ മാറ്റമുണ്ടാകില്ല. ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in