പ്രാദേശിക ഭാഷകള്‍ ഇന്ത്യയുടെ ആത്മാവാണ്; മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പഠനം നാഴികക്കല്ലാകും: കേന്ദ്ര മന്ത്രി
ഇന്ത്യയിലെ പ്രാദേശിക ഭാഷകളെ ഭാരതീയതയുടെ ആത്മാവായും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള കണ്ണിയായും കണക്കാക്കുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍. പ്രാദേശിക ഭാഷകൾക്ക് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സാധ്യമാകുന്ന പരിഗണന നൽകുമെന്ന് പറഞ്ഞ അദ്ദേഹം, കുറഞ്ഞത് 5-ാം ക്ലാസ് വരെ മാതൃഭാഷയായിരിക്കുമെന്നും വ്യക്തമാക്കി. സയൻസ് ഉൾപ്പെടെയുളള വിഷയങ്ങൾക്ക് ഉയർന്ന നിലവാരമുള്ള പാഠപുസ്തകങ്ങൾ മാതൃഭാഷയിൽ ലഭ്യമാണ്. മാതൃഭാഷയിൽ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ സാധ്യമാകുന്നിടത്തോളം അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ മാതൃഭാഷയിൽ സംവദിക്കുന്നത് തുടരുമെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പ്രാദേശിക ഭാഷകൾക്ക് സാധ്യമാകുന്ന എല്ലാ പരിഗണനയും നൽകും
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) മറാത്തി ഭാഷയിൽ ഡിപ്ലോമ, ബിരുദ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കായുള്ള വിദ്യാഭ്യാസ പുസ്തകങ്ങൾ ആരംഭിച്ചിരുന്നു. മറാത്തി ഭാഷയിലുള്ള എഞ്ചിനീയറിംഗ് പുസ്തകങ്ങൾ തന്റെ മേൽനോട്ടത്തിലാണ് പുറത്തിറക്കിയതെന്നും സുഭാസ് സര്‍ക്കാര്‍ വ്യക്തമാക്കി. എഐസിടിഇ മുൻകൈയെടുത്താണ് എഞ്ചിനീയറിംഗ് പുസ്തകങ്ങൾ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കുന്നത്. പ്രാദേശിക ഭാഷകൾക്കായി ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകുന്നത് എല്ലാ മേഖലകളിലുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രകടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സർക്കാരിന്റ കീഴിൽ വിദ്യാഭ്യാസത്തിന് എക്കാലത്തെയും ഉയർന്ന ബജറ്റ് വിഹിതമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റ് വിഹിതത്തിൽ ഈ വർഷം 71.12 ലക്ഷം കോടിയാണ് വിദ്യാഭ്യാസത്തിനായി ചിലവിട്ടിരിക്കുന്നത്. ഇത് ഒരു നാഴികക്കല്ലാണ്. എല്ലാ വിദ്യാർത്ഥികൾക്കും തുല്യതയോടെ പഠിക്കാനുളള സാഹചര്യങ്ങൾ ഉറപ്പ് വരുത്താനാണ് രാജ്യം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ബജറ്റിൽ ഇത്രയും മുൻതൂക്കം ലഭിച്ചിരിക്കുന്നത് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ സഹായിക്കുെന്നും അദ്ദഹം വ്യക്തമാക്കി.
ഗവൺമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) . മുൻ വർഷത്തെ അപേക്ഷിച്ച് കേന്ദ്ര ബജറ്റിൽ 20 ശതമാനം വർധനയുണ്ട്. ഇതുവരെ എഐസിടിഇ 8 പ്രാദേശിക ഭാഷകളിലായി പത്ത് സംസ്ഥാനങ്ങളിൽ 41 എഞ്ചിനീയറിംഗ് കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. എംബിബിഎസ് കോഴ്‌സ് ഹിന്ദിയിൽ ആരംഭിച്ചുവെന്നും കോമൺ യൂണിവേഴ്സിറ്റി എൻട്രാൻസ് ടെസ്റ്റ് (CUET) 13 ഭാഷകളിൽ നടത്തുകയും 90 സർവകലാശാലകൾ ഇതിൽ പങ്കെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ജെഇഇ (മെയിൻസ്), നീറ്റ് (യുജി) എന്നിവ 13 ഭാഷകളിലായി നടത്തിയപ്പോള്‍ 30 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഐകെഎസിൽ 18 മുതൽ 20 വരെ ക്രെഡിറ്റുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മൈനർ ബിരുദം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ട്.
36 ഹൈ-എൻഡ് ഇന്റർ ഡിസിപ്ലിനറി ഗവേഷണ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുകയും 25 ഐകെഎസ് സെന്ററുകളും 64 ഹൈ-എൻഡ് മൾട്ടി ഡിസിപ്ലിനറി ഗവേഷണ പ്രോജക്റ്റുകളും സ്ഥാപിച്ചു. ഐകെഎസിൽ ഏകദേശം 2,000 ഇന്റേൺഷിപ്പുകൾ വിളിച്ചിട്ടുണ്ട്. ഇത്ലോടകം 1.5 ലക്ഷം പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായെന്നും 8000-ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ പാഠ്യപദ്ധതിയിൽ ഐകെഎസ് സ്വീകരിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഗവേഷണ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സ്വകാര്യ മേഖല, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ച് വരുന്നു.
ജി-20യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് (EdWG) G20 അംഗങ്ങളുമായും അതിഥി രാജ്യങ്ങളുമായും, അന്താരാഷ്ട്ര ഓർഗനൈസേഷനുകളുമായും ചേർന്ന് വിദ്യാഭ്യാസത്തിലെ വിടവുകൾ നികത്താനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സാക്ഷരത ഉറപ്പാക്കുന്നതിലായിരിക്കും കേന്ദ്രത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.