IELTS
IELTS

വിദേശത്തേക്ക് പറക്കാൻ എളുപ്പത്തിൽ IELTS കടക്കാം

വായിക്കുക, എഴുതുക, കേൾക്കുക, സംസാരിക്കുക എന്നിവയാണ് IELTS പരീക്ഷയുടെ ഘട്ടങ്ങൾ
Updated on
3 min read

ജോലി, പഠനം, കുടിയേറ്റം തുടങ്ങിയ കാരണങ്ങളാൽ ഇംഗ്ലീഷ് പ്രാഥമിക ഭാഷയായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ആദ്യം കടക്കേണ്ട കടമ്പയാണ് ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS). ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ മാത്രമാണ് ഈ പരീക്ഷ പാസാവേണ്ടത്. IELTS ഒരു എഴുത്ത് പരീക്ഷ മാത്രമല്ല. ഇംഗ്ലീഷ് വായിക്കാനും എഴുതാനും, കേട്ട് മനസിലാക്കാനും സംസാരിക്കാനും തുടങ്ങി വിവിധ രീതിയിൽ ആശയവിനിമയം നടത്താനുള്ള പ്രാവീണ്യമുണ്ടോയെന്നാണ് ഈ പരീക്ഷ വിലയിരുത്തുന്നത്.

IELTS
IELTS

വായിക്കുക, എഴുതുക, കേൾക്കുക, സംസാരിക്കുക എന്നിവയാണ് IELTS പരീക്ഷയുടെ ഘട്ടങ്ങൾ. ഈ വിഭാഗങ്ങളിൽ ഓരോന്നിനും അതിന്റേതായ ചോദ്യങ്ങളും സമയപരിധിയും ഉണ്ട്. വായന, എഴുത്ത്, കേൾക്കൽ തുടങ്ങിയ ഘട്ടങ്ങൾ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. എന്നാൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള പരീക്ഷ ഉച്ചയ്ക്കു ശേഷമോ അല്ലെങ്കിൽ പരീക്ഷയെഴുതി 7 ദിവസത്തിനുള്ളിലോ ഷെഡ്യൂൾ ചെയ്യാവുന്നതാണ്. പൊതുവെ IELTS പാസാവുകയെന്നത് പ്രയാസമാണെന്നു പറയാറുണ്ടെങ്കിലും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ നിങ്ങൾക്കും വിജയിക്കാം.

listen
listen

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

1 ദിവസവും ഇംഗ്ലീഷ് ഭാഷയിലുള്ള വാർത്ത, ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ തുടങ്ങിയവ കാണുക. പുതിയ വാക്കുകളും ഉച്ചാരണവും മനസിലാക്കുവാൻ ഇത്തരത്തിലുള്ള പരിശീലനം ഉപകാരപ്പെടും.

2 ഇന്റർനെറ്റിൽ എല്ലാവിഷയങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണെങ്കിലും, ഏറ്റവും താല്പര്യമുള്ള മേഖലയിൽ നിന്നുള്ള വിഷയങ്ങളായിരിക്കണം തുടക്കത്തിൽ കേട്ട് പരിശീലിക്കേണ്ടത്. ആഴത്തിലുള്ള അക്കാദമിക് വിഷയത്തിലേക്ക് കടക്കുന്നതിന് മുൻപ് ഇങ്ങനെ ശീലിച്ചാൽ പരീക്ഷയിലുണ്ടാകുന്ന സമ്മർദത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം വർധിക്കും.

3) പരീക്ഷ വേളയിൽ ഒരു തവണ മാത്രമേ കേട്ട് മനസിലാക്കുന്നതിനായുള്ള റെക്കോർഡിംഗ് പ്ലേ ചെയ്യുകയുള്ളൂ, അതിനു മുന്നോടിയായി എല്ലാ നിർദ്ദേശങ്ങളും ചോദ്യങ്ങളും കൃത്യമായി നിങ്ങൾ വായിച്ച് മനസിലാക്കി കീവേഡുകൾ ഹൈലൈറ്റ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് റെക്കോർഡിംഗുകളുടെ സന്ദർഭം മുൻകൂട്ടി അറിയുവാനും ഭാഷ നന്നായി മനസ്സിലാക്കാനും സഹായിക്കും.

4) എഴുത്തു പരീക്ഷയുടെ അവസാനം പത്ത് മിനിറ്റ് സമയം അധികം ലഭിക്കും. ആ സമയത്ത് അക്ഷരതെറ്റുകൾ, വലിയ അക്ഷരങ്ങളുടെ ഉപയോഗം (capitalization) തുടങ്ങിയവ കൃത്യമാണോയെന്ന് ഉറപ്പാക്കുക. കൂടാതെ നിങ്ങളുടെ പ്രസ്താവനകളിൽ ഉപയോഗിച്ചിരിക്കുന്ന വ്യാകരണം, പദരൂപം തുടങ്ങിയവ ശരിയാണോയെന്നും പരിശോധിക്കണം.

reading
reading

വായിച്ച് വളരാം

1) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഇംഗ്ലീഷ് ഭാഷയിലുള്ള പത്രം, ആനുകാലികങ്ങള്‍, നോവലുകൾ തുടങ്ങിയവ വായിക്കുന്നത് വളരെ നല്ലതാണ്. വായിക്കുന്നതിനിടെ അർത്ഥമറിയാത്ത വാക്കുകൾ അടിവരയിടുകയോ, ഹൈലൈറ്റ് ചെയ്യുകയോ ചെയ്യുക. ശേഷം സന്ദർഭത്തിനനുസൃതമായി ഓരോ വാക്കിന്റെയും അർത്ഥം ഊഹിച്ചെടുക്കുവാൻ ശ്രമിക്കുക. ഇത്രയും ചെയ്തശേഷവും വാക്കിന്റെ അർത്ഥമെന്താണെന്ന് പിടികിട്ടുന്നില്ലെങ്കില്‍ നിഘണ്ടുവിന്റെ സഹായം തേടാവുന്നതാണ്.

2) അക്കാദമിക്കോ, ജനറൽ ടൈപ്പിലുള്ളതോ ആയ വ്യത്യസ്തതരം ചോദ്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ വായിച്ച് പരിശീലിക്കുക. മൂന്ന് ഖണ്ഡിക വായിച്ച് 40 ചോദ്യങ്ങൾക്ക് 60 മിനിറ്റിനുള്ളിൽ ഉത്തരം നൽകണമെങ്കിൽ അതിവേഗത്തിൽ വായിച്ച് പരിശീലിക്കണം.

3) ഒരു ഖണ്ഡികയിൽ നിന്നും അതിന്റെ സംഗ്രഹം പെട്ടെന്ന് കണ്ടെത്തുന്നതിനാണ് സ്‌കിമ്മിംഗ് എന്നു പറയുന്നത്. ഇതിനായി തന്നിരിക്കുന്ന ഖണ്ഡികയുടെ തലക്കെട്ടുകൾ വായിച്ചു, വിഷയം എന്തിനെക്കുറിച്ചെന്ന് മനസിലാക്കുക. ഒരോ ഖണ്ഡികയും പ്രതിപാദിക്കുന്നത് ഒരോ വിഷയത്തെ കുറിച്ചായിരിക്കും. ഇവിടെ പ്രധാനപ്പെട്ട വാക്യങ്ങളും വാക്കുകളും കണ്ടു പിടിക്കുക - ഇതിനെ സ്കാനിങ് എന്നു വിളിക്കാം. കണ്ടെത്തിയ വാക്കുകൾ ഉപയോഗിച്ച്, തന്ന മെറ്റീരിയൽ ശ്രദ്ധാപൂർവം വായിച്ച് ഉത്തരത്തിലേക്ക് എത്താൻ ശ്രമിക്കുക. ഈ വിദ്യ പരിചയമാകുന്നതിലൂടെ വിജയം ഉറപ്പാക്കാം.

writing
writing

എഴുതി പഠിക്കാം

1) എഴുത്തു പരീക്ഷയുടെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്നതിന് മുന്നോടിയായി, ആശയങ്ങൾ ക്രമീകരിക്കുക. അതായത് നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്നതിന്റെ ഒരു പ്രാഥമിക രൂപരേഖ ഉണ്ടാക്കുന്നതു വഴി ആശയങ്ങൾ കൃത്യമായി എഴുതാൻ സാധിക്കും

2) IELTS-ന്റെ പൊതു പരിശീലന മൊഡ്യൂളിൽ നിന്നും സാമ്പിൾ ലെറ്ററുകളും അക്കാദമിക് മോഡ്യൂളിൽ നിന്നും ഗ്രാഫ്, ചാർട്ട്, പൈ ഡയഗ്രാം എന്നിവയും ഓൺലൈനായി എടുക്കുക. ശേഷം ഈ മെറ്റീരിയലുകളുടെ സഹായത്താൽ ഉപന്യാസ ഘടന, പദാവലി, വാക്യ വൈവിധ്യം എന്നിവ പരിശോധിക്കുക.

3) എഴുത്തു പരീക്ഷയ്ക്ക് നിർദിഷ്ട രീതി കൃത്യമായി പാലിക്കുക. പരീക്ഷയുടെ സ്വഭാവം മുൻകൂട്ടി അറിയുവാൻ പരിശീലന പരീക്ഷകൾ എഴുതി നോക്കുക.

group
group

സുഹൃത്തുക്കളോട് സംസാരിക്കാം

1) സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കുക. പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ഇംഗ്ലീഷിൽ പ്രവീണ്യമുള്ളവരോട് സംസാരിക്കുന്നത് എളുപ്പത്തിൽ ഇംഗ്ലീഷ് പറയുവാൻ സഹായിക്കും.

2) പരീക്ഷയുടെ ഭാഗമായി സംസാരിക്കുമ്പോൾ വ്യാകരണത്തെക്കുറിച്ചോ ഭാഷയെക്കുറിച്ചോ ആശങ്കപ്പെടാതെ കഴിയുന്നത്ര നന്നായി ചോദ്യങ്ങൾക്ക് മികച്ച ഉത്തരം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

3) സ്‌പീക്കിങ് ടെസ്റ്റിന് ഇരിക്കുമ്പോൾ റെക്കോർഡിംഗ് ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ പരിശോധകനെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ഐ കോൺടാക്റ്റ് അവരിലേക്ക് ഫോക്കസ് ചെയ്യുക.

4) ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ ആംഗ്യങ്ങൾ അമിതമാവാതെ നോക്കണം, പരീക്ഷ ഒരു ഔപചാരിക രീതിയിലായതിനാൽ അര്‍ധ-ഔപചാരിക ഭാഷ ഉപയോഗിക്കാൻ ശ്രമിക്കുക.

IELTS-നായി തയ്യാറെടുക്കുന്നവർ ഈ കാര്യം ശ്രദ്ധിച്ചാൽ വളരെ പെട്ടെന്ന് പരീക്ഷ പാസാകുവാൻ സാധിക്കും. കാരണം, ഇംഗ്ലീഷ് പരിജ്ഞാനത്തേക്കാൾ വിജയകരമായി ആശയവിനിമയം നടത്താനുള്ള കഴിവിനെയാണ് IELTS വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in