'ഒരു നറുപുഷ്പമായ്...'; ഒ എൻ വിയുടെ തിരഞ്ഞെടുത്ത പത്ത് പ്രണയഗാനങ്ങൾ
മലയാളത്തിന്റെ അനുഗ്രഹവും അഭിമാനവുമായ ഒഎൻവി കുറുപ്പ് ഓർമയായിട്ട് ഇന്നേക്ക് 8 വർഷങ്ങൾ തികയുകയാണ്. 2016 ഫെബ്രുവരി 13 ന് തന്റെ 84 -ാം വയസിലാണ് ഒഎൻവി കുറുപ്പ് മലയാളികളെ വിട്ടുപിരിഞ്ഞത്.
1931 മെയ് 27 നാണ് ചവറയിലെ ഒറ്റപ്പിലാവിലാവിൽ ഒ എൻ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ഒറ്റപ്ലാക്കിൽ നമ്പ്യാടിക്കൽ നീലകണ്ഠൻ വേലുക്കുറുപ്പെന്ന ഒഎൻവി കുറുപ്പിന്റെ ജനനം. സാഹിത്യരംഗത്തും സിനിമ രംഗത്തും ഒരേസമയം തിളങ്ങിയ അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ഒരേസമയം നിരവധി കവിതകളും അതേസമയം കവിത തുളുമ്പുന്ന നാടക - സിനിമാഗാനങ്ങളും ഒഎൻവി കുറുപ്പ് മലയാളികൾക്ക് സമ്മാനിച്ചു.
ജി ദേവരാജൻ മാസ്റ്ററുമായി ഒഎൻവി കുറുപ്പിനുണ്ടായ സൗഹൃദമാണ് അദ്ദേഹത്തെ നാടക - സിനിമാരംഗത്തേക്ക് എത്തിച്ചത്. നിരവധി നാടകങ്ങൾക്ക് ഗാനങ്ങളെഴുതിയ ഒഎൻവി കുറുപ്പ് 1955 ലാണ് സിനിമ ഗാനങ്ങൾ എഴുതി തുടങ്ങിയത്. 14 സംസ്ഥാന പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും ഗാനരചനയിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒഎൻവി 2007ൽ സാഹിത്യത്തിലെ പരമോന്നത ഇന്ത്യൻ പുരസ്‌കാരമായ ജ്ഞാനപീഠം അവാർഡും സ്വന്തമാക്കി. പത്മശ്രീ, പത്മവിഭൂഷൺ പുരസ്‌ക്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഒഎൻവി കുറുപ്പ് എഴുതിയ ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് പ്രണയ ഗാനങ്ങൾ പരിചയപ്പെടാം.
നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി
ഒഎൻവിയുടെ വരികൾക്ക് മോഹൻസിത്താര സംഗീതം പകർന്ന ഗാനമാണ് 'നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി' എന്ന് തുടങ്ങുന്ന ഗാനം. വചനം എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനം യേശുദാസ് ആണ് ആലപിച്ചത്. ജയറാം, സുരേഷ് ഗോപി, സിതാര തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അല്ലിമലർക്കാവിൽ പൂരം കാണാൻ
പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനത്തിലെ 'അല്ലിമലർക്കാവിൽ പൂരം കാണാൻ' എന്ന ഗാനത്തിന് സംഗീതം പകർന്നത് എം ജി രാധാകൃഷ്ണനായിരുന്നു. എം ജി ശ്രീകുമാർ ആലപിച്ച ഗാനം കാനഡ രാഗത്തിലാണ് ഒരുക്കിയത്. മോഹൻലാൽ, ഉർവശി, ശ്രീനിവാസൻ, ജഗതി, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലെ ഗാനമായിരുന്നു 'ശ്രീരാഗമോ തേടുന്നു നീ'. ശരത് സംഗീതം പകർന്ന ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ഒഎൻവിയായിരുന്നു എഴുതിയത്. മോഹൻലാലിനൊപ്പം ശോഭന, വിന്ദുജ മേനോൻ, തിലകൻ, കെപിഎസി ലളിത, ശ്രീനിവാസൻ, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
ഒഎൻവിയുടെ കവിതയും പ്രണയവും ഒരേപോലെ ഇഴചേർന്ന ഗാനങ്ങളിൽ ഒന്നായിരുന്നു മേഘമൽഹാറിലെ 'ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന' എന്ന ഗാനം. യേശുദാസ് ആലപിച്ച ഗാനം രമേശ് നാരായണനായിരുന്നു ഒരുക്കിയത്. ബിജു മേനോനും സംയുക്ത വർമ്മയുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിനായി യേശുദാസ് ആലപിച്ച ഗാനത്തിന് എം ജയചന്ദ്രനായിരുന്നു സംഗീതം പകർന്നത്. ഇന്ദ്രജിത്തും ധന്യമേരി വർഗീസുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സുഖമോ ദേവി
സുഖമോ ദേവി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുഖമോ ദേവി എന്ന് തന്നെ തുടങ്ങുന്ന ഗാനം ഒഎൻവി ഒരുക്കിയത്. രവീന്ദ്രൻ മാസ്റ്റർ സംഗീതം പകർന്ന ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. മോഹൻലാൽ, ശങ്കർ, ഉർവശി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം
ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിന് വേണ്ടി ഒഎൻവി കുറുപ്പ് എഴുതി ദക്ഷിണാമൂർത്തി സംഗീതം പകർന്ന ഗാനമാണ് 'വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം'. വിനീത്, കാർത്തിക, ജയഭാരതി, തിലകൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
ജോൺസണിന്റെ സംഗീതത്തിൽ ഒഎൻവി കുറുപ്പ് എഴുതിയ 'മെല്ലെ മെല്ലെ മുഖപടം' എന്ന ഗാനം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്ന ചിത്രത്തിലേതായിരുന്നു. യേശുദാസ് ആണ് ഗാനം ആലപിച്ചത്. ചിത്രത്തിൽ പാർവതി, നെടുമുടി വേണു, ശാരദ, ദേവൻ തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
വൈശാലി എന്ന ചിത്രത്തിനായി ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ബോംബെ രവി ഒരുക്കിയ ഈണത്തിൽ ഒരുങ്ങിയ ഗാനമായിരുന്നു 'ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ' എന്ന ഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചത്. സുപർണ്ണ ആനന്ദ്, സഞ്ജയ് മിത്ര, നെടുമുടി വേണു, ബാബു ആന്റണി, ഗീത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രണയമൊരാനന്ദ യുഗ്മഗാനം
2012 ൽ ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്ന് പി ജയചന്ദ്രൻ ആലപിച്ച ഗാനമായിരുന്നു 'പ്രണയമൊരാനന്ദ യുഗ്മഗാനം'. കലികാലം എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. ശാരദ, അശോകൻ, ലാലു അലക്‌സ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.