ലോകം കീഴടക്കിയ ഏഴ് യുവാക്കളുടെ കഥ : സംഗീതലോകത്ത് പത്ത് വർഷം പിന്നിട്ട് ബിടിഎസ്
ലോകമൊട്ടാകെ ആരാധകരുള്ള പ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസിന്റെ പത്താം വാർഷികം ആഘോഷമാക്കുകയാണ് ആരാധകഗ്രൂപ്പായ ആർമി. 2012 ജൂൺ 13 നാണ് ബിടിഎസ് കെ പോപ്പ് ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ വിവിധ ജനറേഷനുകളിൽ പെട്ട ഒട്ടനവധി പോപ്പ് ഗ്രൂപ്പുകളുള്ള ദക്ഷിണ കൊറിയയിൽ തങ്ങളുടെ വരവറിയിക്കാൻ ബിടിഎസിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഇന്ന് ലോകത്തിന്റെ എല്ലാഭാഗത്തും ആരാധകരുള്ള സംഘമായി ഈ ഏഴ് ചെറുപ്പക്കാർ വളർന്നു കഴിഞ്ഞു.
പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സിംഗിൾ 'ടേക്ക് ടു' കൊറിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം 7.3 ദശലക്ഷത്തിലധികം സ്ട്രീമുകൾ സ്വന്തമാക്കി സ്‌പോട്ടിഫൈയുടെ ഗ്ലോബൽ ടോപ്പ് 50 ചാർട്ടിൽ ഒന്നാമതെത്തി. 2022-ൽ യൂട്യൂബിൽ, അവരുടെ ഗാനങ്ങൾ ഏകദേശം 8 ബില്ല്യൺ തവണ സ്ട്രീം ചെയ്യപ്പെട്ടു. പോപ്പ് രാജാക്കന്മാരായ ടെയ്‌ലർ സ്വിഫ്റ്റിനെയും വീക്കെൻഡിനെയും പിന്നിലാക്കിയാണ് ഈ നേട്ടം. ആഗോളതലത്തിൽ ഏകദേശം 80 ദശലക്ഷം ആളുകൾ മാത്രം സംസാരിക്കുന്ന ഒരു ഭാഷയെ പ്രതിനിധീകരിക്കുന്ന ഏഴ് ചെറുപ്പക്കാരുടെ സംഘം ഈ നേട്ടങ്ങൾ കരസ്ഥമാക്കുന്നത് ഇപ്പോഴും പലർക്കും കൗതുകകരമായ കാര്യമാണ്.
ഇന്ത്യയിലുള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് ബിടിഎസിനുള്ളത്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ട്വിറ്ററിലുമൊക്കെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്ന്. അതിലേക്കുള്ള യാത്ര ബിടിഎസിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല.
BTS എന്നതിന്റെ പൂർണ്ണരൂപം കൊറിയൻ ഭാഷയിൽ Bangtan Sonyondan എന്നാണ്. അർഥം ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ്. പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോൾ ആത്മവിശ്വാസവും ശക്തിയും പ്രകടിപ്പിക്കുക എന്നോർമപ്പെടുത്തുന്ന പേര്. 1990 കളിൽ ആധുനിക പോപ്പ് സംഗീതലോകത്തെ നിർമ്മാതാവും ഗാനരചയിതാവും ആയിരുന്ന ബാംഗ് ഷി ഹ്യുക്കാണ് സംഘത്തിന് രൂപം കൊടുക്കുന്നത്.
1950-ലെ കൊറിയൻ യുദ്ധം മുതൽ, ദക്ഷിണ കൊറിയ സ്വേച്ഛാധിപതികളുടെയും കലാപങ്ങളുടെയും ഒരു പരമ്പരക്ക് തന്നെ സാക്ഷ്യം വഹിച്ചിരുന്നു. 1980 കളോടെയാണ് രാജ്യത്ത് ഒരു സ്ഥിരത കൈവരുന്നത്. 1990കളോടെയാണ് അഭിപ്രായപ്രകടനത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നത്. അക്കാലത്ത് കിഴക്കൻ ഏഷ്യയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി സംസ്‌കാരത്തിലും കലകളിലും വൻതോതിൽ നിക്ഷേപം നടത്താനുള്ള അവസരമായി ഗവണ്മെന്റ് ഉപയോഗിച്ചു. ഹല്യു എന്നറിയപ്പെട്ട ഈ കൊറിയൻ സാംസ്‌കാരിക തരംഗമാണ് കൊറിയൻ ഡ്രാമകളുടെയും സിനിമകളുടെയും വളർച്ചയുടെ പ്രധാന കാരണം. അമേരിക്കൻ പോപ്പ്, റാപ്പ്, ആർ&ബി സംഗീതം എന്നിവയുടെ സ്വാധീനത്തോടെയാണ് കെ പോപ്പ് ഉയർന്നുവരുന്നത്.
2005-ൽ ആണ് ബാംഗ് ഷി ഹ്യുക്കിന്റെ ബിഗ് ഹിറ്റ് എന്റർടൈൻമെന്റ് രൂപീകൃതമാവുന്നത്. 2010 ഓടെ കമ്പനി സാമ്പത്തിക തകർച്ചയിലായി. അപ്പോഴാണ് നിലവിലുള്ള കെ പോപ്പ് ഗ്രൂപുകളിൽ നിന്ന് വ്യത്യസ്തമായി യുവാക്കളോട് അടുത്തിടപഴകാൻ സാധിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ ബിഗ് ഹിറ്റ് തീരുമാനിക്കുന്നത്. ആദ്യം 16 വയസ്സുള്ള റാപ്പറായ കിം നാംജൂനെ ഓഡിഷൻ ചെയ്ത് കണ്ടെത്തി ഗ്രൂപ്പിൻറെ ലീഡർ ആക്കി. ശേഷം മിൻ യൂങ്കി (സുഗ), ജെ ഹോപ്പ് എന്നീ റാപ്പർമാരെ കൂടി ടീമിൽ എടുത്തു. ഒരു ഹിപ്-ഹോപ്പ് ഗ്രൂപ്പ് നിർമ്മിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ അത് പോരെന്ന് തോന്നിയതോടെ ജുങ്കുക്ക്, വി, പാർക്ക് ജി-മിൻ, ജിൻ എന്നിവർ കൂടി ബിടിഎസിന്റെ ഭാഗമായി. ഒരു ബസിൽ യാത്ര ചെയ്യവെയാണ് കാസ്റ്റിംഗ് ഡയറക്ടർ ജിന്നിനെ കണ്ടെത്തുന്നത് , ജെ ഹോപ്പ് ആവട്ടെ ഒരു സ്ട്രീറ്റ് ഡാൻസർ ആയിരുന്നു. ഇവരാരും ഇതിന് മുൻപ് പാട്ടിലോ ഡാൻസിലോ പരിശീലനം നേടിയിരുന്നില്ല.
കൂടുതൽ പരിശീലനങ്ങൾക്ക് ശേഷം 2013 ൽ അവർ കെ പോപ്പിലേക്ക് ചുവട് വെച്ചു. അക്കാലത്തെ മിക്ക ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി, BTS-ന് സ്വയം പ്രകടിപ്പിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. അവരുടെ യുവാക്കളായ ആരാധകരുമായി സംവദിക്കാൻ സ്കൂൾ വിദ്യാഭ്യാസത്തിന്റെ സമ്മർദ്ദങ്ങളെക്കുറിച്ചും ആദ്യ പ്രണയത്തെക്കുറിച്ചുമെല്ലാം കൊറിയൻ ഭാഷയിൽ അവർ പാട്ടുകളെഴുതി. തങ്ങളുടെ ആദ്യ ഗാനമായ 'നോ മോർ ഡ്രീമിൽ' മാതാപിതാക്കളുടെ ഇഷ്ടത്തിന് മാത്രം ജീവിച്ച് സ്വന്തം സ്വപ്‌നങ്ങൾ ത്യജിക്കുന്ന രീതിയെ അവർ ചോദ്യം ചെയ്തു.
ആദ്യകാലങ്ങൾ വലിയ വിജയങ്ങൾ കൊയ്യാൻ ആയില്ലെങ്കിലും 2015-ലെ ദി മോസ്റ്റ് ബ്യൂട്ടിഫുൾ മൊമെന്റ് ഇൻ ലൈഫ് pt 1 എന്ന ആൽബത്തിലൂടെ തങ്ങളുടേതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉറപ്പിക്കാൻ ബാൻഡിന് സാധിച്ചു. ലക്ഷ്യബോധമില്ലാത്ത യൗവ്വനത്തിന്റെ നിരാശയും യുവതയുടെ അഭിനിവേശങ്ങളും അവരുടെ വരികളുടെ ഭാഗമായി. ആഭ്യന്തരമായ വിജയത്തോടെ ജപ്പാനിലേക്കും കിഴക്കൻ ഏഷ്യയിലെ മറ്റ് പരമ്പരാഗത കെ-പോപ്പ് വിപണികളിലേക്കും ബിടിഎസ് വ്യാപിച്ചു.
പുതിയ തലമുറയുടെ പ്രശ്നങ്ങൾക്ക് കാരണമായി കൊറിയയിൽ നിലനിൽക്കുന്ന സാമൂഹ്യ ഘടനയെ അവർ സംഗീതത്തിലൂടെ വെല്ലുവിളിച്ചു. ഇങ്ങനെ 'ആർമി' എന്ന പേരിൽ അവർക്ക് വലിയ ഒരു ആരാധകവൃന്ദം വളർന്നു വന്നു. പിന്നാലെ അന്താരാഷ്ട്ര തലത്തിലും ബിടിഎസിന് ആരാധകർ ഉണ്ടായി. കൊറിയൻ ആരാധകർ അന്താരാഷ്ട്ര ആരാധകരെ സഹായിക്കാൻ അവരുടെ പാട്ടുകളും പ്രസംഗങ്ങളും ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്തു.
2020ലെ ഡൈനാമിറ്റ് എന്ന ആൽബത്തോടെയാണ് ബിടിഎസ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ യു.എസിലും യു.കെ.യിലുമുള്‍പ്പെടെ ആഗോള സംഗീതവിപണിയില്‍ ആധിപത്യം സ്ഥാപിച്ച ആദ്യ സമ്പൂര്‍ണ കൊറിയന്‍ ഗായകസംഘമാണ് ബിടിഎസ്. എണ്ണമില്ലാത്ത റെക്കോർഡുകളുടെ ഉടമകൾ. കൊറിയന്‍ പോപ്പ് സംഗീതത്തെ ലോകനിലവാരത്തില്‍ എത്തിക്കുകയും രാജ്യത്തിനു വലിയ വരുമാന് നേടിക്കൊടുക്കുകയും ചെയ്തു. ബിടിഎസിന്റെ വിജയഗാഥ അങ്ങനെ സംഗീതലോകത്തെയാകെ കീഴടക്കി മുന്നേറുകയാണ്.