തലസ്ഥാനത്ത് ഇനി ഐഡിഎസ്എഫ്എഫ്‌കെ ദിനങ്ങള്‍; 16-ാമത് മേളയ്ക്ക് നാളെ തിരിതെളിയും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളയ്ക്ക് നാളെ തുടക്കം. വൈകീട്ട് ആറിന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മേള ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം എല്‍ എ അധ്യക്ഷനാകും.
ഉദ്ഘാടന ചടങ്ങില്‍ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, മന്ത്രി എം ബി രാജേഷ് ബേഡി ബ്രദേഴ്സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
2024 ജൂലൈ 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 54 രാജ്യങ്ങളില്‍നിന്നുള്ള 335 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ മൂന്നു തിയേറ്ററുകളിലും പ്രദര്‍ശനമാരംഭിക്കും. റൗള്‍ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആന്റ് ഫൗണ്ട്' ആണ് ഉദ്ഘാടന ചിത്രം. ഈ വര്‍ഷത്തെ കാന്‍ മേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്. ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വര്‍ണവിവേചനം നിലനിന്നിരുന്ന കാലത്തെ കറുത്ത വര്‍ഗക്കാരുടെ ദുരിതജീവിതം പകര്‍ത്തുകയാണ് ഈ ചിത്രം.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്സണ്‍ ഉര്‍മി ജുവേക്കര്‍ക്ക് ഫെസ്റ്റിവല്‍ ബുക്ക് കൈമാറും. ഡെയ്ലി ബുള്ളറ്റിന്റെ പ്രകാശനകര്‍മ്മം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ്മയ്ക്കു നല്‍കിയും നിര്‍വഹിക്കും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്, 16ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ വിവിധ പാക്കേജുകളുടെ ക്യുറേറ്റര്‍മാരായ ശില്‍പ്പ റാനഡെ, ആര്‍.പി അമുദന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുക്കും.