പ്ലസ് ടു വിദ്യാർഥിനി സംവിധായകയാകുന്ന ചിത്രം; ക്ലാസ്സ് - ബൈ എ സോള്‍ജിയർ രണ്ടാമത്തെ പോസ്റ്റര്‍
പ്ലസ് ടു വിദ്യാര്‍ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്ലാസ്സ് - ബൈ എ സോള്‍ജിയർ'. വിജയ് യേശുദാസ്, മീനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് ജയിച്ച പട്ടാളക്കാരോടുള്ള ആദരവായാണ് കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയത്തെ അനുസ്മരിക്കുന്ന ഇന്നു തന്നെ പോസ്റ്റര്‍ റിലീസ് ചെയ്തതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഗായകനും നടനുമായ വിജയ് യേശുദാസാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈനിക വേഷത്തിലെ വിജയ് യോശുദാസാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. 'സാഫ്നത്ത് ഫ്നെയാ' ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍, ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമല്‍ രാജ്, ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമന്‍, ലിജോ മധുരവേലി, ധനലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോട്ടയം ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാര്‍ഥിനിയായ ചിന്മയി ക്ലാസ്സ് - ബൈ എ സോള്‍ജിയറിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സ്‌കൂള്‍ പശ്ചാത്തലമാകുന്ന സിനിമയുടെ തിരക്കഥയൊരുക്കിയത് അനില്‍രാജാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബെന്നി ജോസഫാണ്. എഡിറ്റര്‍ - റെക്‌സണ്‍ ജോസഫ് , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുഹാസ് അശോകന്‍. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജാണ് സംഗീതം പകരുന്നത്.