2018 ഇരുനൂറ് കോടിയിലേക്ക്; ഒടിടി റിലീസിൽ നിരാശയില്ലെന്ന് നിർമാതാവ്, അവകാശം വിറ്റത് മൂന്നുമാസം മുൻപ്
മലയാള സിനിമയുടെ സർവകാല റെക്കോർഡുകളും തകർത്ത് 2018 ഇരുനൂറ് കോടി ക്ലബിലേക്ക്. സാറ്റലൈറ്റ്, ഒടിടി, ഓവര്‍സീസ്, തീയേറ്റര്‍ കളക്ഷന്‍ എന്നിങ്ങനെ എല്ലാം കൂടി ചിത്രത്തിന്റെ വരുമാനം ഏകദേശം 200 കോടിയായെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി ദ ഫോർത്തിനോട് പറഞ്ഞു. തീയേറ്റർ കളക്ഷൻ മാത്രം 160 കോടിക്ക് മുകളിലായെന്നും അദ്ദേഹം വ്യക്തമാക്കി.
റെക്കോർഡുകൾ തകർത്ത് തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സോണി ലിവ്. ജൂൺ ഏഴു മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. എന്നാൽ ഇതിൽ നിരാശയില്ലെന്നും മൂന്ന് മാസം മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവിന് വിറ്റതാണെന്നുമാണ് നിർമാതാവിന്റെ മറുപടി.
തീയേറ്ററിലെത്തി 30 ദിവസം മുതൽ സ്ട്രീമിങ് ആരംഭിക്കാമെന്നാണ് സോണി ലിവുമായുള്ള ധാരണ. വലിയ സിനിമകൾ തീയേറ്റര്‍ റിസ്‌കില്‍ മാത്രമായി റിലീസ് ചെയ്യാനാകില്ലെന്നും 2018 ഇത്രയും വിജയം ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.
ഒടിടിയിൽ റിലീസ് ചെയ്താലും ചിത്രം തീയേറ്ററിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീയേറ്റർ എക്സ്പീരിയൻസ് ആവശ്യമുള്ള ചിത്രമായതിനാൽ തന്നെ ആളുകയറുമെന്നാണ് പ്രതീക്ഷയെന്നും വേണു കുന്നപ്പിള്ളി പ്രതികരിച്ചു
ജൂൺ 2 ന് സ്ട്രീമിങ് ആരംഭിക്കാമെന്നിരിക്കെ അഞ്ചു ദിവസം നീട്ടി തന്നത് സോണി ലിവിന്റെ ദയയാണ്
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ...
ഈ കാലത്ത് സിനിമയുടെ പ്രധാന ബിസിനസാണ് ആണ് സാറ്റലൈറ്റും ഒടിടിയും. കോടികള്‍ മുടക്കി എടുക്കുന്ന സിനിമകൾ, തീയേറ്റര്‍ റിസ്‌കില്‍ മാത്രമായി നമ്മുക്ക് വിട്ടുകൊടുക്കാനാകില്ല. തീയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒടിടി, സാറ്റലൈറ്റ് ബിസിനസിലൂടെ മുടക്ക് മുതലിന്‌റെ ഒരു ഭാഗമെങ്കിലും തിരിച്ചുപിടിക്കാനാകും. അതിനാല്‍ തന്നെ ആ സാധ്യത ഉപയോഗപ്പെടുത്താതെയിരിക്കാനാകില്ല.
ഒടിടി ബിസിനസ് ചെയ്യുന്ന സമയത്ത് ഈ സിനിമ ഇത്രയും ഹിറ്റ് ആകുമെന്നോ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നോ കരുതിയിരുന്നില്ല
2018 ന്‌റെ കാര്യത്തില്‍, റിലീസിനും മൂന്ന് നാലു മാസം മുന്‍പ് തന്നെ സോണി ലിവും ഏഷ്യാനെറ്റുമായി ധാരണയിലെത്തിയതാണ്. തീയേറ്ററില്‍ റിലീസ് ചെയ്ത് 30 ദിവസം കഴിഞ്ഞാല്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കാമെന്നതാണ് ധാരണ. അങ്ങനെ നോക്കുമ്പോള്‍ ജൂണ്‍ രണ്ടിന് രാത്രി മുതല്‍ തന്നെ സോണി ലിവിന് ചിത്രത്തിന്‌റെ സ്ട്രീമിങ് ആരംഭിക്കാമായിരുന്നു. പക്ഷേ അവര്‍ അഞ്ച് ദിവസം കൂടി വൈകി ജൂണ്‍ 7 ന് മാത്രമാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. തീയേറ്ററില്‍ ചിത്രം ഇത്രയും ഹിറ്റായത് കൊണ്ടാണ് അവര്‍ കുറച്ച് ദിവസം കൂടി നീട്ടിത്തരുന്നത്. അത് അവരുടെ ദയയായി മാത്രമേ കാണാനാകൂ. കരാര്‍ അനുസരിച്ച് മുപ്പത് ദിവസം കഴിഞ്ഞാല്‍ അവര്‍ക്കാണ് അവകാശം.
2018 വളരെ വേഗത്തില്‍ തീയേറ്ററില്‍ നിന്ന് എടുത്തുമാറ്റുമെന്ന് തോന്നുന്നില്ല
എല്ലാ ഭാഷകളിലുമുള്ള അവകാശം സോണി ലിവിന് നല്‍കിയിട്ടുണ്ട്. സാധാരണയായി മൊഴിമാറ്റുന്ന ചിത്രങ്ങളൊന്നും രണ്ടാഴ്ചയില്‍ കൂടുതല്‍ തീയേറ്ററില്‍ നില്‍ക്കാറില്ല. 2018 ന്‌റെ എല്ലാ ഭാഷകളിലുമുള്ള ചിത്രത്തിനും തീയേറ്ററില്‍ രണ്ടാഴ്ച സമയം കിട്ടും. ഒടിടി ബിസിനസ് ചെയ്യുന്ന സമയത്ത് ഈ സിനിമ ഇത്രയും ഹിറ്റ് ആകുമെന്നോ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നോ കരുതിയിരുന്നില്ല.
ഒടിടിക്ക് വിറ്റത് നേരത്തെയായി പോയെന്ന് തോന്നുന്നില്ല , കാരണം ഒടിടിക്ക് വിറ്റശേഷം മാത്രമേ തീയേറ്ററില്‍ റിലീസ് ചെയ്യൂയെന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ നിരാശയില്ല , ഇത്രയും വലിയ ചിത്രം തീയേറ്റര്‍ റിസ്‌കില്‍ മാത്രം റിലീസ് ചെയ്യാനാകുമായിരുന്നില്ല, പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും കരുതിയില്ല
ഒടിടിയില്‍ റിലീസ് ചെയ്താലും തീയേറ്ററില്‍ കാണേണ്ടവര്‍ക്ക് കാണാമെന്നാണ് തോന്നുന്നത്. കാരണം ഇപ്പോഴും മിക്ക തീയേറ്ററുകളിലും പല ഷോകളും ഹൗസ് ഫുള്‍ ആണ്. അങ്ങനെയൊരു ചിത്രം വളരെ വേഗത്തില്‍ തീയേറ്ററില്‍നിന്ന് എടുത്തുമാറ്റുമെന്ന് തോന്നുന്നില്ല. ഒടിടി സ്ട്രീമിങ് ആരംഭിച്ചാല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയില്ല. മാളികപ്പുറം 42 -ാം ദിവസം ഒടിടിയില്‍ വന്നെങ്കിലും നൂറു ദിവസം വരെ ഓടിച്ച തീയേറ്ററുകളുണ്ട്. അതിനാല്‍ ആളുണ്ടെങ്കില്‍ തീയേറ്ററില്‍ ഷോ ഉണ്ടാകും. തീയേറ്റര്‍ എക്‌സീപിരിയന്‍സ് ആവശ്യമായതിനാല്‍ തന്നെ തീയേറ്ററില്‍ ആളുകയറുമെന്ന് തന്നെയാണ് പ്രതീക്ഷ.
സിനിമ തീയേറ്ററില്‍ എത്തിയ ഉടനെ ടെലിഗ്രാമില്‍ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു. എന്നിട്ടുപോലും കേരളത്തില്‍നിന്ന് മാത്രമല്ല യുഎസ്, യു കെ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് പോലും റെക്കോര്‍ഡ് കളക്ഷന്‍ കിട്ടിയത് തീയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി പ്രേക്ഷകര്‍ ആഗ്രഹിച്ചതുകൊണ്ടാണ്.
എല്ലാ ചിത്രങ്ങളും 48 ദിവസത്തിനുശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂയെന്ന് തീയേറ്റര്‍ ഉടമകള്‍ ഇടയ്ക്ക് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഒരു ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മിലുണ്ടായാല്‍ ഇനിയുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ അത് പാലിക്കും.
സാറ്റലൈറ്റ്, ഒടിടി തുക ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സാറ്റലൈറ്റ് ഒടിടി ഓവര്‍സീസ് തീയേറ്റര്‍ കളക്ഷന്‍ എല്ലാം കൂടി ചിത്രത്തിന്റെ വരുമാനം ഏകദേശം 200 കോടിയായിട്ടുണ്ട്. തീയേറ്റർ കളക്ഷൻ മാത്രം 160 കോടിക്ക് മുകളിലായി.