ലഗാൻ നായിക റേച്ചൽ ഷെല്ലി വീണ്ടുമെത്തുന്നു; മടങ്ങിവരവ് 22 വർഷത്തിന് ശേഷം
ഭുവനേയും സുഹൃത്തുക്കളേയും ക്രിക്കറ്റ് പഠിപ്പിക്കുന്ന എലിസബത്ത്. ലഗാൻ സിനിമ കണ്ട ആരും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ സഹോദരിയായ എലിസബത്ത് റസൽ എന്ന കഥാപാത്രത്തെ മറക്കില്ല, നായികാ കഥാപാത്രങ്ങളിലൊന്നായ എലിസബത്തിന് ജീവൻ നൽകിയ ഹോളിവുഡ് താരം റേച്ചൽ ഷെല്ലിയേയും.
ലഗാൻ റിലീസ് ചെയ്ത് 22 വർഷം പിന്നിട്ടെങ്കിലും റേച്ചലിനെ മറ്റൊരു ഇന്ത്യൻ സിനിമയിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ റേച്ചൽ ഷെല്ലി വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ്. ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറിലൂടെ.
'കോഹ്‌റാ' എന്ന ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറിലൂടെയാണ് റേച്ചൽ ഷെല്ലിയുടെ മടങ്ങിവരവ്. വിവാഹത്തിന് തൊട്ടുമുന്‍പ് ഒരു എന്‍ആര്‍ഐ കൊല്ലപ്പെടുന്നതും അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ബരുണ്‍ സോബ്തി, സുവീന്ദര്‍ വിക്കി, വരുണ്‍ ബഡോല, ഹര്‍ലീന്‍ സേത്തി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.
റേച്ചലിനെ സിനിമയിലേക്ക് തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം ലഗാനിലെ കഥാപാത്രം തന്നെയായിരുന്നുവെന്ന് കോഹ്റ സംവിധായകൻ സുദീപ് ശർമ പറയുന്നു. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള റേച്ചലിന്റെ താത്പര്യവും ഇവിടുത്തെ രീതികളെ കുറിച്ചുള്ള അറിവുമെല്ലാം അവരെ പരിഗണിക്കുന്നതിൽ പോസിറ്റീവ് ഘടകമായിരുന്നെന്ന് സുദീപ് ശർമ പറഞ്ഞു.
അശുതോഷ് ഗൊവാരിക്കര്‍ സംവിധാനം ചെയ്ത ലഗാനില്‍ ശക്തയായ സ്ത്രീ കഥാപാത്രമായിരുന്നു റേച്ചലിന്റേത്. 2001-ൽ പുറത്തിറങ്ങിയ ലഗാൻ വൻ ബജറ്റിലൊരുക്കിയ ചിത്രമാണ്. 2002ൽ ഔദ്യോഗിക ഓസ്‌കാര്‍ നോമിനേഷനായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രത്തിനായി നോമിനേഷന്‍ ലഭിച്ചെങ്കിലും പുരസ്‌കാരം നേടാനായില്ല.