മമ്മൂട്ടിയുടെ രാക്ഷസരാജാവിന് 22 വയസ്; രാമനെ രാജാവാക്കേണ്ടി വന്ന കഥയുമായി സംവിധായകൻ വിനയൻ
മമ്മൂട്ടിയുടെ പോലീസ് വേഷങ്ങളിൽ എന്നും വേറിട്ട് നിൽക്കുന്ന കഥാപാത്രമാണ് രാക്ഷസരാജാവിലെ രാമനാഥൻ. അധികാര കേന്ദ്രങ്ങളിലുള്ള വരെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും പണമുണ്ടാക്കുന്ന, ധിക്കാരിയായ അഴിമതിക്കാരനായ സിറ്റി പോലീസ് കമ്മീഷണർ. ചിത്രത്തിന് രാക്ഷസരാമൻ എന്നായിരുന്നു ആദ്യം നൽകിയിരുന്ന പേര്. വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് അന്ന് ചിത്രത്തിന്റെ പേര് രാക്ഷസരാജാവെന്ന് മാറ്റേണ്ടി വന്നതെന്ന് സംവിധായകൻ വിനയൻ ദ ഫോർത്തിനോട് പറഞ്ഞു. പേര് മാറ്റാൻ ആഗ്രഹമില്ലായിരുന്നെങ്കിലും ഓണത്തിന് ചിത്രം റിലീസ് ചെയ്യേണ്ടതിനാലും നിർമാതാവിന്റെ സമർദവും കൊണ്ടാണ് രാക്ഷസ രാമനെ രാക്ഷസരാജാവാക്കിയതെന്നും വിനയൻ പറഞ്ഞു.
മമ്മൂക്ക ഡേറ്റുമായി വിളിച്ച് കഥയുണ്ടോ എന്ന് ചോദിക്കുമ്പോൾ എങ്ങനെ ഇല്ലെന്ന് പറയും?
രാക്ഷസരാജാവിന്റെ കഥ
2001 ലാണ് , ഞാൻ കരുമാടികുട്ടൻ ചെയ്ത് കൊണ്ടിരിക്കുന്ന സമയം. മമ്മുക്ക ചെയ്യാനിരുന്ന ഏതോ പടം ഡ്രോപ് ആയി. അതുകൊണ്ട് മമ്മൂക്കയ്ക്ക് ഡേറ്റ് ഉണ്ട്. മമ്മൂക്ക എന്നെ വിളിച്ചു, കഥ വല്ലതുമുണ്ടോ എന്ന് ചോദിച്ചു. സത്യത്തിൽ കഥയുണ്ടായിരുന്നില്ല. പക്ഷേ മമ്മൂക്ക ഡേറ്റുമായി വിളിച്ച് കഥയുണ്ടോ എന്ന് ചോദിക്കുമ്പോൾ എങ്ങനെ ഇല്ലെന്ന് പറയും? ഉണ്ടെന്ന് തന്നെ പറഞ്ഞു. കഥ പറയാൻ ചെന്നൈയിലേക്ക് ചെല്ലാൻ പറഞ്ഞു, അന്ന് അദ്ദേഹം അവിടെയാണ് താമസം.
ഫോൺ വച്ച് കഴിഞ്ഞാണ് കഥയെ കുറിച്ച് ആലോചിക്കുന്നത് തന്നെ. ആ സമയത്ത് ആലുവ കൂട്ടക്കൊല കേസ് നടന്നിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ, വാർത്തയിലൊക്കെ സംഭവം നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ പിന്നെ അതു തന്നെയാകട്ടെ എന്ന് കരുതി. വൺ ലൈനുമായി മമ്മുക്കയെ പോയി കണ്ടു., ചെന്നൈയിലെ ആദിത്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. കഥ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു. പക്ഷേ രാമനാഥൻ കുറച്ച് കൂടി പോകുമോ എന്നൊരാശങ്ക അദ്ദേഹത്തിനുണ്ടായി. മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്ന ബ്ലാക്ക് മെയിൽ ചെയ്യുന്ന പോലീസിന് ജനം കൈയടിക്കുമെന്ന എന്റെ വാക്കുകൾ മമ്മൂക്ക ചെവികൊണ്ടു, 22 വർഷം മുൻപാണ് അങ്ങനെ ഒരു കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചു എന്നത് തന്നെ വലിയ കാര്യമാണ്
ഒരു വൺ ലൈൻ വച്ചാണ് ചിത്രീകരണം തുടങ്ങിയത്. എന്റെ സിനിമാ ജീവിതത്തിൽ ഇങ്ങനെ വേഗത്തിലും തിരക്കഥ പൂർത്തിയാകതെയും ചെയ്ത മറ്റൊരു ചിത്രമില്ല. സ്വപ്നം ത്യജിച്ചാൽ എന്ന പാട്ടെഴുതിയതും ഞാൻ തന്നെയാണ്. ട്യൂണിടാൻ വേണ്ടി വെറുതെ കുത്തിക്കുറിച്ച വരികൾ കണ്ട് മോഹൻ സിത്താര ഇതുതന്നെ മതിയെന്ന് പറയുകയായിരുന്നു
ഒരു വൺ ലൈൻ വച്ചാണ് ചിത്രീകരണം തുടങ്ങിയത്
കലാഭവൻ മണിയും വിക്കൻ ഗുണശേഖരനും
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ നായക വേഷങ്ങളുമായി മണി തിളങ്ങി നിൽക്കുകയാണ്. എങ്കിലും വിക്കൻ ഗുണശേഖരനായി മനസിലേക്ക് ആദ്യം വന്നത് മണിയുടെ മുഖമാണ്. മണിയോട് പറഞ്ഞപ്പോൾ 'ചേട്ടൻ പറഞ്ഞാൽ ഞാൻ എന്തും ചെയ്യും , പക്ഷേ സെൻറിമെന്റ്സും മിമിക്രിയും മാത്രം ചെയ്യുന്ന ഞാൻ വില്ലനായാൽ ജനം അംഗീകരിക്കുമോ എന്ന് ചോദിച്ചു. എനിക്ക് പക്ഷേ ഒട്ടും സംശയുണ്ടായിരുന്നില്ല .
വിക്കൻ ഗുണശേഖരൻ മണിയുടെ കരിയർ ബ്രേക്ക് ആവുകയും ചെയ്തു. ആ സമയത്താണ് വാസന്തിയും ലക്ഷ്മിയും വിക്രത്തെ നായകനാക്കി തമിഴിൽ റീമേക്ക് ചെയ്തത് റിലീസാകുന്നത്. അതുകൊണ്ട് വിക്രത്തിന് മണിയെ അറിയാം. കാശിക്ക് ശേഷം വിക്രം ചെയ്ത എ വി എം പ്രൊഡക്ഷൻസിന്റെ ജമിനി അപ്പോൾ തുടങ്ങാൻ പോവുകയായിരുന്നു. ആ ചിത്രത്തിലേക്ക് മണിയെ വില്ലനായി നിർദേശിക്കുന്നത് വിക്രം ആണ്. രാക്ഷസരാജാവിന്റെ പ്രിന്റ് എവിഎമ്മിന് അയച്ച് കൊടുത്തത് ഞാനും. പിന്നെ മണിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല
വിക്കൻ ഗുണശേഖരൻ കലാഭവന്‍ മണിയുടെ കരിയർ ബ്രേക്ക് ആയിമാറി
രാമനിൽ നിന്ന് രാജാവിലേക്ക്
രാക്ഷസനെന്ന് തോന്നുമെങ്കിലും രാമന്റെ സ്വഭാവഗുണങ്ങളുള്ള എന്ന അർത്ഥത്തിലാണ് രാക്ഷസ രാമൻ എന്ന് ചിത്രത്തിന് പേര് നൽകിയത്. മാത്രമല്ല മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പേരും രാമനാഥൻ എന്നാണ്. പക്ഷേ വിശ്വഹിന്ദു പരിക്ഷത് പ്രതിഷേധമുയർത്തി. രാമനെ അപകീർത്തിപ്പെടുത്തുന്നതാണ് രാക്ഷസ രാമനെന്ന പേര് എന്നായിരുന്നു അവരുടെ വാദം. പേര് മാറ്റാൻ ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും നിർമ്മാതാവിന്റെ സമ്മർദ്ദം കൊണ്ടും ഓണത്തിന് റിലീസ് ചെയ്യേണ്ടതിനാലും രാമനെ രാജാവാക്കാൻ നിർബന്ധിതവുകയായിരുന്നു . 2001 ആഗസ്റ്റ് 31 നാണ് രാക്ഷസരാജാവ് തീയേറ്റകളിലെത്തിയത്.