'പറയാൻ മറന്ന പരിഭവങ്ങൾ'ക്ക് രജത ജൂബിലി
കാൽ നൂറ്റാണ്ടിനിപ്പുറവും ആസ്വാദകർ ഒരു പാട്ടിനെ മതിമറന്നു സ്നേഹിക്കുക; ആ സ്നേഹത്തെ ഒരാഘോഷമാക്കി മാറ്റുക. അത്ഭുതമാണ്; നിമിഷാർദ്ധം കൊണ്ട് ഓർമയിൽ നിന്നേ ഓടിമറയുന്ന പാട്ടുകളുടെ കാലമായതുകൊണ്ട് പ്രത്യേകിച്ചും. ഇൻസ്റ്റന്റ് ഹിറ്റുകളും സൂപ്പർഹിറ്റുകളും വരുന്നില്ലെന്നല്ല; അത്തരം പാട്ടുകളിൽ കാലത്തെ അതിജീവിക്കുന്നവ അത്യപൂർവം.
"ഗർഷോ"മിലെ "പറയാൻ മറന്ന പരിഭവങ്ങളു"ടെ രജതജൂബിലി ആഘോഷങ്ങൾ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് അരങ്ങേറിയത്. എഴുതിയ റഫീക്ക് അഹമ്മദിനും സ്വരപ്പെടുത്തിയ പണ്ഡിറ്റ് രമേഷ് നാരായണനും പാടിയ ഹരിഹരനും ചിത്രീകരിച്ച പി ടി കുഞ്ഞഹമ്മദിനും അഭിമാനിക്കാവുന്ന കാര്യം.
സിനിമക്ക് വേണ്ടി രമേഷ് ജി ആദ്യമായി ചിട്ടപ്പെടുത്തിയ പാട്ടാണ് പറയാൻ മറന്ന പരിഭവങ്ങൾ. അതിനു മുന്‍പ് പി ടി കുഞ്ഞുമുഹമ്മദിന്റെ "മഗ് രിബ്", കെ പി ശശിയുടെ "ഇലയും മുള്ളും" എന്നീ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ പരിചയമേ ഉള്ളൂ.
"തിരുവനന്തപുരം വേട്ടമുക്കിലെ എന്‍റെ വാടകവീട്ടില്‍ പി ടിയും റഫീക്ക് അഹമ്മദും ഞാനും ഒരുമിച്ചിരുന്നാണ് ഗർഷോമിന്റെ കമ്പോസിങ്. സിനിമക്ക് വേണ്ടിയുള്ള റഫീക്കിന്റെ ആദ്യഗാനം. തുടക്കത്തില്‍ തന്നെ പി ടി ഒരു കാര്യം പറഞ്ഞു: ക്ലാസിക്കല്‍ മ്യൂസിക് പോലെ ആവരുത്; ഗസലും വേണ്ട. രണ്ടിന്റെയും ഇടയ്ക്കുള്ള വഴി മതി നമുക്ക്. സെമി ക്ലാസിക്കല്‍ ആവാം, പക്ഷെ മുന്‍പ് കേട്ട ഒരു പാട്ടിനോടും സാമ്യം തോന്നരുത്." -- സംഗീതസംവിധായകന്റെ ഓർമ.
റഫീക്കിന്റെ വരികള്‍ വായിച്ചുനോക്കി രമേഷ്ജി. അസല്‍ കവിതയാണ്. അതില്‍ വേദനയുണ്ട്, വിരഹമുണ്ട്, പ്രണയമുണ്ട്, ഗൃഹാതുരത്വമുണ്ട്. "മനസ് ആ നിമിഷം അറിയാതെ മൂളിയത് ജോഗ് രാഗമാണ്. അമ്മയുടെ ഇഷ്ടരാഗം. പി ടിയുടെ ഭാഗത്ത് നിന്നു ചില നിര്‍ദേശങ്ങള്‍, റഫീക്കിന്റെ വരികളില്‍ ചില്ലറ മാറ്റങ്ങള്‍. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ മൂന്ന് പേരും സ്വപ്നം കണ്ട ഒരു ഗാനം ജനിക്കുകയായി. അത് പാടേണ്ടത് ആരെന്ന കാര്യത്തില്‍ മൂന്നുപേര്‍ക്കുമില്ലായിരുന്നു സംശയം- ഹരിഹരന്‍.
"മുംബൈയില്‍ ഗുരുജിയുടെ ശിഷ്യനായി ജീവിച്ച കാലം തൊട്ടേ ഹരിജിയെ അറിയാം എനിക്ക്. അദ്ദേഹത്തിന്റെ ബീറ്റ്സ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോഡിങ്. പാട്ടിന്റെ ട്രാക്ക് പാടിയത് ഞാനാണ്; രംഗത്ത് അഭിനയിച്ചതും. സ്വയം പാടിയിരുന്നെങ്കില്‍ ഉച്ചാരണത്തിലെ പോരായ്മകള്‍ ഒഴിവാക്കാമായിരുന്നില്ലേ എന്ന് പിന്നീട് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ അന്ന് അങ്ങനെയൊരു ചിന്ത ഞങ്ങളില്‍ ആരുടേയും മനസിലൂടെ കടന്നു പോയില്ല എന്നതാണ് സത്യം.'' -- രമേഷ് നാരായണ്‍ പറയുന്നു.
ജോഗ് രാഗസ്പര്‍ശമുള്ള സ്വന്തം ഗാനങ്ങളിലൂടെ എം ബി ശ്രീനിവാസനും (നിറങ്ങള്‍ തന്‍ നൃത്തം) രവീന്ദ്രനും (പ്രമദവനം വീണ്ടും) ജോണ്‍സണും (മോഹം കൊണ്ട് ഞാന്‍ ) ഔസേപ്പച്ചനുമൊക്കെ (ശുഭയാത്രാ ഗീതങ്ങള്‍) പകര്‍ന്ന അനുഭൂതികളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു ഗര്‍ഷോമിലെ ഗാനം ആസ്വാദകന് സമ്മാനിച്ച ഫീല്‍. "മലയാളികള്‍ പൊതുവേ ആ ഗാനത്തോട് വൈകാരികമായ ഒരടുപ്പം കാത്തുസൂക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ പരിപാടി അവതരിപ്പിക്കുമ്പോഴും ആദ്യം ഉയരുന്ന ആവശ്യം ആ പാട്ടിനു വേണ്ടിയായിരിക്കും. പാട്ടിന്റെ ഹമ്മിംഗ് തുടങ്ങുമ്പോഴേ സദസ് ഇളകി മറിയുന്നതും കണ്ടിട്ടുണ്ട്. സംഗീതസംവിധായകന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങള്‍.'' -- രമേഷ് ചിരിക്കുന്നു.
പാട്ടെഴുത്തുകാരനും സംഗീതസംവിധായകനും സിനിമാജീവിതത്തിൽ ആ ഗാനമൊരു വഴിത്തിരിവായി മാറിയത് ഇന്ന് ചരിത്രം. "എങ്കിലും ആദ്യസൃഷ്ടിയുടെ മാധുര്യം ഒന്ന് വേറെ." -- രമേഷ് ജി.