എളുപ്പമായിരുന്നില്ല, ചോക്ലേറ്റ് ഹീറോയിൽ നിന്നും ഡാർക് ചോക്ലേറ്റ് പരുവത്തിലേക്കുളള ചാക്കോച്ചന്റെ യാത്ര

എളുപ്പമായിരുന്നില്ല, ചോക്ലേറ്റ് ഹീറോയിൽ നിന്നും ഡാർക് ചോക്ലേറ്റ് പരുവത്തിലേക്കുളള ചാക്കോച്ചന്റെ യാത്ര

വിടാതെ പിന്തുടരുന്ന ജയ-പരാജയങ്ങളുടെ യാഥാർത്ഥ്യം പറയാനുണ്ട് കുഞ്ചാക്കോ ബോബൻ എന്ന നടൻ സിനിമയിൽ പിന്നിട്ട 26 വർഷങ്ങൾക്ക്
Updated on
3 min read

ആദ്യ ചിത്രത്തിലൂടെ തന്നെ കേരളക്കരയുടെ ഇഷ്ടം പിടിച്ചുപറ്റിയ നടൻ. ഉറച്ച ശബ്ദമോ വിരിഞ്ഞ മാറിടമോ പതിവ് നായകസങ്കൽപ്പങ്ങൾക്കൊത്ത മെയ്ക്കനമോ ഒന്നുംതന്നെ ഇല്ലാതിരുന്നിട്ടും ആദ്യ ചിത്രം കൊണ്ടുതന്നെ കുഞ്ചാക്കോ ബോബൻ എന്ന പേര് മലയാളസിനിമയിൽ ഇടംപിടിച്ചു. 1997ൽ സംവിധായകൻ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയം തുടങ്ങുന്നത്. ആ കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്നതിനൊപ്പം ഏറെ സ്വീകരിക്കപ്പെട്ട പ്രണയജോഡിയായി കുഞ്ചാക്കോ ബോബനും ശാലിനിയും മാറി. കൂടെ ചോക്ലേറ്റ് ഹീറോ എന്നൊരു ടാ​ഗ് ലൈനും പ്രേക്ഷകർ ചാക്കോച്ചന്റെ പേരിനൊപ്പം ചേർത്തുവെച്ചു. ആ വിളിയിൽ അല്പം ഹരം കൊണ്ട താരം പിന്നീട് തിരഞ്ഞെടുത്തതെല്ലാം അത്തരം കഥാപാത്രങ്ങൾ. ആവർത്തിച്ചതെല്ലാം ചോക്ലേറ്റ് കാമുകവേഷങ്ങൾ. ഇടയിൽ വ്യത്യാസമായത് ഹരികൃഷ്ണൻസിലെ അതിഥിവേഷം. അനിയത്തിപ്രാവിന്റെ വൻ വിജയത്തിന് ശേഷം അടുത്ത ഹിറ്റ്, കോളേജ് വിദ്യാർത്ഥികൾക്കിടയിലെ കൾട്ട് പ്രണയജോഡിയായി കുഞ്ചാക്കോ ബോബൻ - ശാലിനി കൂട്ടുകെട്ട് വീണ്ടും. 1999ലെ കമൽ ചിത്രം നിറം. തുടർന്ന് പ്രിയം, സത്യം ശിവം സുന്ദരം, ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കല്യാണരാമൻ തുടങ്ങി വാണിജ്യ വിജയമായതും അല്ലാത്തതുമായ ഒട്ടേറെ ചിത്രങ്ങൾ.

ചിത്രം: അനിയത്തിപ്രാവ്
ചിത്രം: അനിയത്തിപ്രാവ്

പരീക്ഷണ വേഷങ്ങൾക്ക് തയ്യാറാവാതിരുന്നതുകൊണ്ടോ മാർക്കറ്റ് നഷ്ടപ്പെട്ടതുകൊണ്ടോ, വിവാഹശേഷം ഇടവേളയെടുത്തു തിരിച്ചെത്തിയ ചാക്കോച്ചന്റെ സിനിമാ തിര‍ഞ്ഞെടുപ്പുകൾ കരിയറിൽ ‌വലിയ ​ഗുണം ചെയ്തില്ല. 2008 ൽ ട്വന്റി: 20 ലെ ഗാനരം​ഗത്തിലൂടെയുളള മടങ്ങിവരവ്, പിന്നീട് ഷാഫിയുടെ ലോലിപോപ്പിൽ അഭിനയിച്ചു . 2009-ൽ വി കെ പ്രകാശ് ചിത്രം ഗുലുമാൽ. നായകനെന്ന നിലയിൽ തിളങ്ങാൻ എവിടെയും അവസരം ലഭിക്കാതെ പോയ സമയം. തിരിച്ചുവരവിൽ ചാക്കോച്ചന്റെ നായികയാവാൻ ക്ഷണിച്ചപ്പോൾ ആ സമയം ലൈംലൈറ്റിൽ നിന്നിരുന്ന പ്രമുഖ നായികമാരെല്ലാം വിസമ്മതിച്ചു. 2010 ൽ ജിത്തു ജോസഫിന്റെ മമ്മി & മി തീയേറ്ററിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. പുതുമുഖ നായിക ആൻ അ​ഗസ്റ്റിൻ ടൈറ്റിൽ റോളിലെത്തിയ ലാൽ ജോസിന്റെ എൽസമ്മ എന്ന ആൺകുട്ടി നേരിയ തോതിൽ വാണിജ്യ വിജയവും ചിത്രത്തിലെ പാലുണ്ണി എന്ന ചാക്കോച്ചൻ കഥാപാത്രം നിരൂപക പ്രശംസയും നേടി. കുഞ്ചാക്കോ ബോബൻ വെറും ചോക്ലേറ്റ് ഹീറോ അല്ലെന്ന തോന്നൽ ചിലരിലെങ്കിലും ആദ്യമായി ജനിപ്പിച്ചതും പാലുണ്ണി ആയിരിക്കാം.

ചിത്രം: എൽസമ്മ എന്ന ആൺകുട്ടി
ചിത്രം: എൽസമ്മ എന്ന ആൺകുട്ടി

തിരിച്ചുവരവിൽ ചാക്കോച്ചന്റെ നായികയാവാൻ ക്ഷണിച്ചപ്പോൾ ആ സമയം ലൈംലൈറ്റിൽ നിന്നിരുന്ന പ്രമുഖ നായികമാരെല്ലാം വിസമ്മതിച്ചു.

ചിത്രം: ട്രാഫിക്
ചിത്രം: ട്രാഫിക്

2011-ലെ ട്രാഫിക് ആയിരുന്നു ചാക്കോച്ചന്റെ യഥാർത്ഥ തിരിച്ചുവരിന് കാരണമായ ചിത്രം. അവിടെ തുടങ്ങി ചോക്ലേറ്റ് നായകനിൽ നിന്നും ​ഡാർക് ചോക്ലേറ്റ് വേഷങ്ങളിലേയ്ക്കുളള പകർന്നാട്ടത്തിനായുളള കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ശ്രമങ്ങൾ. വൈശാഖ് ചിത്രം സീനിയേഴ്സിൽ ആദ്യമായി പ്രതിനായകവേഷത്തിലെത്തി. പക്ഷെ പരീക്ഷണ വേഷങ്ങൾ തേടിയുളള അദ്ദേഹത്തിന്റെ അന്വേഷണങ്ങൾക്ക് പിന്നീട് ഒപ്പുവെച്ച സിനിമകൾ കൂട്ടായില്ല. ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലവ് തുടങ്ങി പിന്നീടിറങ്ങിയ ചിത്രങ്ങളൊന്നും പതിവല്ലാത്തതായി ഒന്നുംതന്നെ പ്രേക്ഷകന് സമ്മാനിച്ചില്ല. 2012-ലെ ലാൽ ജോസ് ചിത്രം സ്പാനിഷ് മസാലയിൽ വീണ്ടും വില്ലൻ വേഷത്തിൽ അം​ഗീകരിക്കപ്പെട്ടു. ഓർഡിനറിയും 50-ാം ചിത്രം മല്ലു സിംഗും അപ്രതീക്ഷിത തീയേറ്റർ വിജയമായത് പിന്നീടുളള നിലനിൽപ്പിന് കരുത്തായി. എങ്കിലും ചില ടെംപ്ലേറ്റ് ഫോർമാറ്റുകളിൽ പെട്ടുപോയ ചാക്കോച്ചന്റെ കരിയറിൽ ഏറിയും കുറഞ്ഞും വിജയപരാജയങ്ങൾ സംഭവിച്ചുകൊണ്ടേ ഇരുന്നു. റോമൻസ്, 3 ഡോട്ട്സ്, ഗോഡ് ഫോർ സെയിൽ, വിശുദ്ധൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ഹൗ ഓൾഡ് ആർ യു, മധുര നാരങ്ങ തുടങ്ങിയ സിനിമകൾ അവയിൽ ചിലത്. ഇടയിൽ തീയേറ്റർ ബഹളങ്ങളിൽ നിന്നു മാറി ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികൾ എന്ന സമാന്തരസിനിമയിലും ഭാ​ഗമായി നിരൂപക പ്രശംസ നേടി.

ചിത്രം: ടേക്ക് ഓഫ്
ചിത്രം: ടേക്ക് ഓഫ്

അരങ്ങേറ്റ ചിത്രമായ അനിയത്തിപ്രാവ്‍ 20-ാം വർഷം തികച്ചപ്പോഴേക്കും നിരന്തര ജയ പരാജയങ്ങളുടെ സ്ഥിരതയില്ലാ യാത്രയിലൂടെ ചാക്കോച്ചൻ വന്നുനിന്നത് ടേക്ക് ഓഫിലെ ഷഹീദ് എന്ന കഥാപാത്രത്തിൽ. ആ ഘട്ടത്തിൽ നടനെന്ന നിലയിൽ മാർക്കുചെയ്യപ്പെടാൻ ഉതകിയ വേഷം. സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നിരവധി ബഹുമതികൾ നേടിയെടുത്തു ചിത്രം.

ചിത്രം: നായാട്ട്
ചിത്രം: നായാട്ട്

വീണ്ടും ശിക്കാരി ശംഭു, കുട്ടനാടൻ മാർപ്പാപ്പ, പഞ്ചവർണതത്ത, മംഗല്യം തന്തുനാനേന, ജോണി ജോണി യെസ് അപ്പ, തട്ടുമ്പുറത്ത് അച്യുതൻ എന്നിങ്ങനെ പരാജയങ്ങൾ പിന്തുടർന്ന 2018. 2019ൽ തീയേറ്ററിലെത്തിയത് ഒരേയൊരു വിജയചിത്രം. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ വൈറസ്. സിനിമാ വ്യവസായത്തിലെ ഉയർച്ച താഴ്ച്ചകൾ അപ്രതീക്ഷിതമെങ്കിലും ചില മോശം സിനിമാ തിരഞ്ഞെടുപ്പുകളായിരുന്നു കുഞ്ചാക്കോ ബോബന്റെ കരിയർ ​ഗ്രാഫിലെ വലിയ വീഴ്ചകൾക്ക് കാരണമായതെന്ന് തോന്നിയിട്ടുണ്ട്. അതേ വർഷം ചാക്കോച്ചനെ തേടിയെത്തിയ രതീഷ് ബാലകൃഷ്ണപൊതുവാൾ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സൗബിന്റെ വേഷം നിരസിച്ചത് തെറ്റായ തീരുമാനമെന്ന് പിന്നീട് തിരിച്ചറിഞ്ഞതും പാളിച്ചകൾ സ്വയം മനസിലാക്കിയതുകൊണ്ടാവാം.

ചിത്രം: അറിയിപ്പ്
ചിത്രം: അറിയിപ്പ്

2020-ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ അഞ്ചാം പാതിരാ തീയേറ്ററുകളിലെ ക്രൈം ത്രില്ലർ പരമ്പരക്ക് തുടക്കമിട്ടു. ചാക്കോച്ചൻ സിനിമകൾക്ക് പ്രതീക്ഷ നൽകാം എന്ന് ഉറപ്പുതന്നു പിന്നീടുളള റിലീസുകൾ. വാണിജ്യ വിജയത്തിലുപരി നടനെന്ന നിലയിൽ കുഞ്ചാക്കോ ബോബന്റെ വളർച്ച അനുഭവിച്ചറിഞ്ഞ വർഷമായി 2021. നായട്ടിൽ തുടങ്ങി ഭീമന്റെ വഴി, പട, ന്നാ താൻ കേസ് കൊട്, അറിയിപ്പ് അങ്ങനെ നീണ്ട വിജയ സിനിമകളും ത്രസിപ്പിച്ച വേഷപ്പകർച്ചയും.

ചിത്രം: ന്നാ താൻ കേസ് കൊട്
ചിത്രം: ന്നാ താൻ കേസ് കൊട്

ഒടുവിൽ ടിനു പാപ്പച്ചൻ ചിത്രം ചാവേറിൽ‍ എത്തിനിർക്കുമ്പോഴും നിരാശപ്പെടുത്തിയില്ല ചാക്കോച്ചന്റെ അശോകനെന്ന കഥാപാത്രം. ഇനിയുമേറെ വ്യത്യസ്തതകൾ കൊണ്ടുവരാൻ പോന്ന മെയ്ക്കനമുണ്ടെനിക്കെന്ന ഉറച്ച വിശ്വാസത്തിൽ കുതിക്കുകയാണ് അദ്ദേഹം. ആ വിശ്വാസത്തിന് കൂട്ടാവുന്നത് മഹേഷ് നാരായണനെയും ടിനു പാപ്പച്ചനെയും രതീഷ് ബാലകൃഷ്ണ പൊതുവാളിനെയും പോലുളള സംവിധായകരുടെ പിൻബലവും, രൂപഭാവം മാറി വന്ന ചാക്കോച്ചന് ആഞ്ഞ് കയ്യടിക്കുന്ന പ്രേക്ഷകരും.

logo
The Fourth
www.thefourthnews.in