പെയ്തു തോര്‍ന്ന ലഹരിമഴ
കാമം കത്തുന്ന കണ്ണുകള്‍. ലഹരി തുളുമ്പുന്ന അധരങ്ങളില്‍ നിന്നൂര്‍ന്നുവീണ മദനരേണുക്കള്‍. പാതിമറഞ്ഞ നിറമാറിന്റെ ലഹരിയുണര്‍ത്തുന്ന വശ്യത. പ്രേക്ഷകഹൃദയങ്ങളില്‍ ലഹരി നിറച്ച സ്മിതയുടെ നനവാര്‍ന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വര്‍ഷം. 1996 സെപ്തംബര്‍ 26ന് ഒരു മുഴം സാരിയില്‍ ആരാധകരെ തീരാവേദനയിലാക്കി ജീവിതം അവസാനിപ്പിക്കുമ്പോള്‍ സ്മിതയ്ക്ക് വയസ് വെറും 36. കോടമ്പാക്കത്തെ സാലിഗ്രാമത്തിലെ വീടിന്റെ മുകളിലെത്ത നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ ജീവിതമൊടുക്കുമ്പോള്‍ സ്മിത ഒരാത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരുന്നു. ജീവിതത്തില്‍ അനുഭവിച്ച കയ്പേറിയ ഓര്‍മ്മകളുടെ ഒരു ലഘുചിത്രം. ഒരുപാട് കേസന്വേഷണങ്ങള്‍ അതിനു പിന്നാലെ നടന്നെങ്കിലും സ്മിതയുടെ മരണത്തിനു പിന്നിലെ അജ്ഞാതര്‍ ഒരിക്കലും പുറത്തുവന്നില്ല.
1960 ഡിസംബര്‍ 2ന് ആന്ധ്രാപ്രദേശിലെ ഏലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് സ്മിത ജനിച്ചത്. രാമലുവിന്റെയും സരസമ്മയുടെയും മകളായി ജനിച്ച സ്മിതയുടെ പേര് വിജയലക്ഷ്മി എന്നായിരുന്നു. കടുത്ത ദാരിദ്ര്യം കാരണം പത്താംവയസ്സില്‍, നാലാം ക്ലാസില്‍ വിജയലക്ഷ്മി പഠിപ്പു നിര്‍ത്തി. ഈ സമയം വീട്ടുകാര്‍ വിവാഹം കഴിച്ചുകൊടുത്തു. ചെന്നുകയറിയ വീട്ടില്‍ വിജയലക്ഷ്മി വെറും പണിക്കാരി മാത്രമായി. വൈകാതെ അവര്‍ തിരിച്ച് സ്വന്തം വീട്ടിലെത്തി. കൗമാരപ്രായത്തിലേക്ക് കടന്ന വിജയലക്ഷ്മിയുടെ സൗന്ദര്യം വീട്ടുകാരുടെ സ്വൈര്യത നഷ്ടപ്പെടുത്തി.
ഈ സമയത്താണ് അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ ഏലൂരിലെ വീട്ടില്‍ വന്നത്. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും കാമം തുളുമ്പുന്ന കണ്ണുകളും തടിച്ചുമലര്‍ന്ന ചുണ്ടും എണ്ണക്കറുപ്പുള്ള വടിവൊത്ത ദേഹവുമുള്ള വിജയലക്ഷ്മിയെ അവര്‍ സ്നേഹത്താടെ അരികില്‍ വിളിച്ചു. 'മോളെന്താ പഠിപ്പു നിര്‍ത്തിയത്?' പെട്ടെന്ന് വിജയലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞു. ഒറ്റനോട്ടത്തില്‍ ആ കുടുംബത്തിന്റെ ദാരിദ്ര്യം അറിഞ്ഞ അവര്‍ പറഞ്ഞു. 'വിഷമിക്കേണ്ട, നിന്നെ സിനിമയ്ക്കു വേണം, നമുക്കു ശ്രമിക്കാം. വരുന്നോ എന്റെയൊപ്പം കോടമ്പാക്കത്തേക്ക്?' വിജയലക്ഷ്മി ആദ്യമായാണ് കോടമ്പാക്കം എന്നു കേള്‍ക്കുന്നത്. അവര്‍ വിജയലക്ഷ്മിയുടെ അച്ഛനെയും അമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. 'കുടുംബത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ വിജയലക്ഷ്മിക്ക് കഴിയും. ഞാനിവളെ കൊണ്ടുപോകുന്നു.' അവര്‍ക്കും എതിരഭിപ്രായമില്ലായിരുന്നു. അങ്ങനെ സിനിമയുടെ മാസ്മരികലോകത്തക്ക് ആ ബന്ധു വിജയലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോയി.
കോടമ്പാക്കത്തേക്ക് വലതുകാല്‍ വച്ച് കയറിവന്ന വിജയലക്ഷ്മിക്ക് ബന്ധു ഒരു നടിയുടെ ടച്ചപ്പായി ചെറിയൊരു ജോലി വാങ്ങിക്കൊടുത്തു. ഇതിനായി ലൊക്കേഷനുകളില്‍ പോകുന്ന വിജയലക്ഷ്മിക്ക് ചെറിയ ചെറിയ വേഷങ്ങളും കിട്ടിത്തുടങ്ങി. എന്നാല്‍ ശ്രദ്ധിക്കപ്പടുന്ന വേഷങ്ങളോ സാമ്പത്തികനേട്ടങ്ങളോ വിജയലക്ഷ്മിയെ അക്കാലത്തൊന്നും തുണച്ചില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. 1979ല്‍ എറണാകുളത്തുള്ള ഈസ്റ്റ്മാന്‍ സ്റ്റുഡിയോ ഉടമ ആന്റണിയോട് സുഹൃത്തും തിരക്കഥാകൃത്തുമായ കലൂര്‍ ഡെന്നീസ് ഒരു കഥ പറഞ്ഞു. ആന്റണിക്കിഷ്ടമായി. സുഹൃത്സംഘത്തില്‍പ്പെട്ട വിപിന്‍ദാസിനും ജോണ്‍പോളിനും ഇഷ്ടമായി. എങ്ങനെയും ഇത് സിനിമയാക്കണം. എല്ലാവരും അതംഗീകരിച്ചു. അതിനുള്ള ശ്രമം തുടങ്ങി. ജോണ്‍പോള്‍ സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങി.
സീത എന്ന അഴകുള്ള പെണ്ണിന്റെ കഥ, കണ്ണുകളില്‍ കാമം കത്തുന്ന, ചുണ്ടുകളില്‍ ലഹരി നുരയുന്ന, നിറമാറിടത്തില്‍ മാദകത്വം തുളുമ്പുന്ന, രതിദേവതയെപ്പോലെ ഒരു പെണ്ണ്. കോടീശ്വരനായ ബാബു എന്ന യുവാവിന്റെ വഴിവിട്ട ജീവിതത്തില്‍ ഒരു രാത്രിക്കായി അവള്‍ എത്തി. അവളുടെ ശരീരവും മനസ്സും അയാളില്‍ ലഹരിയായി. അയാളവളെ ഭാര്യയാക്കി. സ്വര്‍ഗ്ഗതുല്യമായ ജീവിതം. അതാസ്വദിച്ചു തുടങ്ങുമ്പോഴേക്കും അവള്‍ വലിയൊരു രോഗത്തിന് അടിമയായി.
ബാബുവിന്റെ മനസ്സ് തകര്‍ന്നു. സീത മരിക്കുമെന്ന ഭയം ബാബുവില്‍ ആധിയായി. ഒടുവില്‍ ഒരു പുലർച്ചെ അവളുണര്‍ന്നുനോക്കുമ്പോള്‍ തന്റെ ദേഹം പുണര്‍ന്ന് മരിച്ചുകിടക്കുന്ന ബാബുവിനെയാണ് അവള്‍ കണ്ടത്, തകര്‍ന്നുപോയ സീത. സ്‌ക്രിപ്റ്റ് എല്ലാവര്‍ക്കും ഇഷ്ടമായി. പക്ഷേ സീത ആര്? ആ ചോദ്യം ഒരുപാട് പേരില്‍ ചെന്നെത്തി. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആരും തയ്യാറായില്ല. പത്രത്തില്‍ പരസ്യം കൊടുത്തു. ഒരുപാട് പെണ്‍കുട്ടികള്‍ ഇന്റര്‍വ്യൂവിനു വന്നു. പക്ഷേ ഒറ്റ പെണ്‍കുട്ടിയില്‍നിന്നുപോലും അവര്‍ ആഗ്രഹിച്ചത് ലഭിച്ചില്ല...
സുഹൃത്തുക്കളുമൊത്ത് ആന്റണി നേരെ മദ്രാസില്‍ പോയി. അവിടെയും കുറെ പെണ്‍കുട്ടികളെ കണ്ടു. പക്ഷേ നിരാശ തന്നെയായിരുന്നു ഫലം. ഒടുവില്‍ മദ്രാസില്‍ നിന്നു മടങ്ങാന്‍ ബാഗും അടുക്കിക്കെട്ടി മുറി പൂട്ടുമ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദാക്ഷന്‍ കയറിവന്നു. കാര്യങ്ങള്‍ കേട്ട അരവിന്ദാക്ഷന്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയുണ്ട് - വിജയലക്ഷ്മി, ആള്‍ കറുപ്പാണ്. പക്ഷേ നിങ്ങള്‍ ആഗ്രഹിക്കുന്ന ഗുണങ്ങളെല്ലാം അവള്‍ക്കുണ്ടെന്ന് എനിക്കു തോന്നുന്നു. വീണ്ടും പ്രതീക്ഷ.
അരവിന്ദാക്ഷനുമൊന്നിച്ച് അവര്‍ കോടമ്പാക്കത്തെ ഒരു തെരുവിലെത്തി. ദൂരെ വച്ചുതന്നെ അവര്‍ കണ്ടു ഒരു വീടിന്റെ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. വേറെ ആരും അവിടെയെങ്ങുമില്ല. അരവിന്ദാക്ഷന്‍ വിളിച്ചു ചോദിച്ചു. 'സിനിമയില്‍ അഭിനയിക്കുന്ന ഒരു പെണ്‍കുട്ടി താമസിക്കുന്നതെവിടെ എന്നറിയാമോ?' അവള്‍ എല്ലാവരെയും ഒന്നു നോക്കി ഒരു പ്രത്യേക ഭാവത്തില്‍ പറഞ്ഞു: 'അതു നാന്‍ താന്‍. വരൂ.'അവള്‍ അവരെ അകേത്തക്ക് കൊണ്ടുപോയി. നീളമുള്ള പാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം. കണ്ണുകള്‍ ഒരു സാഗരംപോലെ. കറുത്ത നിറം.
സിനിമ കഴിഞ്ഞുവരുമ്പോള്‍ നമുക്കീ ഫോട്ടോകള്‍ കാണണമെന്ന് ആഗ്രഹം തോന്നിയാല്‍ ഇവളെ നായികയാക്കി സിനിമ തുടങ്ങുന്നു. ഇല്ലെങ്കില്‍ ഈ പ്രോജക്ട് ഇവിടെ ഉപേക്ഷിക്കും
ഒറ്റനോട്ടത്തില്‍ കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയാന്‍ ആന്റണിക്കുള്‍പ്പെടെ ആര്‍ക്കും കഴിഞ്ഞില്ല. പക്ഷേ എന്തോ ഒരു മാസ്മരികത അവളെ പുണര്‍ന്നു നില്‍പ്പുണ്ട്. 'ഫോട്ടോയെടുക്കണം' -ആന്റണി പറഞ്ഞു. ഈ സമയം വിജയലക്ഷ്മിയുടെ ബന്ധുവായ സ്ത്രീയും വന്നു. ആന്റണി അവരോട് ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടു. അവര്‍ സമ്മതി ച്ചു. ഫോട്ടോയുമെടുത്തുകൊണ്ട് ആന്റണിയും സുഹൃത്തുക്കളും ഹോട്ടലില്‍ മടങ്ങിയെത്തി. ഫോട്ടോ ഡെവലപ്പ് ചെയ്തുവച്ചിട്ട് അവര്‍ ഒരു സിനിമയ്ക്കു പോയി. സിനിമയ്ക്കു പോകുമ്പോള്‍ ആന്റണി പറഞ്ഞു. സിനിമ കഴിഞ്ഞുവരുമ്പോള്‍ നമുക്കീ ഫോട്ടോകള്‍ കാണണമെന്ന് ആഗ്രഹം തോന്നിയാല്‍ ഇവളെ നായികയാക്കി സിനിമ തുടങ്ങുന്നു. ഇല്ലെങ്കില്‍ ഈ പ്രോജക്ട് ഇവിടെ ഉപേക്ഷിക്കും.
ആന്റണിയും കലാസംവിധായകന്‍ കിത്തോയും സിനിമയ്ക്കു പോയി. ആന്റണിയുടെ മനസ്സ് ഇരമ്പാന്‍ തുടങ്ങി. ആ പെണ്‍കുട്ടി മനസ്സിലെവിടെയോ വന്നു നില്‍ക്കുന്നു. എവിടെയോ കണ്ടുമറന്ന ആരെയോപോലെ തോന്നുന്നു. ആന്റണി കിത്തോയോട് പറഞ്ഞു: 'നമുക്കു പോകാം. എനിക്കാ കുട്ടിയെ കാണണം…' എനിക്കും അവളെ മറക്കാനാകുന്നില്ല - കിത്തോ പറഞ്ഞു. സിനിമ മുഴുവന്‍ കാണാതെ മുറിയിലെത്തിയ അവര്‍ വിജയലക്ഷ്മിയുടെ ചിത്രങ്ങളില്‍ നോക്കി ഒരുപാടുനേരം ഇരുന്നു. ഒടുവില്‍ അവര്‍ നിശ്ചയിച്ചു. വിജയലക്ഷ്മി തന്നെ നായിക. പക്ഷേ അവളുടെ പേരു മാറ്റണം. ആ സമയം ആന്റണിയുടെ മനസ്സില്‍ സ്മിതാ പാട്ടീല്‍ കയറിവന്നു.
പിറ്റേന്ന് അവര്‍ വീണ്ടും വിജയലക്ഷ്മിയുടെ വീട്ടിലെത്തി. 'നിന്നെ നായികയാക്കാന്‍ തീരുമാനിച്ചു'- ആന്റണി പറഞ്ഞു. വിജയലക്ഷ്മിയുടെ ചുണ്ടുകളില്‍ ഒരു ചെറുചിരി തത്തി. കണ്ണുകളില്‍ ഒരു തിളക്കം. 'പക്ഷേ നിന്റെ പേരു ഞാന്‍ മാറ്റും.' അവളുടെ കണ്ണുകളില്‍ കൗതുകം തുളുമ്പി. 'നിനക്ക് സ്മിതാ പാട്ടീലിന്റെ മുഖമാണ്. സ്മിത, അതായിരിക്കും ഇനി നിന്റെ പേര്.' വിജയലക്ഷ്മിക്കും ആ പേര് ഇഷ്ടമായി.15 ദിവസത്തെ ഡേറ്റ്. 1500 രൂപ പ്രതിഫലം. 50 രൂപ അഡ്വാന്‍സ്- ആന്റണി പറഞ്ഞു. പിന്നെ 500 രൂപ എടുത്തുകൊടുത്തു. അതോടെ വിജയലക്ഷ്മി എന്ന പെണ്‍കുട്ടി സ്മിതയായി. ഇണയെത്തേടി എന്ന ചിത്രത്തിലെ നായിക.
കാര്യങ്ങളെല്ലാം വേഗതയില്‍ നീങ്ങിക്കൊണ്ടിരുന്നു. ആന്റണിയുടെ നായിക സ്മിതയുടെ ചിത്രങ്ങള്‍ പത്രമാസികകളില്‍ അച്ചടിച്ചുവന്നു. ഷൂട്ടിംഗ് തുടങ്ങും മുമ്പുതന്നെ സ്മിതയ്ക്ക് മറ്റൊരു ചിത്രത്തിന്റെ ഓഫര്‍ വന്നു. തമിഴില്‍ വിനു ചക്രവര്‍ത്തി തിരക്കഥ എഴുതി വിജയന്‍ സംവിധാനം ചെയ്യുന്ന വണ്ടിചക്രത്തില്‍ അഭിനയിക്കാനെത്തിയ സ്മിതയ്ക്ക് ഇംഗ്ലീഷ് പറഞ്ഞുകൊടുക്കാന്‍ വിനു സ്വന്തം ഭാര്യയെ ഏര്‍പ്പാടാക്കി. ഒപ്പം നൃത്തം അഭ്യസിപ്പിക്കാനും അവസരമൊരുക്കി. വണ്ടിചക്രം പൂര്‍ത്തിയായി റിലീസായി. ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെയായിരുന്നു സ്മിത അനശ്വരയാക്കിയത്. അതോടെ സ്മിത സില്‍ക്ക് സ്മിതയായി.
വണ്ടിചക്രം കഴിഞ്ഞാണ് ആന്റണിയുടെ ഇണയെത്തേടി തുടങ്ങിയതും റിലീസായതും. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ സ്മിതയ്ക്ക് നിന്നുതിരിയാനാവാത്തവിധം തിരക്കായി. തെന്നിന്ത്യന്‍ സിനിമയിലെ മാദകത്തിടമ്പ് എന്ന് സ്മിതയെ ആരാധകരും പത്രമാധ്യമങ്ങളും വാഴ്ത്തി. പക്ഷേ കാമം മാത്രമായിരുന്നില്ല സ്മിത. കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ നല്ലൊരു നടികൂടിയായിരുന്നു. അവളോടൊത്ത് കിടക്കാന്‍ ആഗ്രഹിച്ചിരുന്നവരില്‍ ഏറെപ്പേര്‍ക്കും മറ്റൊരു ആഗ്രഹവും ഉണ്ടായിരുന്നു. സ്മിതയെ സ്വന്തമാക്കണം. ജീവിതത്തില്‍ ഒപ്പം കൊണ്ടുനടക്കാന്‍ തനിക്കായി മാത്രം കിട്ടണം. അവരോടുള്ള ആരാധനയ്ക്ക് ഏറ്റവും നല്ല തെളിവാണ് സ്മിത കടിച്ച ആപ്പിള്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലത്തിനു വച്ചത്. പക്ഷേ സ്മിത ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു. അധികം സൗഹൃദങ്ങളില്ല, ആരോടും എന്തും വെട്ടിത്തുറന്നു പറയും. ആവശ്യമില്ലാത്ത ഒരു സംസാരവുമില്ല. മാന്യതയും സംസ്‌കാരവുമുള്ള സ്മിതയുടെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതുമായിരുന്നു.
ഇണയെത്തേടി റിലീസ് ചെയ്ത് കുറെ കാലം കഴിഞ്ഞ് മലയാളത്തില്‍ നിന്ന് മറ്റൊരവസരം സ്മിതയെ തേടിയെത്തി. തുളസീദാസ് സംവിധാനം ചെയ്ത ലയനം എന്ന ചിത്രത്തിലേക്ക്. ഈ ചിത്രത്തിലെ അര്‍ച്ചന ചേച്ചി എന്ന കഥാപാത്രമായി ആദ്യം തുളസീദാസ് തീരുമാനിച്ചത് മാധവിയെ ആയിരുന്നു. അവര്‍ക്ക് കഥാപാത്രം ഇഷ്ടമായെങ്കിലും ഒരു തെലുങ്കുചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റതിനാല്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സുമലതയെ സമീപിച്ചു. അയ്യേ എന്നു പറഞ്ഞ് അവര്‍ പിന്മാറി.
നിരാശനായ തുളസീദാസ് പുഷ്യരാഗം എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ കണ്ടു സില്‍ക്ക് സ്മിതയുടെ. അങ്ങനെ സ്മിതയെ കാണാനെത്തിയ തുളസീദാസിനോട് അവര്‍ പറഞ്ഞു: 'കഥയൊന്നും കേള്‍ക്കണ്ട. ഞാന്‍ അഭിനയിക്കാം. പക്ഷേ അഭിനയിക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കണം. സമ്മതമാണോ?' 'സമ്മതം.' തുളസീദാസ് പറഞ്ഞു. 'എന്നാല്‍ കഥ പറയൂ.' തുളസീദാസ് കഥ പറഞ്ഞു. സ്മിതയ്ക്ക് ഇഷ്ടപ്പട്ടു. 'ഒരു കാര്യം ചെയ്യൂ. ഈ സിനിമയില്‍ ഞാന്‍ അഭിനയിക്കാം. ഒരു ലക്ഷം രൂപ മതി.'
അത്രയേറെ ആ കഥാപാത്രത്തെ സ്മിതയ്ക്ക് ഇഷ്ടമായി. ആ ഇഷ്ടം സിനിമ റിലീസായപ്പോള്‍ സ്മിതയുടെ ആരാധകരുടെ നാവില്‍നിന്നും അവരറിഞ്ഞു. അര്‍ച്ചനയായി സില്‍ക്ക് സ്മിതയെ അല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന്‍ പോലും കഴിയില്ല. അതു കേട്ട് സ്മിത പറഞ്ഞു. തമിഴ് നടി സാവിത്രി ചെയ്തിട്ടുള്ളപോലെ ഒരു ക്യാരക്ടര്‍ റോള്‍ ചെയ്യാനാഗ്രഹമുണ്ടായിരുന്നു. അതു സാധിച്ചു.
മലയാളത്തില്‍ സ്മിതയുടെ എടുത്തുപറയേണ്ട മറ്റൊരു ചിത്രം ഏലിയാസ് ഈരാളി നിര്‍മ്മിച്ച് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ അഥര്‍വ്വം എന്ന ചിത്രമാണ്. പൊന്നി എന്ന നായികയുടെ വേഷം. പൊന്നിയെ എഴുതുമ്പോള്‍ തന്നെ ഡെന്നീസിന്റെ മനസ്സില്‍ സില്‍ക്ക് സ്മിത ആയിരുന്നു. പക്ഷേ, സ്‌ക്രിപ്റ്റ് എഴുതിയ ഷിബു ചക്രവര്‍ത്തിക്ക് അതിനോട് താല്പര്യം തോന്നിയില്ല. സ്മിതയ്ക്ക് സെക്സ് നടി എന്ന ഇമേജുണ്ട്. അവരെ നായികയാക്കിയാല്‍ കുടുംബം കയറില്ല. ഈരാളിയും ഈ അഭിപ്രായത്താേട് യോജിച്ചെങ്കിലും ഡെന്നീസ് ഉറച്ചുനിന്നു. അങ്ങനെ സ്മിത പൊന്നിയായി.
അഭിനയം കഴിഞ്ഞു മടങ്ങുമ്പോള്‍ കണ്ണു നിറച്ച് സ്മിത ഡെന്നീസിനോട് പറഞ്ഞു. 'നന്ദിയുണ്ട് സാർ. നായികാപ്രാധാന്യമുള്ള ഒരു വേഷം തന്നതിന്. മമ്മൂട്ടി സാറിന്റെ നായികാപദം സ്വപ്നം പോലും കണ്ടിരുന്നില്ല. എനിക്കു കിട്ടിയ ഏറ്റവും വലിയ ഒരംഗീകാരമാണ് ഈ കഥാപാത്രം. നന്ദി...'ഈ ചിത്ര ത്തിലെ 'പുഴയോരത്തില്‍ പൂന്താേണിയെത്തീലാ' എന്ന ഗാനം സ്മിതയുടെ മനോഹരരംഗങ്ങള്‍ കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഒരനുഭൂതിയായി മാറിയിരുന്നു.
മൂണ്‍ട്രും പിറൈ, സദ്മ, സ്ഫടികം, പുഷ്യരാഗം... തുടങ്ങി നാനൂറോളം സിനിമകളില്‍ ചെറുതും വലുതുമായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സ്മിതയുടെ സ്വകാര്യജീവിതം പക്ഷേ വലിയ ദുരന്തമായിരുന്നു. പേരും പ്രശസ്തിയും നല്‍കിയെങ്കിലും സിനിമ സ്മിതയ്ക്ക് നല്‍കിയതില്‍ കൂടുതലും സങ്കടങ്ങളായിരുന്നു. ഡോക്ടര്‍ എന്നു വിളിക്കുന്ന ഒരു സുഹൃത്ത് സ്മിതയുടെ ജീവിതത്തില്‍ എത്തിയതോടെയാണ് സ്വകാര്യ ജീവിതം ദുരിതത്തിലേക്ക് നീങ്ങിയത്. സ്മിത നേടിയ ലക്ഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സുഹൃത്തായിരുന്നു. സ്മിതയുടെ ജീവിതം നിയന്ത്രിച്ചിരുന്നതും അദ്ദേഹമാണെന്ന് സ്മിത സമ്മതിച്ചിട്ടുണ്ട്.
അവസാനകാലത്ത് ലൊക്കേഷനുകളില്‍ ദു:ഖിതയായിട്ടായിരുന്നു സ്മിത കാണപ്പെട്ടിരുന്നത്. പക്ഷേ സ്വകാര്യദു:ഖങ്ങള്‍ അവര്‍ ആരോടും പങ്കുവച്ചിരുന്നില്ല. 1996 സെപ്തംബര്‍ 23-ാം തീയതി സ്മിത തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി നടി അനുരാധയെ ഫോണില്‍ വിളിച്ച് മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ പറഞ്ഞു. അനുരാധയ്ക്കും വിഷമമായി. അവര്‍ രാവിലെയുള്ള അത്യാവശ്യ ജോലികള്‍ കഴിഞ്ഞ് സ്മിതയുടെ സാലിഗ്രാമത്തിലുള്ള വീട്ടിലെത്തി. അപ്പോഴേക്കും ഒരു കുറിപ്പ് എഴുതിവച്ചിട്ട് സ്മിത ഒരു സാരിയില്‍ ജീവിതം അവസാനിപ്പിച്ചു മടങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പാേര്‍ട്ടില്‍ സ്മിതയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിരുന്നു. പോലീസ് സ്മിതയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് സ്മിത എത്തിയതെങ്ങനെയെന്നത് ഇന്നും ദുരൂഹമായി തുടരുന്നു.