'കാതൽ' ഐ എഫ് എഫ് കെയിലേക്ക്; 'ഫാമിലി'യും 'തടവ്' ഉം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ
28-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്ത മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് ഡോൺ പാലത്തറയുടെ ഫാമിലിയും ഫാസിൽ റസാഖിന്റെ തടവും തെരഞ്ഞെടുക്കപ്പെട്ടു.
നിരവധി നിരൂപക പ്രശംസ നേടിയ അതിര്, പിറ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് ഫാസിൽ റസാഖ്. ഗീത എന്ന അംഗനവാടി ടീച്ചറുടെ കഥയാണ് 'തടവ് 'പറയുന്നത്. വിനയ് ഫോർട് പ്രധാനവേഷത്തിൽ എത്തുന്ന 'ഫാമിലി' സോണി എന്ന ക്രിസ്ത്യാനി യുവാവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ്. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് ചിത്രത്തിന്റെ രചന
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ' മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശാലിനി ഉഷാദേവി സംവിധാനം ചെയ്ത 'എന്നെന്നും', റിനോഷുൻ സംവിധാനം ചെയ്ത 'ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്', ശരത് കുമാറിന്റെ 'നീലമുടി', ഗഗൻ ദേവ സംവിധാനം ചെയ്ത 'ആപ്പിൾ ചെടികൾ', ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതൽ 44' വരെ, വിഘ്‌നേഷ് പി ശശിധരൻ സംവിധാനം ചെയ്ത 'ഷെഹർസാദേ', ആനന്ദ് എകർഷി സംവിധാനം ചെയ്ത 'ആട്ടം', പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ദായം', രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഓ.ബേബി', സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവർ സംവിധാനം ചെയ്ത 'ആനന്ദ് മോണോലിസ മരണവും കാത്ത്', സുനിൽ കുടമാളൂരിന്റെ 'വലസൈ പറവകൾ' എന്നിവയാണ് തെരഞ്ഞെടുത്ത മറ്റു സിനിമകൾ.
സംവിധായകൻ വി എം വിനു ചെയർമാനും കൃഷ്‌ണേന്ദു കലേഷ്, താരം രാമാനുജൻ, ഒ പി സുരേഷ്, അരുൺ ചേറുകാവിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാള സിനിമകളെ തെരഞ്ഞെടുത്തത്.
2023 ഡിസംബർ 8 മുതൽ 15 വരെയാണ് ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ബൊളീവിയൻ ചിത്രം 'ഉതമ' ആയിരുന്നു കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം പുരസ്‌ക്കാരം സ്വന്തമാക്കിയത്.
മികച്ച സംവിധായകനുള്ള രജതചകോരത്തിന് ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്‌ളൂ (കെർ) അർഹനായപ്പോൾ അറബിക് ചിത്രം ആലം സംവിധാനം ചെയ്ത ഫിറാസ് ഹൗരി മികച്ച നവാഗത സംവിധാകനുള്ള രജതചകോരം പുരസ്‌ക്കാരം സ്വന്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിച്ച 'നൻപകൽ നേരത്ത് മയക്കം' ആയിരുന്നു മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.