ഓടക്കുഴൽ വിളി ഒഴുകിയെത്തിയ കാലം; തിരുവനന്തപുരം ആകാശവാണിക്ക് ഇന്ന് 75 വയസ്സ്
എളുപ്പമല്ലായിരുന്നു ഞങ്ങൾ വയനാട്ടുകാർക്ക് തിരുവനന്തപുരം ആകാശവാണി ട്യൂൺ ചെയ്തെടുക്കാൻ; കാറ്റും മഴയുമുള്ള രാത്രിയാണെങ്കിൽ വിശേഷിച്ചും. ചീനച്ചട്ടിയിൽ കടുക് വറുത്തിടുമ്പോഴെന്ന പോലുള്ള പൊട്ടലിന്റേയും ചീറ്റലിന്റെയും അകമ്പടിയോടെയാണ് പാട്ടുകൾ തണുത്ത കാറ്റിൽ ഒഴുകിയെത്തുക. ശബ്ദതരംഗങ്ങളുടെ ഏറ്റക്കുറച്ചിലോടെ.
മുരളീനാദം തണുപ്പിനൊപ്പം അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ, കോരിത്തരിപ്പോടെ കേട്ടിരുന്നു ഞങ്ങൾ; ഞാനും സംഗീതപ്രേമികളായ രണ്ടു കൂടപ്പിറപ്പുകളും
അങ്ങിനെ ഒരു നാൾ ഒഴുകിയെത്തിയ ഓടക്കുഴൽ വിളിയിലൂടെയാവണം തിരുവനന്തപുരം സ്റ്റേഷനുമായുള്ള പ്രണയം തുടങ്ങിയത്. മീഡിയം വേവിന്റെ ദൂരപരിമിതിയിൽ നിന്നുയിർകൊണ്ട കരകരശബ്ദങ്ങളെ പോലും നിഷ്പ്രഭമാക്കി ആ മുരളീനാദം തണുപ്പിനൊപ്പം അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ, കോരിത്തരിപ്പോടെ കേട്ടിരുന്നു ഞങ്ങൾ; ഞാനും സംഗീതപ്രേമികളായ രണ്ടു കൂടപ്പിറപ്പുകളും.
രാധാമാധവ പ്രണയത്തിലെ ലജ്ജാവിവശത താനറിയാതെ തന്നെ നിഷ്കളങ്കമായി ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ട് ആ ശബ്ദം പാടുന്നു: "ഓടക്കുഴൽ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപര യുഗസന്ധ്യയിൽ, ആടിയ ദിവ്യാനുരാഗിലമാം രാസക്രീഡാ കഥയിലെ നായികേ..''
കാവാലം നാരായണപ്പണിക്കരും എം ജി രാധാകൃഷ്ണനും ചേർന്നാണ് ആ പാട്ടൊരുക്കിയതെന്നും ബേബി സുജാത എന്നൊരു പതിനൊന്നുകാരിയാണത് പാടിയതെന്നുമൊക്കെ അറിഞ്ഞത് പിന്നീട്. അര നൂറ്റാണ്ടിനിപ്പുറവും ആ ആദ്യ കേൾവി ഓർമ്മയിലുണ്ട്. തിരുവനന്തപുരം ആകാശവാണിക്ക് 75 വയസ്സ് തികയുമ്പോൾ ആദ്യം മനസ്സിലേക്ക് ഒഴുകിയെത്തുക ഇതുപോലുള്ള അനേകമനേകം ലളിതഗാനങ്ങൾ തന്നെ. എം ജി രാധാകൃഷ്ണൻ, കെ പി ഉദയഭാനു, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രത്നാകരൻ ഭാഗവതർ, ആർ സോമശേഖരൻ തുടങ്ങിയ പ്രതിഭാശാലികളായ സംഗീത സംവിധായകർക്ക് നന്ദി.
ലളിതഗാനങ്ങൾ സിനിമാഗാനങ്ങളോളം ജനപ്രിയമായിരുന്ന കാലം. കാവാലം - എം ജി രാധാകൃഷ്ണൻ കൂട്ടുകെട്ടിന്റെ മാന്ത്രിക സ്പർശമുണ്ടായിരുന്നു ആ പാട്ടുകൾ മിക്കതിനും പിന്നിൽ: ഘനശ്യാമസന്ധ്യാ ഹൃദയം, കുറ്റാലം കുറവഞ്ചി, മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു, ശ്രീഗണപതിയുടെ തിരുനാമക്കുറി, പൂമുണ്ടും തോളത്തിട്ട് ... യേശുദാസും ലതാ രാജുവും സുജാതയുമൊക്കെ പാടിയ പാട്ടുകൾ. പല ഗാനങ്ങളും ആലപിക്കപ്പെട്ടത് സ്റ്റുഡിയോയിലല്ല, ഓണക്കാലത്ത് ക്ഷണിക്കപ്പെട്ട സദസ്സിന് മുൻപാകെ ലൈവ് ആയിട്ടാണെന്ന പ്രത്യേകതയുണ്ട്. റെക്കോഡിംഗ് നിലവാരം മോശമായിട്ടുപോലും ഈ ഗാനങ്ങൾ മലയാളികൾ ഏറ്റെടുക്കുകയും മൂളിനടക്കുകയും ചെയ്തു എന്നത് അവയുടെ ശില്പികൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന കാര്യം. അതുപോലൊരു ഓണക്കാലത്താണ് പൂവച്ചൽ ഖാദർ -- എം ജി രാധാകൃഷ്ണൻ സഖ്യത്തിന് വേണ്ടി ജയചന്ദ്രൻ പാടിയ "ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ" എന്ന ഗാനം ആദ്യമായി കാതിൽ വന്നു വീണതും. വർഷങ്ങൾക്ക് ശേഷം രാധാകൃഷ്ണൻ ചേട്ടന്റെ രോഗശയ്യക്കരികിലിരുന്ന് അതേ ഗാനം ജയചന്ദ്രൻ പാടിക്കേൾക്കാൻ ഭാഗ്യമുണ്ടായി എനിക്ക്.
ലളിതഗാനം ആ വിശേഷണത്തോട് നീതി പുലർത്തണമെന്ന കാര്യത്തിൽ എന്നും നിർബന്ധം പിടിച്ച സംഗീത സംവിധായകനാണ് എം ജി ആർ. "അമിതമായ പെർക്കഷൻ ഒഴിവാക്കാറുണ്ട്. വാദ്യവിന്യാസത്തിൽ ആർഭാടം തെല്ലും ഉണ്ടാവില്ല. ലളിതഗാനത്തിൽ വരികളെ സംഗീതം പിന്തുടരുകയാണ് വേണ്ടത്. മറിച്ചല്ല. പിന്നെ ഓരോ ഗായകന്റെയും കഴിവുകളും പരിമിതികളും മനസ്സിലാക്കി അനുയോജ്യമായ ഈണങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കാറുണ്ട്." - രാധാകൃഷ്ണന്റെ വാക്കുകൾ. ശരറാന്തൽ വെളിച്ചത്തിൽ എന്ന ഗാനം (രചന: ബിച്ചു തിരുമല) കമുകറ പുരുഷോത്തമനും അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന എന്ന ഗാനം (കളർകോട് ചന്ദ്രൻ) പട്ടണക്കാട് പുരുഷോത്തമനുമല്ല പാടിയിരുന്നതെങ്കിൽ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമായിരുന്നോ എന്ന് നാം ചിന്തിച്ചു പോകുന്നതും അതുകൊണ്ടാവാം.
കാവാലം - എം ജി ആർ ടീം ആദ്യമൊരുമിച്ചത് പൂതന എന്ന സംഗീത ശിൽപ്പത്തിന് വേണ്ടിയാണ്. പിന്നീടായിരുന്നു ജനപ്രിയ ലളിതഗാനങ്ങളുടെ വരവ്. പ്രതിഭാധനരും പ്രഗത്ഭരുമായ കലാകാരന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് അന്ന് തിരുവനന്തപുരം നിലയത്തിൽ. തിരുനയിനാർ കുറിച്ചി മാധവൻ നായർ, ഗംഗാധരൻ നായർ, കൈനിക്കര കുമാരപിള്ള, ടി എൻ ഗോപിനാഥൻ നായർ, ചേർത്തല ഗോപാലൻ നായർ, നാഗവള്ളി ആർ എസ് കുറുപ്പ്, ജഗതി എൻ കെ ആചാരി, കെ ജി ദേവകിയമ്മ, സി എസ് രാധാദേവി, ടി പി രാധാമണി, സരസ്വതിയമ്മ, കെ ജി സേതുനാഥ്, എസ് രാമൻകുട്ടി നായർ, വീരൻ തുടങ്ങി പ്രക്ഷേപണ രംഗത്തെ എത്രയോ അതികായന്മാരുടെ സ്നേഹവാത്സല്യങ്ങൾ നുകർന്ന് ജോലിയിൽ മുഴുകാൻ കഴിഞ്ഞതാണ് തന്നിലെ സംഗീത സംവിധായകന്റെ സൗഭാഗ്യം എന്ന് വിശ്വസിച്ചു എം ജി ആർ.
മറ്റ് ഗാനരചയിതാക്കളുമായി ചേർന്നും മധുരോദാരമായ ലളിതഗാനങ്ങൾ സമ്മാനിക്കാനായി രാധാകൃഷ്ണന്: മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി, പ്രാണസഖീ നിൻ മടിയിൽ മയങ്ങും (പി ഭാസ്കരൻ), ഓടക്കുഴലേ ഓടക്കുഴലേ (ഒ എൻ വി), ശാരദേന്ദു മയൂഖ മാലകൾ, അന്നത്തോണി പൂന്തോണീ (ബിച്ചു), രാമായണക്കിളി ശാരികപ്പൈങ്കിളി, രാധാമാധവ സങ്കൽപ്പത്തിൽ (പൂവച്ചൽ ഖാദർ), ബ്രഹ്മകമല ദള യുഗങ്ങളിലുണരൂ (മഹാദേവൻ തമ്പി), വാതുക്കലെത്തുന്ന നേരം ചിരിക്കുന്ന (കെ ജി സേതുനാഥ്), ഹരിതവനത്തിന്റെ കുളിർഛായയിൽ (പി കെ ഗോപി), രാധയെ കാണാത്ത മുകിൽവർണ്ണൻ (കെ വി തിക്കുറിശ്ശി), ആകാശത്താരകൾ കണ്ണുകൾ ചിമ്മി (പദ്‌മജ രാധാകൃഷ്ണൻ)..... കാലത്തെ അതിജീവിച്ച ഗാനങ്ങളാണെല്ലാം. പലതും കലോത്സവവേദികളിൽ വർഷങ്ങളോളം നിറഞ്ഞുനിന്നവ.
തിരുവനന്തപുരം നിലയം എഴുപത്തഞ്ചിന്റെ നിറവിലെത്തുമ്പോൾ, ലളിത ഗാനങ്ങൾ അക്ഷരാർത്ഥത്തിൽ "ലളിത"വും സുന്ദരവുമായിരുന്ന ആ കാലത്തിന് നന്ദി പറയാതിരിക്കാനാവില്ല. റേഡിയോക്ക് മുന്നിൽ തപസ്സിരുന്ന പഴയ വയനാട്ടുകാരൻ കുട്ടി ഉള്ളിലുണ്ടല്ലോ ഇപ്പോഴും.