ഷക്കീലയും ഡ്രൈവിങ് സ്കൂളും; നെറ്റ്ഫ്ലിക്സിന്റെ സെക്സ് എഡ്യൂക്കേഷൻ

ഷക്കീലയും ഡ്രൈവിങ് സ്കൂളും; നെറ്റ്ഫ്ലിക്സിന്റെ സെക്സ് എഡ്യൂക്കേഷൻ

ഷക്കീല എന്ന പേര് കേട്ട് വരുന്നവരെ കാണിക്കാന്‍ ഒരു പ്രൊമോ, അതിനപ്പുറം വിഷയാധിഷ്ഠിതമായ സത്യസന്ധത ഇക്കാര്യത്തിലുണ്ടെന്ന് കരുതാനാകില്ല
Updated on
2 min read

വിപണിയാണ് പ്രധാനം. വിപണിയില്‍ ശ്രദ്ധിക്കപ്പെടുകയെന്നതാണ് ഏത് ഉത്പാദകന്റെയും ആദ്യ കടമ്പ. ഇതിനായി പരസ്യം ഉപയോഗപ്പെടുത്തുന്നു. പരസ്യത്തിന്റെ ക്രിയാത്മകവും അല്ലാത്തതുമായ നിരവധി രീതികള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം, ഒരു പ്രൊമോ കണ്ടതാണ്. നെറ്റ്ഫ്ലിക്സിലെ സെക്‌സ് എഡ്യൂക്കേഷന്റെ പ്രൊമോ.

ലൈംഗിക വിദ്യാഭ്യാസത്തിനായുള്ള ഒരു പരിപാടിയുടെ പ്രൊമൊയില്‍ ഉപയോഗിക്കുന്നത് ഒരു കാലത്ത്, ലൈംഗിക വിദ്യാഭ്യാസവും തിരിച്ചറിവും ഇല്ലാതെപോയ ഒരു വിഭാഗം ആവേശത്തോടെ ഏറ്റെടുത്ത ഒരു താരബിംബത്തെ, ഷക്കീലയെ. എന്തുകൊണ്ട് ഷക്കീല സെക്‌സ് എഡ്യുക്കേഷന്റെ പ്രമോയിലെ താരമാകുന്നു? ഷക്കീല മാത്രമോ, അതിലെ താരങ്ങളുടെ പേരോ?അതിലുമുണ്ട് മലയാളി ആണിന്റെ ലൈംഗിക നിരക്ഷര കാലത്തെ ഓര്‍മ്മപ്പെടുത്തലുകള്‍.

ഡ്രൈവിങ് സ്‌കൂള്‍.. ആ പേരിലൊരു ഇരട്ട അര്‍ത്ഥം വെളിപ്പെടുന്നില്ലേ? പ്രൊമോയുടെ പേരില്‍ തുടങ്ങുന്നു സെക്‌സ് എഡ്യുക്കേഷന്‍ എന്നതിന്റെ വിപണന തന്ത്രം. ഡ്രൈവിങ് സ്‌കൂള്‍ , ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്ന ഒരു ചിത്രത്തിന്റെ പേരും ഷക്കീലയുടെ തന്നെ മറ്റൊരു ചിത്രത്തിലെ തെറ്റുചെയ്യാത്തവരായ ആരുമില്ല ഗോപു എന്ന ഡയലോഗും... ഒരു കാലത്ത് അവര്‍ക്ക് കല്‍പിച്ചു നല്‍കിയിരുന്ന ഇമേജിന്റെ പുറത്ത് ,ഷക്കീല എന്ന പേര് കേട്ട് വരുന്നവരെ കാണിക്കാന്‍ ഒരു പ്രൊമോ, അതിനപ്പുറം വിഷയാധിഷ്ഠിതമായ സത്യസന്ധത ഇക്കാര്യത്തിലുണ്ടെന്ന് കരുതാനാകില്ല. കാരണം ആ പേരിലുള്ള അവരുടെ ഹിറ്റ് സിനിമ എന്നതിനൊപ്പം സ്ത്രീയെ ലൈംഗിക ഉപകരണമെന്ന നിലയ്ക്കുള്ള ദ്വയാർത്ഥ സ്വഭാവം ആ പേരിനുണ്ടെന്നത് കാണാതിരിക്കാനാകില്ല

ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച് മടുത്ത്, അവയില്‍ നിന്നെല്ലാം ഓടിയൊളിച്ച്, ഇനി ചെയ്യുന്നെങ്കില്‍ നല്ല കഥാപാത്രങ്ങളെ ചെയ്യൂ എന്ന് പറഞ്ഞ് സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിച്ച ഒരു സ്ത്രീയാണ് ഷക്കീല. അവര്‍ അങ്ങനെ ആഗ്രഹിച്ചതുകൊണ്ടായില്ലല്ലോ? സമൂഹത്തിന് ഇത്തരം കാര്യങ്ങള്‍ വിപണനം ചെയ്യാന്‍ അവരെ വേണം. അല്ലെങ്കില്‍ പഴയ അവരെ ഓര്‍മ്മിപ്പിക്കണം. അതില്‍ നിന്നുവേണം സെക്സ് എഡ്യുക്കേഷന്‍ എന്നാവും നെറ്റ്ഫ്ലിക്സ് കരുതി കാണുക. അതിലും തെറ്റില്ല. വിപണിയില്‍ ജയിച്ചാല്‍ പിന്നെ ധാര്‍മ്മികതയ്ക്കും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനും എന്ത് വില?

സാമൂഹികമായി കൂടി സ്വയം പരുവപ്പെട്ട് ജീവിക്കുന്ന ഷക്കീലയുണ്ട്. അത്തരക്കാരോട് ആര്‍ക്കും താല്‍പര്യം കാണില്ല

അവരുടെ, മറ്റ് വഴിയില്ലാതെ ചെയ്യേണ്ടി വന്ന റോളുകള്‍. ആ ഭൂതതാലത്തിലാണ് വിപണിയുടെ സാധ്യതകള്‍ നെറ്റ്ഫ്ലിക്സ് കണ്ടെത്തിയത്. അവിടെയാണ് സെക്സ് എഡ്യൂക്കേഷന്‍ ക്ലാസെടുക്കാന്‍ ഷക്കീലയെ പോലെ മികച്ച മറ്റൊരാളില്ലെന്ന അശ്ലീലം കേള്‍പ്പിക്കാന്‍ ഇട്ട് കൊടുക്കുന്നത്. സെക്സ് എഡ്യൂക്കേഷന്‍ ക്ലാസ് എടുക്കുന്നവര്‍ പോലും കാണിക്കുന്ന ഈ മനോഭാവത്തിന് ചില പ്രശ്നങ്ങളുണ്ടെന്ന് പറയാതെ വയ്യ. പക്ഷെ , വിപിണിയെ വിജയത്തെ വെല്ലുന്ന ഒന്നും നമ്മുടെ കാലത്തിന് ബോധ്യമാകില്ല. നെറ്റ്ഫ്ലിക്സിനും. അതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു.

സമൂഹത്തിന്റെ നെറ്റിചുളിയുന്ന സോഫ്റ്റ് പോൺ ചിത്രങ്ങളിലെ നായിക എന്ന ടാഗ് ലൈനില്‍ നിന്ന് പുറത്തിറങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും അമ്മ വേഷങ്ങള്‍ ചെയ്തും ട്രാന്‍സ്ജന്‍ഡേഴ്സിനെ ദത്ത് എടുത്ത് സാമൂഹികമായി കൂടി സ്വയം പരുവപ്പെട്ട് ജീവിക്കുന്ന ഷക്കീലയുണ്ട്. അത്തരക്കാരോട് ആര്‍ക്കും താല്‍പര്യം കാണില്ല. അവര്‍ മറ്റൊരു ജീവിച്ചാലും, പഴയ കിന്നാരത്തുമ്പി കാലത്തേക്ക് ഷക്കീലയെ പിടിച്ചിടുന്നതാണ് വിപിണിയുടെയും ലോജിക്ക്. ബാക്കിയെന്തും അതു കഴിഞ്ഞേ വരു...

logo
The Fourth
www.thefourthnews.in