പലസ്തീനിയൻ യുവതയെ സിനിമ പഠിപ്പിക്കുന്ന സംവിധായകൻ ;
ഫിറാസ് ഖൗറി കഥ പറയുമ്പോൾ

പലസ്തീനിയൻ യുവതയെ സിനിമ പഠിപ്പിക്കുന്ന സംവിധായകൻ ; ഫിറാസ് ഖൗറി കഥ പറയുമ്പോൾ

ഖൗറി എഴുതി സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ചിത്രം ആലം 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിൽ
Updated on
1 min read

പലസ്തീനിയൻ സംവിധായകൻ , തിരക്കഥാകൃത്ത് , പലസ്തീനിലുടനീളം പ്രദർശനങ്ങളും സിനിമാ പ്രവർത്തനങ്ങളും നടത്തുന്ന ഫാലസ്റ്റിനിമയുടെ സ്ഥാപകൻ, ആദ്യ ചിത്രത്തിലൂടെ തന്നെ ഫിറാസ് ഖൗറി രാജ്യാന്തര ശ്രദ്ധനേടുമ്പോൾ ഇസ്രായേൽ- പലസ്തീൻ അതിർത്തിയിലുള്ള യുവജനതയുടെ ജീവിതം കൂടിയാണ് ലോകം അറിയുന്നത് .

പലസ്തീനിൽ ജനിച്ച ഫിറാസ് ഖൗറി സിനിമ എന്ന വിഷയത്തിൽ ബിരുദമെടുത്ത ശേഷമാണ് കലാരംഗത്തേക്ക് എത്തുന്നത്. പല പ്രശസ്തരായ ചലച്ചിത്രപ്രവർത്തകരെയും പോലും ഹ്രസ്വ സിനിമകളിലൂടെ അരങ്ങേറ്റം. അവയിലൂടെ തന്നെ രാജ്യാന്തര പ്രശസ്തി. പിന്നീട് സിനിമ സംവിധാനത്തിലേക്ക് . ഈ പാതയിലൂടെ തന്നെയാണ് ഫിറാസ് ഖൗറിയുടെയും യാത്ര

സ്വന്തം സിനിമയെന്ന ആശയത്തിലുപരി പലസ്തീനിലെ യുവ ജനതയെ സിനിമയെന്ന മാധ്യമത്തിലേക്ക് ആകർഷിക്കുക, പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക, അഭയാർത്ഥി ക്യാംമ്പുകളിലടക്കം സിനിമാ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുക തുടങ്ങി , സിനിമയെ മറ്റൊരു തലത്തിൽ പ്രചരിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ കൂടെയാണ് ഫിറാസ് ഖൗറി സ്വന്തം പ്രവർത്തന മേഖലയെ അടയാളപ്പെടുത്തുന്നത്.

ഇതിന്റെ തുടർച്ച കൂടിയാണ് ആലം എന്ന ആദ്യ സിനിമ. ഏറെ നാളത്തെ ​ഗവേഷണത്തിന് ശേഷമാണ് പാലസ്തീൻ പ്രകടനക്കാരിൽ 90 ശതമാനവും 20 വയസ്സിന് താഴെയുള്ള യുവാക്കളാണെന്ന് ഫിറാസ് ഖൗറി തിരിച്ചറിഞ്ഞത്. തുടർന്ന് പാലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചിന്തകളാണ് ആലം എന്ന സിനിമയിലേക്കുള്ള വഴി തുറന്നത് . ചിത്രത്തിലെ അഞ്ച് പ്രധാന കഥാപാത്രങ്ങളിൽ ഓരോന്നും ഒരോ അവസ്ഥയുടെ പ്രതീകമാണ്. സ്നേഹം, സൗഹൃദം, അനീതികൾക്കെതിരായ പോരാട്ടം, സ്വന്തം വ്യക്തിത്വത്തിനായുള്ള അന്വേഷണം, തലമുറകളായി തുടർന്നു വരുന്ന സംഘർഷങ്ങൾ എല്ലാം ആലം ചർച്ചയാക്കുന്നു

ഇതിനോടകം നിരവധി ചലച്ചിത്രമേളകളിലേക്ക് ക്ഷണം ലഭിച്ച ആലത്തിന്റെ കെയ്റോ ഇന്റർനാഷണലിലെ പ്രദർശനത്തിൽ പക്ഷെ സംവിധായകന് പങ്കെടുക്കാനായില്ല. പാലസ്തീൻ പൗരനായ ഖൗറി വിസയ്ക്ക് അപേക്ഷ നൽകിയെങ്കിലും ഈജിപ്ഷ്യൻ അധികൃതർ അനുമതി നൽകിയില്ല

logo
The Fourth
www.thefourthnews.in