സ്വപ്നമായി യോദ്ധയുടെ രണ്ടാം ഭാഗം
'യോദ്ധ'യ്ക്ക് ഒരു രണ്ടാം ഭാഗം മനസിലുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട് പലരും സംഗീത് ശിവനോട്. ഉണ്ടെന്നും ഇല്ലെന്നും തീർത്തുപറയില്ല സംഗീത്. "ഇനി ഒരു തുടർച്ച ഉണ്ടായാൽ തന്നെ അത് പഴയ "യോദ്ധ'യിൽ നിന്ന് അടിമുടി വ്യത്യസ്തമായിരിക്കും,"സംഗീതിന്റെ വാക്കുകൾ.
മൂന്ന് പതിറ്റാണ്ടിനിടെ കാലം ഏറെ മാറിയില്ലേ? അഭിരുചികളും ആസ്വാദന ശീലങ്ങളും സാങ്കേതിക വിദ്യയും ഒക്കെ മാറി. 'യോദ്ധ'യിൽ തകർത്തഭിനയിച്ചവർ പലരും ദീപ്തസ്മരണകളുടെ ഭാഗമാണിന്ന്: ഒടുവിൽ ഉണ്ണികൃഷ്ണൻ, എം എസ് തൃപ്പൂണിത്തുറ, ജഗന്നാഥ വർമ, സുകുമാരി, മീന...അങ്ങനെ പലരും. അപ്രധാന റോളുകളിൽ മിന്നിമറഞ്ഞവരാകാം അവരിൽ ചിലരെങ്കിലും. പക്ഷേ ആ വേഷങ്ങളിൽ പകരക്കാരായി മറ്റാരെയെങ്കിലും സങ്കൽപ്പിക്കാൻ പോലുമാകുമോ നമുക്ക്?
മോഹൻലാലിനൊപ്പം യോദ്ധയുടെ ഹൃദയവും ആത്മാവുമായിരുന്ന ജഗതിയുടെ അവസ്ഥയാണ് ഏറ്റവും വേദനാജനകം. ഇനിയൊരിക്കൽ കൂടി ക്യാമറയ്ക്കു മുന്നിൽ നടന വൈഭവം കാണിക്കാനാവാത്ത വിധം തളർന്നുപോയിരിക്കുന്നു ആ അനുഗൃഹീത നടൻ. ജഗതിയില്ലാത്ത `യോദ്ധ' എത്ര ശൂന്യം. 'യോദ്ധ'യിൽ പ്രവർത്തിക്കുമ്പോൾ സിനിമാ ജീവിതത്തിന്റെ പ്രാരംഭദശയിലായിരുന്ന സാങ്കേതിക വിദഗ്ദർ പലരും ഇന്ന് പ്രശസ്തിയുടെ ഔന്നത്യങ്ങളിലാണ്: ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, എഡിറ്റർ ശ്രീകർ പ്രസാദ്, കലാസംവിധായകൻ സമീർ ചന്ദ, ആക്‌ഷൻ ഡയറക്റ്റർ ശ്യാം കൗശൽ, കോസ്‌റ്റ്യൂം ഡിസൈനർ സലിം ആരിഫ്... എല്ലാവരും ഇന്ത്യൻ സിനിമയിലെ തിരക്കേറിയ ടെക്‌നീഷ്യന്മാർ. "നഷ്ടപ്പെടാൻ ഒന്നുമില്ലാതിരുന്ന കാലത്ത് വലിയ സ്വപ്നങ്ങളുമായി എനിക്കൊപ്പം ചേർന്നവരാണവർ. അവരില്ലാതെ യോദ്ധയുമില്ല,''സംഗീത് പറഞ്ഞു.
'യോദ്ധ'യെ ചരിത്രത്തിന്റെ ഭാഗമാക്കുന്ന മറ്റൊന്നു കൂടിയുണ്ട്: എ ആർ റഹ്‌മാന്റെ മാന്ത്രികസാന്നിദ്ധ്യം. റഹ്‌മാന്റെ രണ്ടാമത്തെ ചിത്രമാണ് യോദ്ധ. ഐതിഹാസികമായ ആ സംഗീതയാത്രയിലെ ആദ്യ ചുവടുവെപ്പുകളിൽ ഒന്ന്. 'റോജ'യിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി തീരും മുൻപേ യോദ്ധയിലെ ഗാനസൃഷ്ടിയുടെ ചുമതല ഏറ്റെടുത്തിരുന്നു റഹ്‌മാൻ. പ്രശസ്തിയുടെയും അമിത പ്രതീക്ഷയുടെയും ഭാരമില്ലാതെ, ഒഴിഞ്ഞ മനസുമായി ഏകാന്തസുന്ദരമായ സ്വന്തം ലോകത്തിലേക്ക് ഉൾവലിഞ്ഞ് യോദ്ധയുടെ സംഗീതസൃഷ്ടിയിൽ മുഴുകിയ അന്തർമുഖനായ ആ ചെറുപ്പക്കാരനിൽനിന്ന് ലോകോത്തര സംഗീതകാരനിലേക്കുള്ള റഹ്‌മാന്റെ വളർച്ച ആഹ്ളാദത്തോടെ കണ്ടുനിന്നവരിൽ സംഗീത് ശിവനും ഉണ്ടായിരുന്നു.
"ഇന്നും വല്ലപ്പോഴുമൊക്കെ റഹ്‌മാനെ കണ്ടുമുട്ടാറുണ്ട്; സ്റ്റുഡിയോകളിൽ, അല്ലെങ്കിൽ വിമാനത്താവളങ്ങളിൽ,'' സംഗീത് ഒരിക്കൽ പറഞ്ഞു. "നിഷ്കളങ്കമായ പുഞ്ചിരിയോടെ വന്നു പരിചയം പുതുക്കും റഹ്‌മാൻ. പിന്നെ പതുക്കെ എന്റെ കാതിൽ മന്ത്രിക്കും: സംഗീത്ജി, യോദ്ധക്ക് രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കിൽ എന്നെ അറിയിക്കാൻ മറക്കരുത്. സംഗീത സംവിധായകൻ ഞാനായിരിക്കും. എന്റെ ആഗ്രഹമാണ്. ആത്മാർത്ഥത തുളുമ്പുന്ന വാക്കുകൾ.'' രാത്രിയുടെ അന്ത്യയാമങ്ങളിൽ കോടമ്പാക്കത്തെ പഞ്ചതൻ സ്റ്റഡിയോയുടെ കൺസോളിൽ ഇരുന്ന് താൻ സൃഷ്ടിച്ച ഈണങ്ങൾ കൊച്ചുകുട്ടിയുടെ കൗതുകത്തോടെ, ആവേശത്തോടെ കേൾപ്പിച്ചു തരുന്ന പഴയ റഹ്‌മാന്റെ ചിത്രമാണ് അപ്പോൾ ഓർമ വന്നതെന്ന് സംഗീത്.
"ചിട്ടപ്പെടുത്തിയ ഈണങ്ങൾ സംഗീത സംവിധായകർ ഹാർമോണിയം വായിച്ചു പാടിത്തരുന്നതായിരുന്നു അതുവരെയുള്ള രീതി. ട്യൂണിന്റെ ഏതാണ്ടൊരു മാതൃകയേ ഉണ്ടാകൂ. പിന്നീട് ഓർക്കസ്ട്രേഷന്റെ അകമ്പടിയോടെ പാട്ട് റെക്കോർഡ് ചെയ്തു കേൾക്കുമ്പോൾ അത് മറ്റൊരു സൃഷ്ടിയായിത്തീർന്നിട്ടുണ്ടാകും. നമ്മൾ ആദ്യം കേട്ട ഈണവുമായി നേരിയ ബന്ധം പോലും ഉണ്ടാകണമെന്നില്ല അതിന്. പക്ഷേ റഹ്‌മാൻ അന്നെന്നെ കേൾപ്പിച്ചത് ഈണത്തിന്റെ വെറുമൊരു അസ്ഥികൂടമല്ല. പശ്ചാത്തല വാദ്യ വിന്യാസത്തോടെയുള്ള, മിക്കവാറും പൂർണമായ ഒരു ഗാനമാണ്. അത് പാടിക്കേൾപ്പിക്കുന്ന പതിവുമില്ല അദ്ദേഹത്തിന്. ഗാനത്തിന്റെ മെലഡി ഏതെങ്കിലും ഉപകരണത്തിലാണ് നമ്മെ കേൾപ്പിക്കുക. എത്രയോ രാത്രികളിൽ ഉറക്കമിളച്ചിരുന്ന് തേച്ചുമിനുക്കിയെടുത്ത ഈണമായിരിക്കും അത്. അന്നതൊരു പുതുമയായിരുന്നു ഞങ്ങൾക്കെല്ലാം.''
മൂന്നു പാട്ടാണ് 'യോദ്ധ'യ്ക്കുവേണ്ടി റഹ്‌മാൻ ഒരുക്കിയത്, പ്രശസ്തമായ "പടകാളി ചണ്ഡിച്ചങ്കരി"'ക്കു പുറമെ യേശുദാസും സുജാതയും ചേർന്ന് പാടിയ കുനുകുനെ, മാമ്പൂവേ മഞ്ഞുതിരുന്നോ എന്നീ യുഗ്മഗാനങ്ങൾ. നിർഭാഗ്യവശാൽ മാമ്പൂവേ സിനിമയിൽ ഉപയോഗിച്ചില്ല. "റഹ്‌മാൻ ആദ്യം കേൾപ്പിച്ചപ്പോഴേ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈണമാണത്. അശോകനെയും (മോഹൻലാൽ) അശ്വതിയേയും (മധുബാല) വെച്ച് അത് ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യം. പൂജയുടെ ചിത്രങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തിയശേഷം ഇരുവരും കാട്ടിൽനിന്ന് രക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ വരേണ്ട പാട്ടാണ്. പക്ഷേ സിനിമയുടെ ദൈർഘ്യം കൂടുമെന്ന ഭയത്താൽ അത് ഒഴിവാക്കേണ്ടി വന്നു. സമയ പരിമിതിയും ഉണ്ടായിരുന്നു,'' സംഗീത് ഓർക്കുന്നു.
റഹ്‌മാനും ഏറെ പ്രിയപ്പെട്ട ഈണമായിരുന്നു മാമ്പൂവേ. അതുകൊണ്ടാവണം രണ്ടു വർഷത്തിനുശേഷം പുറത്തുവന്ന `പവിത്ര' എന്ന തമിഴ് സിനിമയിൽ ആ ഈണം പറയത്തക്ക ഭേദഗതികളൊന്നും കൂടാതെ അദ്ദേഹം പുനരവതരിപ്പിച്ചത്. സെവ്വാനം ചിന്നപ്പെൺ എന്ന് തുടങ്ങുന്ന ആ ഗാനം പാടിയത് എസ് പി ബാലസുബ്രഹ്മണ്യം, മനോ, പല്ലവി എന്നിവർ ചേർന്ന്. സിനിമയിൽ ചിത്രീകരിക്കാനായില്ലെങ്കിലും മാമ്പൂവേ എന്ന ഗാനത്തിന്റെ പല്ലവിയുടെ ഈണം യോദ്ധയിലെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട് റഹ്‌മാൻ: അശോകൻ - അശ്വതിമാരുടെ പ്രണയരംഗങ്ങളിൽ.
ഗാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയത് "പടകാളി'' തന്നെ. കേരളീയമായ ഫോക് അന്തരീക്ഷമാണ് പാട്ടിൽ വേണ്ടത്. വടക്കൻ പാട്ടിന്റെയൊക്കെ ഒരു ഫീൽ വരണം. റഹ്‌മാന് ഒട്ടും പരിചിതമല്ലാത്ത മേഖലയാണ്. "ഗാനരചയിതാവായ ബിച്ചു തിരുമലയാണ് ആ ഘട്ടത്തിൽ ഞങ്ങളുടെ രക്ഷക്കെത്തിയത്. വടക്കൻ പാട്ടിനെക്കുറിച്ചും കേരളത്തിലെ ഗ്രാമീണമായ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും പരമ്പരാഗത വാദ്യങ്ങളെക്കുറിച്ചുമൊക്കെ ബിച്ചുവിനോട് വിശദമായി ചോദിച്ചുമനസ്സിലാക്കി റഹ്‌മാൻ. ബിച്ചു ചൊല്ലിക്കൊടുത്ത നാടൻ പാട്ടുകളിൽനിന്നാണ് സത്യത്തിൽ ഗാനത്തിന്റെ ഘടനയെക്കുറിച്ച് റഹ്‌മാന് ഒരു ഏകദേശ ധാരണ ലഭിച്ചത്. ബിച്ചുവിന്റെ പങ്കാളിത്തം കൂടിയുണ്ട് ആ ഗാനത്തിന്റെ സ്വീകാര്യതയ്ക്കു പിന്നിലെന്നത് അവഗണിക്കാനാവാത്ത സത്യം. ഒരാഴ്ച കഴിഞ്ഞു താൻ ചിട്ടപ്പെടുത്തിയ ഈണം റഹ്‌മാൻ ഞങ്ങളെ പാടിക്കേൾപ്പിച്ചപ്പോൾ അത്ഭുതം തോന്നി. തികച്ചും കേരളീയമായ ഒരു ഗ്രാമ്യാന്തരീക്ഷം ഉണ്ടായിരുന്നു അതിൽ.'' സംഗീത് പറയുന്നു.
കാഴ്ചയിലും പെരുമാറ്റത്തിലും ഗൗരവക്കാരനായ, അത്യാവശ്യത്തിനു മാത്രം ചിരിക്കുന്ന ഒരു മനുഷ്യന് എങ്ങനെ ഇത്രയും നർമഭാവമുള്ള ഒരു ഈണം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നോർക്കുകയായിരുന്നു ബിച്ചു.
പാലക്കാട് ജില്ലാതിർത്തിയിലെ ഒരു കുഗ്രാമത്തിലായിരുന്നു "പടകാളി''യുടെ ചിത്രീകരണം. യേശുദാസും എം ജി ശ്രീകുമാറും മത്സരിച്ചുപാടിയ പാട്ടിനൊത്ത് ചുണ്ടനക്കി അഭിനയിക്കുന്നത് മോഹൻലാലും ജഗതിയും. കാഴ്ചക്കാരായായി ഉർവശി, സുകുമാരി, മീന, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ. നിലക്കാതെ പെയ്ത മഴ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചെങ്കിലും ലാലിന്റെയും ജഗതിയുടെയും അവിസ്മരണീയ പ്രകടനം ഒന്നുമാത്രം മതിയായിരുന്നു എല്ലാ നിരാശയും മറക്കാനെന്ന് സംഗീത്.
"ഗാന ചിത്രീകരണത്തെക്കുറിച്ച് എനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷേ ലാൽ സാറും ജഗതി ചേട്ടനും അഭിനയിച്ചു തുടങ്ങിയതോടെ എല്ലാ പ്ലാനും തെറ്റി. എവിടെ, എപ്പോൾ കട്ട് പറയണം എന്നറിയാതെ ആ നടന വൈഭവം ആസ്വദിച്ചുനിന്നുപോയി ഞാൻ. ഒരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല ഒഴിവാക്കാൻ എന്നതാണ് സത്യം. രണ്ടു അസാമാന്യ പ്രതിഭകളാണ് നിറഞ്ഞാടുന്നത്. അവരുടെ അഭിനയത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാൻ എങ്ങനെ മനസ്സു വരും?'' സംഗീതിന്റെ വാക്കുകൾ.
``മത്സരിച്ചു ചുവടുവെക്കുന്നതിനിടെ ലാലിന് എവിടെയെങ്കിലുമൊന്ന് പിഴച്ചാൽ ഉടൻ ജഗതി രക്ഷക്കെത്തും. അതുപോലെ തിരിച്ചും. അത്ഭുതകരമായ ആ കൊടുക്കൽ വാങ്ങലിന്റെ സൗന്ദര്യം ഞാനും സന്തോഷുമെല്ലാം വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്.'' പാട്ടിലെ കോറസ് ഭാഗം ചിത്രീകരിച്ചത് ചെന്നൈയിലെ സ്റ്റുഡിയോയിൽ വെച്ചാണ് എന്ന് കൂട്ടിച്ചേർക്കുന്നു സംഗീത് ശിവൻ.
പുതിയ കാലത്തു കാലുറപ്പിച്ചുനിന്നുകൊണ്ട് സാധാരണ പ്രേക്ഷകനായി "യോദ്ധ' കണ്ടു വിലയിരുത്താറുണ്ടായിരിന്നു സംഗീത് ശിവൻ. അത്ഭുതമെന്നു പറയാം, ഒരിക്കലും വിരസത തോന്നിയിട്ടില്ല. പുതിയ കാലത്തിന്റെ സാങ്കേതികത്തികവ് കൂടി ഉണ്ടായിരുന്നെങ്കിൽ സിനിമ ഇതിലും മികച്ചതായേനെ എന്നൊരു തോന്നൽ മാത്രം. എങ്കിലും നിരാശയില്ല. ഇറങ്ങിയ കാലത്ത് സ്വപ്നജീവികളായ കുറേ ചെറുപ്പക്കാരുടെ അതിസാഹസം മാത്രമായി പലരും എഴുതിത്തള്ളിയ ചിത്രത്തെ കാലം ഒരു `കൾട്ട് ഫിലിം' ആക്കി മാറ്റിയില്ലേ? ഒരു സംവിധായകനെ സംബന്ധിച്ച് ആഹ്ളാദിക്കാൻ ഇതിൽപ്പരം എന്തു വേണം ?