മതങ്ങൾ കൈകോർത്ത പ്രാർത്ഥനാഗീതം

മതങ്ങൾ കൈകോർത്ത പ്രാർത്ഥനാഗീതം

സംഗീതത്തിന്റെ മതാതീത സ്വഭാവത്തിന്റെ ഉദാത്ത മാതൃകയായി നിലനിൽക്കുന്ന 'കാണാൻ ആയിരം കൺ വേണ്ടും' എന്ന സൂപ്പർ ഹിറ്റ് ഭക്തിഗാനത്തെ കുറിച്ച്
Updated on
2 min read

പാട്ട് ഗംഭീരം. പക്ഷേ എഴുതിയത് ഇസ്ലാം മത വിശ്വാസിയാണെന്നറിഞ്ഞപ്പോൾ ഗ്രാമഫോൺ കമ്പനി ജനറൽ മാനേജരുടെ മുഖം കറുത്തു; നെറ്റി ചുളിഞ്ഞു. ''ശരിയാവില്ല. ഇതൊരു മുരുക സ്തുതിയല്ലേ? ഹിന്ദുക്കളാരും ഈ പാട്ടിന്റെ റെക്കോഡ് വാങ്ങില്ല. വെറുതെ എന്തിന് വടികൊടുത്ത് അടിവാങ്ങണം?'' - കണ്ണയ്യങ്കാരുടെ ചോദ്യം.

സംഗീത സംവിധായകരായ ജയവിജയന്മാർക്ക് നിരാശ തോന്നിയത് സ്വാഭാവികം. ഹൃദയം നൽകി സ്വരപ്പെടുത്തിയ സ്തുതിഗീതമാണ്. ഭക്തിനിർഭരമായ വരികൾ; അതിനിണങ്ങുന്ന ഈണം: '"സന്തനമും ജവ്വാദും സേർന്ത് മണം കമഴ് പാലഭിഷേകമുടൻ വെട്രിത്തിരുനീരണിന്ത്, ഭക്തർപ്പടൈ സൂഴന്ത് തങ്കരഥത്തേരിനിലെ , വള്ളിദേവയാനയുടൻ കാഴ്ചി തരും ഉന്നഴകൈ, കാണാൻ ആയിരം കൺ വേണ്ടും, മുരുഗനൈ..."

കൗതുകമുണർത്തുന്ന കഥയാണ് ആ പാട്ടിന്റേത്. 1960-കളുടെ അവസാനം. അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജയവിജയന്മാർ സംഗീത ലോകത്ത് ശ്രദ്ധേയരായി വരുന്ന സമയം. ആയിടക്കൊരിക്കൽ കച്ചേരിക്കായി സിംഗപ്പൂരിൽ ചെന്നപ്പോൾ യാദൃച്ഛികമായി ഖാദർ എന്നൊരാളെ പരിചയപ്പെടുന്നു അവർ. സിംഗപ്പൂരിലും ഇന്ത്യയിലുമായി മണി ചെയ്ഞ്ചിങ് ബിസിനസ് നടത്തിവരികയാണ് ഖാദർ. ചെന്നൈയിലെ തന്റെ ഓഫീസ് മാനേജരായിരുന്ന ഫാറൂഖിനെ ജയവിജയന്മാർക്ക് പരിചയപ്പെടുത്തിയത് ഖാദറാണ്. ചില്ലറക്കാരനല്ല ഈ ഫാറൂഖ്. നല്ല സംഗീതാസ്വാദകൻ. സഹൃദയനും. പോരാത്തതിന് തമിഴിൽ നന്നായി കവിതയെഴുതും. ''വളരെ പെട്ടെന്ന് ഫാറൂഖ് ഞങ്ങളുടെ സുഹൃത്തായി. ഇടയ്ക്കിടെ കടയിൽച്ചെന്ന് അദ്ദേഹത്തെ കാണും. സാഹിത്യത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ആ ദിവസങ്ങളിലൊന്നിലാണ് എഴുതിവെച്ച ഒരു ഗാനം ചിട്ടപ്പെടുത്താൻവേണ്ടി അദ്ദേഹം ഞങ്ങളെ ഏല്പിച്ചത്." - സംഗീത സംവിധായകൻ ജയൻ മാസ്റ്റർ ഓർക്കുന്നു.

ഹൃദയസ്പർശിയായ മുരുക ഭക്തിഗീതം. സുബ്രഹ്മണ്യ ക്ഷേത്രാന്തരീക്ഷം അതീവഹൃദ്യമായി പകർത്തിയിരിക്കുന്നു പാട്ടിന്റെ വരികളിൽ ഫാറൂഖ്. പാട്ടുചിട്ടപ്പെടുത്തി യേശുദാസിനെക്കൊണ്ട് പാടിച്ച് ഗ്രാമഫോൺ റെക്കോർഡായി ഇറക്കണമെന്നായിരുന്നു ജയവിജയന്മാരുടെ ആഗ്രഹം. ആ മോഹമാണ് കണ്ണയ്യങ്കാർ ഒരൊറ്റ നിമിഷം കൊണ്ട് തകർത്തുകളഞ്ഞത്.

എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല ജയവിജയന്മാർ. ഏതാണ്ട് ഒരുവർഷം കഴിഞ്ഞ് അവർ വീണ്ടും അയ്യങ്കാരെ കാണുന്നു. അതിനകം അയ്യങ്കാർ അവരുടെ അടുത്ത സുഹൃത്തായിക്കഴിഞ്ഞിരുന്നു. ഇത്തവണ യേശുദാസിന് പാടാൻവേണ്ടി ഒരു മുരുകഭക്തി ഗാനം ഇങ്ങോട്ട് ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. തെല്ലും സംശയിക്കാതെ ഫാറൂഖിന്റെ പഴയപാട്ടുതന്നെ ഒന്നുകൂടി എടുത്തുകൊടുത്തു ജയവിജയന്മാർ. ഭാഗ്യത്തിന് പഴയ കഥയെല്ലാം മറന്നുപോയിരുന്നു കണ്ണയ്യങ്കാർ. പാട്ട് വായിച്ചുനോക്കിയതും അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. ''പ്രമാദമാന പാടൽ. ഇത് ആരെഴുതി?'' അദ്ദേഹത്തിന്റെ ചോദ്യം. ഒരു നിമിഷം മുഖത്തോടുമുഖം നോക്കിയിരുന്ന ശേഷം ജയവിജയന്മാർ ഒരേസ്വരത്തിൽ പറഞ്ഞു: ''അരുളവൻ. നാഗപട്ടണത്തിനടുത്ത മായാവരം സ്വദേശിയാണ്.''

ഞങ്ങൾ നേരത്തേ ആസൂത്രണംചെയ്ത ഒരു പദ്ധതിയുടെ ഭാഗമായിരുന്നു അത്." - ജയൻ ചിരിക്കുന്നു. ''എഴുതിയത് മുസ്ലിം ആണെന്നുപറഞ്ഞാൽ അയ്യങ്കാർ ഒഴിഞ്ഞുമാറും. അപ്പോൾപ്പിന്നെ ഫാറുഖിന് ഇങ്ങനെയൊരു തൂലികാനാമം കിടക്കട്ടെ എന്നുവിചാരിച്ചു.'' ഇനിയാണ് രസം. അരുളവനെക്കുറിച്ച് നേരത്തെതന്നെ കേട്ടിട്ടുണ്ടെന്ന മട്ടിലാണ് അയ്യങ്കാരുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: ''പുകൾപെറ്റ കവിഞ്ജറല്ലേ. ഇത്രയും ഭക്തിപൂർണമായി മുരുകനെക്കുറിച്ച് എഴുതാൻ അരുളവനേ പറ്റൂ. നമുക്കിത് ഉടൻതന്നെ റെക്കോഡായി ഇറക്കണം.''

പിന്നെയെല്ലാം പെട്ടെന്നു നടന്നു. അടുത്തയാഴ്ച ചെന്നൈയിലെ എച്ച്.എം.വി. സ്റ്റുഡിയോയിൽ റെക്കോഡിങ്. യേശുദാസിനും വളരെ ഇഷ്ടപ്പെട്ടു. ആഭേരി രാഗസ്പർശമുള്ള ആ ഗാനം. പാട്ട് ഗ്രാമഫോൺ ഡിസ്കായി പുറത്തിറങ്ങിയതും ലക്ഷക്കണക്കിന് വിറ്റുപോയതും പിന്നീടുള്ള ചരിത്രം. ഇന്നും ഏറ്റവുമധികം ആവശ്യക്കാരുള്ള മുരുകഭക്തിഗാനങ്ങളിൽ ഒന്നാണത്. മാത്രമല്ല പഴനി ഉൾപ്പെടെയുള്ള തെന്നിന്ത്യയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ എല്ലാ ദിവസവും ഉറക്കമുണരുന്നതും ആ ഗാനം കേട്ടുകൊണ്ടുതന്നെ. ''അരുളവൻ എന്നൊരു കവിയാണ് അതെഴുതിയത് എന്നല്ലാതെ അദ്ദേഹം ഒരു മുസ്ലിം ആണെന്നോ യഥാർഥ പേര് ഫാറൂഖ് ആണെന്നോ അധികമാർക്കും അറിയില്ല. കണ്ണയ്യങ്കാർതന്നെ അതറിഞ്ഞത് ഏറെക്കാലം കഴിഞ്ഞു ഞങ്ങൾ നേരിട്ടു പറഞ്ഞപ്പോഴാണ്. സത്യം മറച്ചുവെച്ചതിൽ ചെറിയൊരു പരിഭവം പ്രകടിപ്പിച്ചെങ്കിലും അതിനകം ഗ്രാമഫോൺ കമ്പനിക്ക് ഏറ്റവുമധികം വരുമാനമുണ്ടാക്കിയ പാട്ടുകളിൽ ഒന്നായി മാറിയിരുന്നല്ലോ കാണാൻ ആയിരം കൺ വേണ്ടും...''

യേശുദാസിന്റെ ശബ്ദത്തിലാണ് പ്രശസ്തമായതെങ്കിലും പല പ്രമുഖ സംഗീതജ്ഞരും കച്ചേരികളിൽ ഈ ഗാനം സ്ഥിരമായി പാടാറുണ്ട്. നിത്യശ്രീ മഹാദേവനെപ്പോലുള്ളവർ അത് പാടി കാസറ്റുകൾ വരെ പുറത്തിറക്കി. പാട്ടെഴുതിയതും ചിട്ടപ്പെടുത്തിയതും അരുളവൻ എന്നാണ് ഈ റെക്കോഡുകളിൽ കാണുക. സംഗീതം നൽകിയ ജയവിജയന്മാരെക്കുറിച്ച് എങ്ങുമില്ല പരാമർശം. ''ഇന്നും ആ പാട്ടുകേൾക്കുമ്പോൾ ഫാറൂഖ് എന്ന ആ നല്ല മനുഷ്യനെ ഓർമവരും. എത്ര അർത്ഥപൂർണമായ വരികളാണ് അദ്ദേഹം രചിച്ചിരിക്കുന്നത്. ഹിന്ദു പുരാണങ്ങളിൽ നല്ല ഗ്രാഹ്യമുള്ള ഒരാൾക്കേ ഇങ്ങനെ എഴുതാൻ കഴിയൂ'' ജയൻ പറയുന്നു. സംഗീതത്തിന്റെ മതാതീത സ്വഭാവത്തിന് ഏറ്റവും ഉദാത്തമായ ഉദാഹരണമായി നിലനിൽക്കുന്നു ആ ഗാനം. എഴുതിയത് മുസ്ലിം, ഈണമിട്ടത് ഹിന്ദു സഹോദരർ, പാടിയത് ക്രിസ്തീയ മതവിശ്വാസിയും.

logo
The Fourth
www.thefourthnews.in