'ഇസൈ പുയലിന്' ഇന്ന് അമ്പത്തിയാറാം പിറന്നാൾ
ചിന്ന ചിന്ന ആസൈയുമായി സംഗീതാസ്വാദകരുടെ മനസ്സിലേക്ക് കടന്നുവന്ന പ്രതിഭ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിലായി അഞ്ഞൂറിലധികം ഗാനങ്ങൾ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ലളിതമായ മോണോഫോണിക് ശബ്ദ ക്രമീകരണങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംഗീതജ്ഞൻ. സംഗീതസംവിധായകനും ഗായകനും ഗാനരചയിതാവുമായ റഹ്‌മാൻ ഡോക്യുമെന്ററികൾക്കും പരസ്യങ്ങൾക്കും ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്കുമായി ജിംഗിൾസ് രചിച്ചുകൊണ്ടാണ് കരിയറിന്റെ തുടക്കം കുറിച്ചത്.
1990 കളുടെ തുടക്കത്തിൽ തമിഴ് ചിത്രമായ റോജയിലെ ചിന്ന ചിന്ന ആസൈ എന്ന ഗാനം ചിട്ടപ്പെടുത്തിയാണ് അദ്ദേഹം സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. അതോടൊപ്പം പഞ്ചതൻ റെക്കോർഡ് ഇൻ എന്ന സ്വന്തം ഇൻ-ഹൗസ് സ്റ്റുഡിയോയും ആരംഭിച്ചു. തുടർന്ന് മണി രത്‌നത്തിന്റെ ഹിറ്റ് ചിത്രമായ ബോംബെ, കാതലൻ, തിരുടാ തിരുടാ, എസ് ഷങ്കറിന്റെ ആദ്യ ചിത്രമായ ജെന്റിൽമാൻ എന്നിവ ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തി.
കപ്പിൾസ് റിട്രീറ്റ് എന്ന കോമഡി ചിത്രത്തിന് വേണ്ടിയുള്ള സ്കോർ ചെയ്തുകൊണ്ടാണ് ഹോളിവുഡിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന് മികച്ച സ്കോറിനുള്ള ബ്രോഡ്കാസ്റ്റ് മ്യൂസിക്ക് (BMI) പുരസ്‌കാരം അദ്ദേഹം കരസ്ഥമാക്കി. 2008 ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ സംഗീതത്തിന് അദ്ദേഹത്തെ തേടിയെത്തിയത് മികച്ച ഒറിജിനൽ സ്കോർ, മികച്ച ഗാനം എന്നീ വിഭാഗത്തിലെ 81-ാമത് ഓസ്കാർ പുരസ്കാരമായിരുന്നു. ഇതേ ചിത്രത്തിന് തന്നെയാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയത്. 'ഇസൈ പുയൽ', 'മൊസാർട്ട് ഓഫ് മദ്രാസ്' എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ആഗോള സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2006ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2009ൽ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തി. 2014-ൽ, ബെർക്ലീ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും, തുടർന്ന് അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.
ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം, പതിനഞ്ച് ഫിലിം ഫെയർ അവാർഡുകൾ, പതിനേഴ് സൗത്ത് ഫിലിംഫെയർ അവാർഡുകൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2010-ൽ, ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു.
കേട്ടാലും കേട്ടാലും മതിവരാത്ത ഈണങ്ങള്‍. മനുഷ്യന്റെ ഓരോ ജീവിതാവസ്ഥയെയും അടയാളപ്പെടുത്തുന്ന സംഗീത മുഹൂർത്തങ്ങള്‍. ബോംബെയിലെ ഛയ്യ ഛയ്യയും, കാതലനിലെ ഊർവസിയുമൊക്കെ കേള്‍ക്കുമ്പോള്‍ ഇന്നും എല്ലാവരും മതിമറന്ന് നൃത്തം ചെയ്യുന്നു. ഏ അജ്നബിയും വെണ്ണിലവേയും കേൾക്കുമ്പോൾ ഉള്ളിലൊരു പ്രണയം ഉണരുന്നു. ഉയിരേയും രാവണനിലെ ഉസിരെ പോകുതെയും കേൾക്കുമ്പോൾ ആരുടെ മനസ്സിലായാലും ഒരു നോവുണ്ടാകും. എഴുതാൻ തുടങ്ങിയാൽ അവസാനിക്കാത്ത അത്രയും മധുര മനോഹര ഗാനങ്ങൾ സമ്മാനിച്ച പ്രതിഭയ്ക്ക് പിറന്നാളാശംസകള്‍