ആടുജീവിതത്തിൻ്റെ ട്രെയിലർ ചോർന്നോ?: മറുപടിയുമായി പൃഥ്വിരാജും ബെന്യാമിനും; ട്രെയിലർ ആഘോഷമാക്കി സോഷ്യൽ മീഡിയ
പൃഥ്വിരാജ് - ബ്ലെസ്സി ചിത്രം ആടുജീവിതം സിനിമയുടെ ഫെസ്റ്റിവൽ ട്രെയ്‌ലർ പുറത്ത്. യൂട്യൂബിലും ട്വിറ്ററിലുമാണ് ട്രെയ്‌ലറിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. 'ഫോർ പ്രിവ്യു' എന്ന് രേഖപ്പെടുത്തിയ പതിപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഡെഡ്‍ലൈൻ എന്ന ഓൺലൈൻ മാഗസിനാണ് ട്രെയ്‌ലർ ആദ്യം പുറത്തുവിട്ടത്.
എന്നാൽ ഔദ്യോഗിക ട്രെയിലർ അല്ല പുറത്തുവന്നിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. വേൾഡ് മാർക്കറ്റിന് വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്‍ലൈൻ എന്ന ഓൺലൈൻ മാഗസിനിൽ വന്നതാണെന്നും ചിത്രത്തിന്റെ പണികൾ പൂർത്തിയാവുന്നതോടെ ഔദ്യോഗിക ട്രെയിലർ പുറത്തുവിടുമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സിനിമയുടെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിൽ പിന്നീട് നടൻ പൃഥ്വിരാജ് തന്നെ ഔദ്യോഗികമായി വീഡിയോ പുറത്തുവിട്ടു. ഓൺലൈനിൽ 'ലീക്ക്' ആകാനായി ഒരുക്കിയതല്ലെന്നും ചലച്ചിത്ര മേളകൾക്കായി ഒരുക്കിയ ട്രെയിലർ ആണെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണെന്നാണ് കരുതപ്പെടുന്നത്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് വര്‍ഷത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്.
സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമല പോൾ, ശോഭ മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 20നാണ് പ്രഖ്യാപിച്ചിരുന്നത്. എ ആർ റഹ്മാൻ സംഗീതം ചെയ്യുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.