ഷുക്കൂറിന്റെ ജീവിതകഥയല്ല, 70 ശതമാനവും ഭാവന; ഹക്കീമും ഖാദിരിയുമാണെന്ന് പറഞ്ഞും ആളുകൾ വന്നേക്കാമെന്നും ബെന്യാമിൻ
'ആടുജീവിതം' സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. 'ആടുജീവിതം' നോവലിൽ 70 ശതമാനവും തന്റെ ഭാവനയാണെന്നും തന്റെ കഥയിലെ നായകൻ നജീബ് ആണ്, ഷുക്കൂർ അല്ലെന്നും ബെന്യാമിൻ പറഞ്ഞു. നോവലിൽ പലരുടെയും പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളുവെന്നും ബെന്യാമിൻ പറഞ്ഞു.
ഷുക്കൂറിന്റെ ജീവിത കഥ അല്ല 'ആടുജീവിതം', അത് എന്റെ നോവൽ ആണ്. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്നും ബെന്യാമിൻ പറഞ്ഞു.
നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തന്നോട് ചോദിക്കണമെന്നും ബെന്യാമിൻ പറഞ്ഞു.
ഇതിനിടെ ആടുജീവിതം നോവലിലെ കുഞ്ഞിക്ക താനാണെന്ന് പറഞ്ഞുകൊണ്ട് ഒരാളുടെ അഭിമുഖം കണ്ടെന്നും എന്നാൽ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണെന്നും ബെന്യാമിൻ പറഞ്ഞു. താൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ തനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നെന്നും ബെന്യാമിൻ പറഞ്ഞു.
താനാണ് ഹക്കിമെന്നും താനാണ് ഇബ്രാഹിം ഖാദിരിയെന്നും പറഞ്ഞ് പലരും വന്നേക്കാമെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം ബെന്യാമിന്റെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയിൽ എഴുത്തുകാരനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അബ്ദുൾ ഷുക്കൂറിന്റെ ജീവിതം അടിസ്ഥാനമാക്കിയല്ല 'ആടുജീവിതം' സിനിമയാക്കിയതെങ്കിൽ പിന്നെ എന്തിനാണ് യഥാർത്ഥ നജീബ് എന്ന പേരിൽ പുസ്തകത്തിന്റെ പ്രചാരണത്തിനും സിനിമയുടെ പ്രചാരണത്തിലും ഉപയോഗിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.
'ആടുജീവിതം' നോവലിൽ ആടുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന രംഗവുമായി ബന്ധപ്പെട്ട് നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടായിരുന്നു. 'ആടുജീവിതം' സിനിമയിൽ രംഗം ഉൾപ്പെടുത്താത്തിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സെൻസർ ബോർഡ് കാരണമായിരുന്നെന്നായിരുന്നു ബെന്യാമിൻ മറുപടി പറഞ്ഞത്.
എന്നാൽ ചിത്രത്തിന് വേണ്ടി അത്തരമൊരു രംഗം ചിത്രീകരിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിൽ വ്യക്തത വരുത്തി ബെന്യാമിൻ രംഗത്ത് എത്തിയത്.