ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ആലിയയ്ക്ക് കുഞ്ഞ് പിറന്നത്. അഞ്ച് വർഷം നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍.
ജൂണിലാണ് ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ആലിയ തന്നെ പുറത്തുവിടുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യുടെ പ്രൊമോഷന് ആലിയ നിറവയറിലെത്തിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ബഹുഭാഷകളിലെത്തിയ അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിലാണ് ആലിയയുടെ ഇനി വരാനുള്ള ചിത്രം.