ഇനി കുടുംബത്തോടൊപ്പം; അഭിനയത്തിന് ഇടവേള നല്‍കാന്‍ ആമിര്‍ ഖാന്‍

ഇനി കുടുംബത്തോടൊപ്പം; അഭിനയത്തിന് ഇടവേള നല്‍കാന്‍ ആമിര്‍ ഖാന്‍

എന്നാൽ അഭിനയ രംഗത്ത് നിന്ന് മാത്രമേ തൽക്കാലം ഇടവേളയെടുക്കുന്നുള്ളൂവെന്നും നിർമാണ രംഗത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു
Updated on
2 min read

അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ ഇടവേളയെന്നാണ് താരത്തിന്റെ വിശദീകരണം. 35 വർഷം നീണ്ട തന്റെ കരിയറിൽ ഇതാദ്യമായാണ് താൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതെന്നും ആമിർ ഖാൻ പറഞ്ഞു.

''ഒരു സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ജീവിതത്തിൽ മറ്റൊന്നും സംഭവിക്കുന്നില്ല എന്ന തരത്തിൽ ജോലിയിലേക്ക് പൂർണമായും മുഴുകാറുണ്ട് ഞാൻ. ലാൽ സിംഗ് ഛദ്ദയ്ക്ക് ശേഷം ചാമ്പ്യൻസ് എന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആരംഭിക്കേണ്ടതായിരുന്നു. അതിമനോഹരമായ ഒരു തിരക്കഥയാണ് ചാമ്പ്യൻസിന്റേത്. മനോഹരമായ ഒരു കഥ, വളരെ ഹൃദ്യവും മനോഹരവുമായ ഒരു സിനിമയാണ് ചാമ്പ്യൻസ്. എന്നാൽ എനിക്ക് ഒരു വിശ്രമം ആവശ്യമാണ്. എന്റെ കുടുംബത്തോടൊപ്പം അമ്മയ്ക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു''- ആമിർ ഖാൻ പറയുന്നു.

ആമിർ ഖാൻ മകൾക്കൊപ്പം
ആമിർ ഖാൻ മകൾക്കൊപ്പം

ഉറ്റവർക്കൊപ്പം സമയം പങ്കിടാനും ജീവിതത്തെ മറ്റൊരു തരത്തിൽ അനുഭവിക്കാനും ഇതാണ് നല്ല സമയമെന്ന് കരുതുന്നു. അടുത്ത ഒന്നര വർഷത്തേക്ക് അഭിനയരംഗത്ത് ഉണ്ടാവില്ല.

മക്കൾക്കൊപ്പം
മക്കൾക്കൊപ്പംFilmfare

ഡൽഹിയിൽ തന്റെ ബാല്യകാല സുഹൃത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആമിർ ഖാന്റെ പ്രഖ്യാപനം. 35 വർഷമായി ഞാൻ ജോലി ചെയ്യുന്നു. ഈ 35 വർഷവും ഞാൻ എന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നോട് അടുപ്പമുള്ളവരോട് ഞാൻ ചെയ്യുന്ന നീതികേടാണ് അതെന്ന് എനിക്ക് മനസിലായി. ഉറ്റവർക്കൊപ്പം സമയം പങ്കിടാനും ജീവിതത്തെ മറ്റൊരു തരത്തിൽ അനുഭവിക്കാനും ഇതാണ് നല്ല സമയമെന്ന് കരുതുന്നു. അടുത്ത ഒന്നര വർഷത്തേക്ക് അഭിനയരംഗത്ത് ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആമിറിന്റെ അമ്മ സീനത്ത് ഹുസൈനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആമിർ ഖാൻ അമ്മ സീനത്തിനൊപ്പം
ആമിർ ഖാൻ അമ്മ സീനത്തിനൊപ്പം

എന്നാൽ അഭിനയ രംഗത്ത് നിന്ന് മാത്രമേ തൽക്കാലം ഇടവേളയെടുക്കുന്നുള്ളൂവെന്നും നിർമാണ രംഗത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ചാമ്പ്യൻസ് എന്ന ചിത്രം താനാണ് നിർമിക്കുകയെന്നും ആമിർ ഖാൻ വ്യക്തമാക്കി. സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസ്, ഇന്ത്യ, 200 നോട്ടൗട്ട് പ്രൊഡക്ഷൻസ് എന്നിവയ്‌ക്കൊപ്പം ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ചാമ്പ്യൻസ് നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെ രണ്ട് ചിത്രങ്ങളായ തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ (2018), ലാൽ സിംഗ് ഛദ്ദ എന്നിവ ബോക്സോഫീസ് പരാജയങ്ങളായിരുന്നു. ലാൽ സിംഗ് ഛദ്ദ റിലീസിനോടടുപ്പിച്ച് ട്വിറ്ററിൽ വ്യാപകമായ ബഹിഷ്കരണ ക്യാംപയിൻ നടന്നിരുന്നു.

logo
The Fourth
www.thefourthnews.in