ആശയരൂപീകരണത്തിന് കൈമാറിയ കത്ത് ചോർന്നു, ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നത് തെറ്റിദ്ധാരണ പരത്തി; പുതിയ സംഘടനാ രൂപീകരണത്തിൽ വിശദീകരണവുമായി ആഷിഖ് അബു

ആശയരൂപീകരണത്തിന് കൈമാറിയ കത്ത് ചോർന്നു, ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നത് തെറ്റിദ്ധാരണ പരത്തി; പുതിയ സംഘടനാ രൂപീകരണത്തിൽ വിശദീകരണവുമായി ആഷിഖ് അബു

സംഘടനയുടെ ഭാ​ഗമല്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തങ്ങളുടെ അറിവോടെ അല്ലെന്നും ചൂണ്ടിക്കാട്ടി ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയും രംഗത്തുവന്നിരുന്നു
Updated on
2 min read

മലയാള സിനിമാ രംഗത്തെ പുതിയ സംഘടനയെന്ന ആശയത്തെച്ചൊല്ലിയുളള തർക്കത്തിൽ കൂടുതൽ വ്യക്തതയുമായി സംവിധായകൻ ആഷിഖ് അബു. പ്രോ​ഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന ആലോചനയുടെ ഭാ​ഗമായി പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്ത് അനൗദ്യോഗികമായി ചോർന്നതാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമായതെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഇതുവരെ രൂപീകരിക്കാത്ത ‘സംഘടനയിൽ’ ‘ഭാരവാഹികൾ’ എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നത് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയെന്നും ആഷിഖ് അബു പറയുന്നു.

അസോസിയേഷന്റെ രൂപീകരണലക്ഷ്യം ഉൾക്കൊള്ളിച്ചുകൊണ്ടുളള കത്ത് പുറത്തുവന്നതിനു പിന്നാലെ ഭാരവാഹികളെന്ന നിലയിൽ കത്തിൽ പ്രതിപാദിച്ചിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും ഉൾപ്പടെയുളള സിനിമാ പ്രവർത്തകരുടെ പേരുകൾ ചിത്രങ്ങൾ സഹിതം വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, നിലവിൽ സംഘടനയുടെ ഭാ​ഗമല്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തങ്ങളുടെ അറിവോടെയല്ലെന്നും ചൂണ്ടിക്കാട്ടി ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയും രംഗത്തുവന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് മാധ്യമങ്ങളടക്കം ആഷിഖ് അബുവിനെ സമീപിച്ചത്.

സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിലൂന്നിയ സംഘടനയെന്ന ആശയം നിരവധി സിനിമാപ്രവർത്തകരുമായി ചർച്ച ചെയ്തിരുന്നെന്നും ഇതിന്റെ ഭാഗമായിട്ടാണ് പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന ആശയത്തിന് തുടക്കമിട്ടതെന്നുമാണ് ഒടുവിലായി ഇറക്കിയ വാർത്താക്കുറിപ്പിൽ ആഷിഖ് അബു വ്യക്തമാക്കുന്നത്. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായതെന്നും, ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടെന്നും ആഷിഖ് അബുവിന്റെ പക്ഷം.

ഇതുവരെ രൂപീകരിക്കാത്ത ‘സംഘടനയിൽ’ ‘ഭാരവാഹികൾ’ എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നതാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിനാലാണ് ഈ അറിയിപ്പെന്നും ആഷിഖ് അബു വ്യക്തമാക്കി. ആഷിഖ് അബുവിനൊപ്പം സംവിധായകരായ രാജീവ് രവി, കമൽ കെ എം, സൗണ്ട് ഡിസൈനർ അജയൻ അടാട്ട് എന്നിവരടങ്ങുന്ന സംഘടനയുടെ താൽക്കാലിക കമ്മിറ്റി അം​ഗങ്ങളുടെ പേരിലാണ് വാർത്താക്കുറിപ്പ്. നേതൃനിരയിൽനിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെയും ബിനീഷ് ചന്ദ്രയേയും ഒഴിവാക്കിയിട്ടുണ്ട്.

ആശയരൂപീകരണത്തിന് കൈമാറിയ കത്ത് ചോർന്നു, ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നത് തെറ്റിദ്ധാരണ പരത്തി; പുതിയ സംഘടനാ രൂപീകരണത്തിൽ വിശദീകരണവുമായി ആഷിഖ് അബു
ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുമോ ചലച്ചിത്രമേഖലയിൽ പുതിയ കൂട്ടായ്മ? ലിജോയുടെയും ബിനീഷിന്റെയും നിലപാടിന് പിന്നിലെന്ത്?

വാർത്താക്കുറിപ്പിന്റെ പൂർണരൂപം

’സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാ പ്രവർത്തകർ ചർച്ച ചെയ്യുകയുണ്ടായി. പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേർസ് അസോസിയേഷൻ എന്നതാണ് ആശയം. സംഘടന ഔദ്യോഗികമായി നിലവിൽ വന്നശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കും. നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ ഫിലിം മേക്കേഴ്സ് ആണെന്നതാണ് കാഴ്ചപ്പാട്. സിനിമയിലെ എല്ലാ വിഭാഗങ്ങളിൽനിന്നും ഭരണസമതിയിൽ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവിൽ വന്നശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും.

വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നതു കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത ‘സംഘടനയിൽ’ ‘ഭാരവാഹികൾ’ എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിനാലാണ് ഈ അറിയിപ്പ്.’

താത്കാലിക കമ്മറ്റിക്ക് വേണ്ടി

ആഷിഖ് അബു, രാജീവ് രവി, കമൽ കെഎം, അജയൻ അടാട്ട്

logo
The Fourth
www.thefourthnews.in