ആന്തരിക സംഘർഷങ്ങളുടെ ആട്ടവും ഒരു നാട്ടിൻപുറത്തെ വെള്ളക്കയും

ആന്തരിക സംഘർഷങ്ങളുടെ ആട്ടവും ഒരു നാട്ടിൻപുറത്തെ വെള്ളക്കയും

പത്തുവർഷത്തിനു ശേഷം വീണ്ടും ഒരു മലയാളം സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നു എന്നതുകൊണ്ട് തന്നെ ആട്ടവും, ബ്രഹ്‌മാണ്ഡ സിനിമകൾ മത്സരിക്കുന്നിടത്ത് നാട്ടിൻപുറത്തെ കഥപറഞ്ഞ് വന്ന സൗദിവെള്ളക്കയും അംഗീകരിക്കപ്പെടുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാം
Updated on
2 min read

രണ്ട് മലയാളം സിനിമകളാണ് 70 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനൊപ്പം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നിവയ്ക്ക് പുരസ്കാരങ്ങൾ നേടിയ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് അതിൽ ഒന്ന്. മികച്ച സിനിമ, മികച്ച പിന്നണി ഗായിക, മികച്ച ചിത്രസംയോജനം എന്നീ പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. നാട്ടിൻപുറത്ത് ഒരു വെള്ളക്കയുണ്ടാക്കിയ പ്രശ്നങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഇടിച്ച് കയറുകയും ആ ജീവിതത്തെ പൂർണമായും ദൃശ്യമാക്കുകയും ചെയ്യുന്ന തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന സിനിമയാണ് രണ്ടാമത്തേത്. മികച്ച മലയാള സിനിമ, മികച്ച പിന്നണി ഗായിക എന്നീ പുരസ്‌കാരങ്ങളാണ് സൗദി വെള്ളക്കയ്ക്ക് ലഭിച്ചത്.

ആനന്ദ് ഏകർഷി
ആനന്ദ് ഏകർഷി

ഒരു നാടക ട്രൂപ്പിൽ ഒരു രാത്രി സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്ന സിനിമയാണ് ആട്ടം. പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നത് നടൻ വിനയ് ഫോർട്ടും നടി സരിൻ ഷിഹാബുമാണ്. സിനിമ ചലച്ചിത്ര അക്കാദമി നടത്തിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ആനന്ദ് ഏകർഷി ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ആട്ടം. വിനയ് ഫോർട്ട് ഉൾപ്പെടെ അതിൽ അഭിനയിച്ചിരിക്കുന്നവരെല്ലാവരും യാഥാർഥജീവിതത്തിലും ഒരുമിച്ച് നാടകങ്ങൾ അവതരിപ്പിക്കുന്ന നാടക സംഘത്തെ തന്നെയാണ് സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്. അതിൽ കലാഭവൻ ഷാജോണും, സരിൻ ഷിഹാബും മാത്രമാണ് പുറത്തുനിന്നുള്ള അഭിനേതാക്കൾ.

ആന്തരിക സംഘർഷങ്ങളുടെ ആട്ടവും ഒരു നാട്ടിൻപുറത്തെ വെള്ളക്കയും
ബീനയെ കണ്ട് സംവിധായകന്‍ ഫാസില്‍ റസാഖ് എഴുതിയ 'തടവ്'; മികച്ച നടിക്കുള്ള പുരസ്‌കാരം അപ്രതീക്ഷിതമെന്ന് നടി

തങ്ങൾ ഒരുമിച്ച് നാടകം ചെയ്യുന്ന എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സിനിമ ചെയ്യണം എന്ന് നടൻ വിനയ് ഫോർട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സിനിമ ആലോചിച്ചതെന്നു സംവിധായകൻ ആനന്ദ് ഏകർഷി നേരത്തെ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിനയ് ഫോർട്ട് ഒരേസമയം സിനിമയിലും നാടകത്തിലും അഭിനയിക്കുന്നത് കൊണ്ട് സിനിമയിലെ നാടക ട്രൂപ്പിന്റെ ഭാഗമായി അഭിനയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായില്ല എന്നും എന്നാൽ ബാക്കി നാടക കലാകാരന്മാരെ സിനിമയുടെ രീതികളിലേക്കെത്തിക്കുകയും, സിനിമകൾ മാത്രം ചെയ്തിട്ടുള്ള കലാഭവൻ ഷാജോണിനെ സിനിമയിലെ നാടകത്തിന്റെ ഭാഗമാക്കുകയും ബുദ്ധിമുട്ടായിരുന്നെന്നാണ് ആനന്ദ് ഏകർഷി പറഞ്ഞത്. മനുഷ്യരുടെ ആന്തരികമായ സംഘർഷങ്ങളും മൂല്യബോധവും ചർച്ചയാക്കുന്ന സിനിമ ഓരോ മനുഷ്യരും ആന്തരികമായി കണ്ടവയാണ്. സിനിമയുടെ വേഗത നിർണയിക്കുന്നത് അതിന്റെ എഡിറ്റിംഗ് ആണ് എന്നതുകൊണ്ട് തന്നെ മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്കാരവും ആട്ടത്തിനു അർഹതപ്പെട്ടത്‌ തന്നെ.

തരുൺ മൂർത്തി
തരുൺ മൂർത്തി

ചലച്ചിത്രോത്സവങ്ങളിലും തിയേറ്റർ റിലീസിന്റെ സമയത്തും പിന്നീട് ഒടിടിയിൽ വന്നപ്പോഴും പ്രേക്ഷകർ വളരെ ഗൗരവത്തോടെ കണ്ട സിനിമയാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം.

അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന സിനിമ, ഒരു ഗ്രാമപ്രദേശത്ത് നടക്കുന്ന ഒരു ചെറിയ സംഭവത്തിൽ നിന്നാരംഭിച്ച് മനുഷ്യരെ പരസ്പരമുള്ള അധികാരബന്ധങ്ങളെയും ദൗർബല്യങ്ങളെയും വരച്ചു കാണിക്കുന്നതാണ്. ഒരു സംഘം കുട്ടികൾക്കിടയിൽ നടക്കുന്ന തർക്കത്തിൽ പരുക്കുപറ്റുന്ന ആയിഷ റാവുത്തർ എന്ന ദേവി വർമ ചെയ്യുന്ന വയസായ സ്ത്രീയുടെ കഥാപാത്രത്തിന് അപകടമുണ്ടാകുന്നു. ഇതിന്മേൽ രജിസ്റ്റർ ചെയ്ത കേസിൽ വർഷങ്ങൾക്കു ശേഷം ഒരു ചെറുപ്പക്കാരന് പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടി വരികയാണ്. വർഷങ്ങൾക്കു ശേഷം ആ രണ്ടു കഥാപാത്രങ്ങളും പരസ്പരം തിരിച്ചറിയുകയായിരുന്നു.

ആന്തരിക സംഘർഷങ്ങളുടെ ആട്ടവും ഒരു നാട്ടിൻപുറത്തെ വെള്ളക്കയും
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ആട്ടം, നിത്യ മേനനും മാനസി പരേഖും നടിമാർ; ഋഷഭ് ഷെട്ടി നടൻ

കഥ പുരോഗമിക്കുമ്പോൾ ലുക്മാൻ അവറാൻ ചെയ്ത കഥാപാത്രവും ദേവി വർമ ചെയ്യുന്ന കഥാപാത്രവും തമ്മിലാണ് സിനിമയിലെ ഏറ്റവും ശക്തമായ വൈകാരിക ബന്ധമുണ്ടാകുന്നത്. വിൻസി അലോഷ്യസ്, സിദ്ധാർത്ഥ ശിവ, ബിനു പപ്പു, ശ്രിന്ദ, സുജിത് ശങ്കർ, ഗോകുലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

മനുഷ്യരെ മനസിൽ തൊടാൻ സാധിക്കുന്ന പ്രമേയമായിരുന്നു എന്നത് തന്നെയാണ് മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സൗദിവെള്ളയ്ക്കയെ തേടിയെത്തിയതിനു പിന്നിൽ. സിനിമയിലെ 'ചായും വെയിൽ' എന്ന പാട്ടിനാണ് ബോംബെ ജയശ്രീക്ക് മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. രണ്ട് പാട്ടുകളാണ് സിനിമയിലുള്ളത്. ജോബ് കുര്യന്‍ ആലപിച്ച 'പകലോ കാണാതെ' എന്ന മറ്റൊരു പാട്ടുകൂടിയുണ്ട് സിനിമയിൽ.

പത്തുവർഷത്തിനു ശേഷം വീണ്ടും ഒരു മലയാളം സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നു എന്നതുകൊണ്ടുതന്നെ ആട്ടവും, ബ്രഹ്‌മാണ്ഡ സിനിമകൾ മത്സരിക്കുന്നിടത്ത് നാട്ടിൻപുറത്തെ കഥപറഞ്ഞ് വന്ന താരതമ്യേന കുഞ്ഞു സിനിമയായ സൗദിവെള്ളക്കയും അംഗീകരിക്കപ്പെടുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാം.

logo
The Fourth
www.thefourthnews.in