വെള്ളിത്തിരയിലെ പ്രളയം, 38 വർഷം മുൻപ്

വെള്ളിത്തിരയിലെ പ്രളയം, 38 വർഷം മുൻപ്

മറ്റൊരു പ്രളയം വെള്ളിത്തിരയിൽ ഡിജിറ്റൽ തികവോടെ നിറയുമ്പോൾ പഴയ ക്ലൈമാക്സ് ഓർക്കാതിരിക്കുന്നതെങ്ങനെ?
Updated on
2 min read

ചരിത്രമായി മാറുകയാണ് ജൂഡ് ആന്റണിയുടെ "2018" എന്ന സിനിമ. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും വി എഫ് എക്സിന്റെയും തികവാർന്ന പിന്തുണയോടെ പ്രളയത്തെ അതിന്റെ എല്ലാ ഭീകരതയോടും കൂടി പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രം.

മുപ്പത്തെട്ട് വർഷം മുൻപ് തിയേറ്ററിലെ ഇരുട്ടിൽ വീർപ്പടക്കിയിരുന്ന് കണ്ട മറ്റൊരു പ്രളയം ഓർമ്മവരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ``വെള്ളം'' (1985) എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം.

ഡിജിറ്റൽ ടെക്‌നോളജിയും വി എഫ് എക്സുമൊന്നും സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന കാലത്ത് സിനിമയ്ക്ക് വേണ്ടി അതിസാഹസികമായി താൻ ചിത്രീകരിച്ച രംഗങ്ങൾ ഹരിഹരൻ എങ്ങനെ മറക്കാൻ?

കലിതുള്ളി ആർത്തലച്ചൊഴുകുന്ന പുഴ, കോരിച്ചൊരിയുന്ന മഴ, ആശങ്കയുയർത്തും വിധം കുതിച്ചുയരുന്ന ജലനിരപ്പ്, കഴുത്തറ്റം വെള്ളത്തിൽ മുങ്ങിനിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, വേരോടെ പിഴുതെറിയപ്പെടുന്ന വന്മരങ്ങൾ....പേടിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു സ്‌ക്രീൻ നിറയെ. ഡിജിറ്റൽ ടെക്‌നോളജിയും വി എഫ് എക്സുമൊന്നും സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന കാലത്ത് സിനിമയ്ക്ക് വേണ്ടി അതിസാഹസികമായി താൻ ചിത്രീകരിച്ച രംഗങ്ങൾ ഹരിഹരൻ എങ്ങനെ മറക്കാൻ?

"സിനിമ ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ല അന്ന്. അതുകൊണ്ടുതന്നെ അത്തരമൊരു ക്ലൈമാക്സ് ഷൂട്ട് ചെയ്യുക എളുപ്പമല്ല. എന്നിട്ടും കഴിയുന്നത്ര സാങ്കേതികത്തികവോടെ വെള്ളപ്പൊക്കം ചിത്രീകരിക്കാൻ എന്നെ സഹായിച്ച ഛായാഗ്രാഹകരായ മെല്ലി ഇറാനിക്കും യു രാജഗോപാലിനും നന്ദി പറഞ്ഞേ പറ്റൂ.'' -- ഹരിഹരന്റെ വാക്കുകൾ.

ശശി കപൂര്‍ നായകനായി അഭിനയിച്ച രാജ്കപൂർ ചിത്രമായ സത്യം ശിവം സുന്ദരത്തിലുമുണ്ട് ഒരു വെള്ളപ്പൊക്കം. പക്ഷേ അതിലും തികവാർന്നതായിരുന്നു 'വെള്ള'ത്തിലെ സമാന രംഗങ്ങൾ എന്ന് ശശികപൂർ പറഞ്ഞുകേട്ടപ്പോൾ അഭിമാനം തോന്നി

വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന തറവാട്ടിൽ നിന്ന് പ്രേംനസീറും കെ ആർ വിജയയും തോണിയിൽ രക്ഷപ്പെടുന്ന ദൃശ്യം മൂന്നുഘട്ടങ്ങളിലായാണ് ഹരിഹരൻ ചിത്രീകരിച്ചത്. കുറച്ചു ഭാഗം ആലുവാപ്പുഴയിൽ. ബാക്കി ഷിമോഗയിലും ചെന്നൈയിലും വെച്ച്. "ഷിമോഗ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കാലമാണ്. കുറച്ചു ഷോട്ടുകൾ അവിടെ ചെന്ന് എടുത്തു. പക്ഷെ സിംഹഭാഗവും ചിത്രീകരിച്ചത് ചെന്നൈയിൽ തന്നെ. നഗര പരിസരത്തുള്ള വണ്ടലൂരിലെ ഒരു കൂറ്റൻ സിമന്റ് ഫാക്ടറിയിൽ സെറ്റിട്ട് സൃഷ്ടിക്കുകയായിരുന്നു വെള്ളപ്പൊക്കം. വലിയൊരു തറവാടിന്റെ മാതൃകയുണ്ടാക്കി ആദ്യം. പിന്നെ ഫാക്ടറിയിൽ ലോഡ് കണക്കിന് വെള്ളം നിറച്ച് പ്രളയത്തിന്റെ പ്രതീതിയുണ്ടാക്കി. ഒറിജിനലും മിനിയേച്ചറും കൂട്ടിക്കലർത്തിയായിരുന്നു ചിത്രീകരണം. ഉദാഹരണത്തിന്, പടിപ്പുര ഒറിജിനൽ തന്നെ. പക്ഷെ പടിപ്പുരയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ദൃശ്യങ്ങൾ മിനിയേച്ചർ...''

ബോളിവുഡ് നടനും നിർമ്മാതാവുമായ ശശികപൂർ ഉൾപ്പെടെ പടം കണ്ട പലരും ഇരുപതു മിനുറ്റിലേറെ നീണ്ടുനിന്ന ഈ ക്ലൈമാക്സ് രംഗത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു എന്നോർക്കുന്നു ഹരിഹരൻ. ശശി കപൂര്‍ നായകനായി അഭിനയിച്ച രാജ്കപൂർ ചിത്രമായ സത്യം ശിവം സുന്ദരത്തിലുമുണ്ട് ഒരു വെള്ളപ്പൊക്കം. പക്ഷേ അതിലും തികവാർന്നതായിരുന്നു "വെള്ള''ത്തിലെ സമാന രംഗങ്ങൾ എന്ന് ശശികപൂർ പറഞ്ഞുകേട്ടപ്പോൾ അഭിമാനം തോന്നി.

പല കാരണങ്ങളാലും ചിത്രം ബോക്‌സാഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല. പ്രതീക്ഷിച്ചതിലും ഏറെ സമയമെടുത്താണ് പടം പൂർത്തിയാക്കിയത്

എൻ എൻ പിഷാരടിയുടെ കഥയ്ക്ക് എം ടി വാസുദേവൻ നായർ തിരക്കഥയും സംഭാഷണവുമെഴുതിയ ``വെള്ളം'' (നിർമ്മാണം: നടൻ ദേവൻ) പല കാരണങ്ങളാലും ബോക്‌സാഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല. തുടക്കം മുതൽ പ്രശ്നകലുഷിതമായിരുന്നു പടത്തിന്റെ പ്രവർത്തനങ്ങൾ. ഇടയ്ക്ക് നായികയായി ഷീലയ്ക്ക് പകരം കെ ആർ വിജയ വന്നു. പ്രതീക്ഷിച്ചതിലും ഏറെ സമയമെടുത്താണ് പടം പൂർത്തിയാക്കിയത്. വേണ്ട വിധത്തിലുള്ള പബ്ലിസിറ്റി കിട്ടാതെ പോയത് മറ്റൊരു പരാജയകാരണം.

"എങ്കിലും എന്റെ ഏറ്റവും മികച്ച ചിത്രമായി പലരും `വെള്ളം' എടുത്തുപറയുമ്പോൾ സന്തോഷം തോന്നും. അത്രയും അധ്വാനമുണ്ടായിരുന്നു ആ പടത്തിന് പിന്നിൽ.''- ഹരിഹരൻ. ഇന്ന് വെള്ളം ഓർക്കപ്പെടുന്നത് മുല്ലനേഴിയും ദേവരാജനും ചേർന്ന് സൃഷ്ടിച്ച കാവ്യഭംഗിയാർന്ന ഗാനങ്ങളുടെ പേരിലായിരിക്കാം: സൗരയൂഥ പഥത്തിലെന്നോ സംഗമപ്പൂ വിരിഞ്ഞു, കോടനാടൻ മലയില്, കണ്ണാടിക്കൂട്ടിലെ സ്വപ്‌നങ്ങൾ...

മറ്റൊരു പ്രളയം വെള്ളിത്തിരയിൽ ഡിജിറ്റൽ തികവോടെ നിറയുമ്പോൾ പഴയ ക്ലൈമാക്സ് ഓർക്കാതിരിക്കുന്നതെങ്ങനെ?

logo
The Fourth
www.thefourthnews.in