'അബ്രഹാം ഓസ്‍ലർ' ക്രിസ്മസിന്
ജയറാം പ്രധാന കഥാപാത്രത്തിലെത്തുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം അബ്രഹാം ഓസ്‍ലർ ക്രിസ്മസിനെത്തും. മിഥുൻ തന്നെയാണ് ഇക്കാര്യം ഫേസ്‍ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പം "ഓസ്‌ലർ വരുന്നു, ഈ ക്രിസ്മസിന്"എന്നാണ് സംവിധായകൻ കുറിച്ചത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ച് വരുന്ന ചിത്രമാണ് ഓസ്‌ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതിനാൽ ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. എബ്രഹാം ഓസ്‌ലർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് അബ്രഹാം ഓസ്‍ലര്‍. ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വ്യത്യസ്തമായ ലൂക്കിലാണ് ജയറാം 'അബ്രഹാം ഓസ്ലറി'ൽ എത്തുന്നത്.നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ ജയറാമിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സെക്കന്റ് ലുക്ക് പോസ്റ്ററിൽ ആൾക്കൂട്ടത്തിനും പോലീസുകാർക്കും ഇടയിലൂടെ നടന്നു വരുന്ന ജയറാമിനെയാണ് കണ്ടത്. കൊലക്കേസ് അന്വേഷണമാണ് പോലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാവും ചിത്രം പുരോഗമിക്കുക.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങൾ. റോഷാക്കിന്റെ സംഗീത സംവിധായകനായ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. കലാസംവിധാനം ഗോകുല്‍ ദാസ്.
2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലാണ് ജയറാം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അതിന് ശേഷം മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവന്റെ ഭാഗമായിട്ടുണ്ട്. അതേസമയം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ എന്ന ലീഗല്‍ ക്രൈം ത്രില്ലറാണ് മിഥുന്റെ വരാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മിഥുനാണ്.