'ഒറ്റപ്പെട്ടപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, മൊഴികള്‍ അപ്രസക്തമല്ല, സമഗ്ര അന്വേഷണം വേണം'; അമ്മ എക്‌സിക്യൂട്ടീവ് നിലപാട് തള്ളി ജഗദീഷ്

'ഒറ്റപ്പെട്ടപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, മൊഴികള്‍ അപ്രസക്തമല്ല, സമഗ്ര അന്വേഷണം വേണം'; അമ്മ എക്‌സിക്യൂട്ടീവ് നിലപാട് തള്ളി ജഗദീഷ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്ന മുഖവുരയോടെ ആയിരുന്നു ജഗദീഷ് വിഷയത്തില്‍ പ്രതികരിച്ചത്
Updated on
2 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയില്‍ ഭിന്നത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാകില്ലെന്നായരുന്നു ജഗദീഷിന്റെ പ്രതികരണം. റിപ്പോര്‍ട്ടിലെ വേട്ടക്കാരുടെ പേര് എന്തിന് ഒഴിവാക്കിയെന്നും ആരോപിതര്‍ അഗ്‌നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് തിരുവനന്തപുരത്ത് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പഴയതാണെന്ന സിദ്ധിഖ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു ജഗദീഷിന്റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്ന മുഖവുരയോടെ ആയിരുന്നു ജഗദീഷ് വിഷയത്തില്‍ പ്രതികരിച്ചത്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും സ്വാഗതാര്‍ഹമാണ്. റിപ്പോർട്ടിലെ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിഷയത്തിൽ അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് പറഞ്ഞു.

വാതിലില്‍ മുട്ടിയെന്ന് ഒരു നടി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതു ശരിയല്ല. ആ ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഭാവിയില്‍ ഈ പ്രശ്‌നം പരിഹരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞ് സംഘടനയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ആരോപണങ്ങള്‍ പഴയതാണെങ്കിലും അന്വേഷണം വേണം. ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളില്‍ പരാതിയില്ലെങ്കിലും കേസെടുത്ത് അന്വേഷണം നടത്തണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരണമെന്നും ജഗദീഷ് പ്രതികരിച്ചു. പവര്‍ ഗ്രൂപ്പ് ആലങ്കാരിക പദമാണ്, കോടികള്‍ മുടക്കി നടക്കുന്ന വ്യവസായത്തില്‍ സ്വാധീന ശക്തികളെന്ന നിലയിലായിരിക്കും ആ പരമാര്‍ശം ഉണ്ടായത്.

ആരോപണങ്ങള്‍ നേരിടുന്നവര്‍ അഗ്നിശുദ്ധിവരുത്തട്ടെ, ഹേമ കമിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവിടേണ്ടതായിരുന്നു

ആരോപണങ്ങള്‍ നേരിടുന്നവര്‍ അഗ്നിശുദ്ധിവരുത്തട്ടെ. ഹേമ കമിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവിടേണ്ടതായിരുന്നു. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പറയുന്ന പരാതികള്‍ കുറയുന്ന നിലയുണ്ടാകുമായിരുന്നുവെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല, ചോദ്യങ്ങള്‍ ഉയരേണ്ടവ തന്നെയായിരുന്നുവെന്നും ജദീഷ് പ്രതികരിച്ചു.

കൊച്ചിയില്‍ അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനോടു തികച്ചും വ്യത്യസ്തമായ നിലപാടായിരുന്നു തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട ജഗദീഷ് സ്വീകരിച്ചത്.

മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോടു പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു സിദ്ധിഖ് ഉൾപ്പെടെയുള്ളവർ കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തില്‍ സ്വകരിച്ചത്. റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയ്ക്ക് എതിരല്ലെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തണം എന്നുമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിന്റെ പ്രതികരണം.

എല്ലാവരും മോശക്കാരാണ് എന്ന് തരത്തിലുള്ള പരാമര്‍ശത്തോട് എതിര്‍പ്പുണ്ട്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ട്, പക്ഷേ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല. അത്തരം സാഹചര്യം വിഷമം ഉണ്ടാക്കുന്നു എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കണം എന്ന് സര്‍ക്കാരിനോട് താര സംഘടന ആവശ്യപ്പെടുന്നു എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടിയിരുന്നു. ജനറൽ സെക്രട്ടറി സിദ്ധിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

അറിയാത്ത കാര്യങ്ങളെക്കുറിച്ച് എങ്ങനെയാണ് പറയുകയെന്നു ചോദിച്ച ജോമോൾ, ഇന്നുവരെ സിനിമയിലെ ആരും തന്നോടു മോശമായി പെരുമാറുകയോ വാതിലിൽ മുട്ടുകയോ അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in